സ്വകാര്യബസ് പെര്‍മിറ്റുകള്‍ ദീര്‍ഘിപ്പിക്കണം
ആലപ്പുഴ : സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ കെ.എസ്.ആര്‍.ടി.സിയും റെയില്‍വേയും മത്സരിക്കുമ്പോള്‍ യാത്രാക്ലേശം ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടിവരുന്നത് ആലപ്പുഴയിലെ സാധാരണ ജനങ്ങളാണ്. പലരും ഇന്ധനവിലകള്‍ ദിനംപ്രതി കൂട്ടുന്നതുമൂലം ജീവിതഭാരം വര്‍ദ്ധിച്ച് സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിച്ച് വരുന്നു.
ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സ്വകാര്യബസുകളുടെ സര്‍വ്വീസ് പരിധികള്‍ ദീര്‍ഘിപ്പിക്കണമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകമ്മറ്റി. പുതിയ റൂട്ടുകള്‍ പുളിങ്കുന്ന്, രാമങ്കരി വരെയും നിലവിലുള്ള മണ്ണഞ്ചേരി വരെയുള്ള പെര്‍മിറ്റുകള്‍ തണ്ണീര്‍മുക്കം വരെയും, ഇരട്ടകുളങ്ങരയില്‍ നിന്നും തോട്ടപ്പള്ളി തകഴി വരെയും പരിക്ഷണാടിസ്ഥാനത്തില്‍ ദീര്‍ഘിപ്പിക്കണം. കാലഹരണപ്പെട്ട ഗതാഗതനിയമങ്ങള്‍ ജനോപകാരപ്രദമായി ഭേദഗതി ചെയ്യണം. കെ.എസ്.ആര്‍.ടി.സി സ്വകാര്യ മേഖലയില്‍ നിന്ന് പിടിച്ചെടുത്ത സര്‍വ്വീസുകള്‍ സ്വകാര്യമേഖലക്ക് മടക്കി നല്‍കണം.
ഇത് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കും. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കും. സ്വകാര്യ മേഖലയെക്കൂടി ഉള്‍പ്പെടുത്തിയുള്ള ഗതാഗത പരിഷ്‌കാരം ഇപ്പോള്‍ അനിവാര്യമായിരിക്കുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.സ്വകാര്യ ബസ് മേഖലയുടെ രക്ഷയ്ക്ക് ഡീസല്‍ പ്രതിദിന വിലയില്‍ ലിറ്ററിന് 10രൂപ കുറച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പുകള്‍ വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ കെ.ബി.ടി.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്‍, ഷാജിലാല്‍, ബാബു, റിനുമോന്‍, മുഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."