പോരാട്ടം ഇന്ത്യയെ തകര്‍ക്കാനിറങ്ങിയവരോടായിരുന്നു, പോരാട്ടത്തില്‍ ചില സമയങ്ങളില്‍ ഒറ്റക്കായി, അതില്‍ അഭിമാനിക്കുന്നു- വികാര നിര്‍ഭരമായി രാഹുലിന്റെ രാജിക്കത്ത്
മഹത്തായ മൂല്യങ്ങളും ആദര്‍ശങ്ങളുംകൊണ്ട് നമ്മുടെ സുന്ദരരാഷ്ട്രത്തിന്റെ ജീവരക്തമായി വര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു ബഹുമതിയാണ്. രാജ്യത്തോടും എന്റെ സംഘടനയോടും നന്ദിയാലും സ്‌നേഹത്താലും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍, 2019ലെ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. പുതിയൊരാള്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഭാവിവളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ്സ്ഥാനം രാജിവെക്കുന്നത്.
പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുന്നതിന് കടുത്ത തീരുമാനങ്ങള്‍ ആവശ്യമുണ്ട്. 2019ലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഒട്ടേറെപ്പേരില്‍ ആരോപിക്കാന്‍ സാധിക്കും. എന്നാല്‍, പാര്‍ട്ടി പ്രസിഡന്റ് എന്നനിലയിലുള്ള എന്റെ വീഴ്ചകളെ അവഗണിച്ചുകൊണ്ട് മറ്റുള്ളവരില്‍ കുറ്റംചുമത്തുന്നത് ശരിയല്ല.
സഹപ്രവര്‍ത്തകരില്‍ പലരും എന്നെ കോണ്‍ഗ്രസ് പ്രസിഡന്റായി തുടരാന്‍ നിര്‍ബന്ധിച്ചിരുന്നു. പാര്‍ട്ടിയെ നയിക്കുന്നത് പുതിയ ഒരാളാവണം. എന്നാല്‍, ആ വ്യക്തിയെ ഞാന്‍ തിരഞ്ഞെടുക്കുന്നത് ശരിയല്ല. മഹത്തായ ചരിത്രവും പൈതൃകവുമുള്ള ഒരു പാര്‍ട്ടിയാണ് നമ്മുടേത്. പാര്‍ട്ടിയുടെ അന്തസ്സിനെയും പോരാട്ടവീര്യത്തെയും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഇന്ത്യയുടെ നിര്‍മാണത്തില്‍ ഇഴചേര്‍ന്ന പാര്‍ട്ടിയാണിത്. ധൈര്യത്തോടെയും സ്‌നേഹത്തോടെയും വിശ്വസ്തതയോടെയും നമ്മെ നയിക്കുന്ന ഒരാളെ മികച്ച തീരുമാനത്തിലൂടെ പാര്‍ട്ടി തിരഞ്ഞെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പുതിയ പ്രസിഡന്റിനായുള്ള അന്വേഷണം ആരംഭിക്കാനുള്ള ചുമതല ഒരുകൂട്ടം ആളുകളെ ഏല്‍പ്പിക്കാനാണ് രാജിവെച്ച ഉടനെ, കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റിയിലെ സഹപ്രവര്‍ത്തകരോട് നിര്‍ദേശിച്ചത്. അങ്ങനെ ചെയ്യാന്‍ അവരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സുഗമമായ പ്രവര്‍ത്തനത്തിന് എന്റെ പരിപൂര്‍ണ പിന്തുണയുണ്ടാവുമെന്നും അറിയിച്ചുകഴിഞ്ഞു.
രാഷ്ട്രീയാധികാരത്തിനുവേണ്ടിമാത്രമുള്ള പോരാട്ടമായിരുന്നില്ല എന്റേത്. എനിക്ക് ബി.ജെ.പി.യോട് വിദ്വേഷമോ കോപമോ ഇല്ല. പക്ഷേ, ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആശയത്തെ എന്റെ ജീവന്റെ ഓരോ അണുവും ശക്തമായി എതിര്‍ക്കുന്നു. എന്റെ സ്വഭാവം ഇന്ത്യന്‍ ആശയവുമായി സമന്വയിച്ചുകിടക്കുന്നതാണ്. അതാവട്ടെ അവരുടെ ആശയവുമായി ഒരിക്കലും പൊരുത്തപ്പെടുകയുമില്ല. ഇതൊരു പുതിയ പോരാട്ടമല്ല; ആയിരക്കണക്കിനു വര്‍ഷങ്ങളായി നമ്മുടെ മണ്ണില്‍ നടന്നുവരുന്നതാണിത്.
അവര്‍ എവിടെ വ്യത്യാസങ്ങള്‍ കാണുന്നുവോ അവിടെ ഞാന്‍ സമാനതകള്‍ കാണുന്നു. അവര്‍ വിദ്വേഷം കാണുന്നിടത്ത് ഞാന്‍ സ്‌നേഹം കാണുന്നു. അവര്‍ ഭയപ്പെടുന്നതിനെ ഞാന്‍ കൈക്കൊള്ളുന്നു. കരുണാര്‍ദ്രമായ ഈ ആശയം ദശലക്ഷക്കണക്കിന് വരുന്ന എന്റെ പ്രിയപ്പെട്ട സഹപൗരന്മാരുടെ ഹൃദയത്തില്‍ കുടികൊള്ളുന്നു. ഇന്ത്യന്‍ മനസ്സുകളില്‍ തുളുമ്പുന്ന ഈ ആശയത്തെയാണ് നമ്മള്‍ ഉയര്‍ത്തികാട്ടേണ്ടത്.
രാജ്യത്തിനെതിരേയും ഭരണഘടനയ്‌ക്കെതിരേയും നടക്കുന്ന ആക്രമണം നമ്മുടെ നാടിന്റെ ഇഴയടുപ്പത്തെ നശിപ്പിക്കാന്‍ പോന്നവയാണ്. ഈ പോരാട്ടത്തില്‍നിന്ന് ഞാന്‍ പിന്നോട്ടുപോകുന്നുവെന്ന് ഒരുതരത്തിലും ഇതിന് അര്‍ഥമില്ല. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വസ്തനായ സൈനികനും ഇന്ത്യയുടെ മകനുമാണ്. എന്റെ അവസാനശ്വാസംവരെ ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യും.
മഹത്തായതും ശക്തവുമായ ഒരു തെരഞ്ഞെടുപ്പില്‍ നമ്മള്‍ പോരാടി. ഇന്ത്യയിലെ എല്ലാ ജനങ്ങളോടും സാഹോദര്യവും സഹിഷ്ണുതയും നിലനിര്‍ത്തിക്കൊണ്ട് മതങ്ങളോടും സമൂഹങ്ങളോടും ബഹുമാനത്തോടെയായിരുന്നു നമ്മുടെ പ്രചാരണം. പ്രധാനമന്ത്രിയോടും ആര്‍.എസ്.എസിനോടും അവര്‍ പിടിച്ചെടുത്ത സംവിധാനങ്ങളോടുമാണ് ഞാന്‍ വ്യക്തിപരമായി പോരാടിയത്.
കാരണം ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു.
ഇന്ത്യ കെട്ടിപ്പടുത്ത ആശയങ്ങളെ പ്രതിരോധിക്കാനായിരുന്നു ആ പോരാട്ടം. ചില സമയങ്ങളില്‍, പൂര്‍ണമായും ഒറ്റയ്ക്കുനിന്നു. അതില്‍ ഞാന്‍ അങ്ങേഅറ്റം അഭിമാനിക്കുകയും ചെയ്യുന്നു. നമ്മുടെ പാര്‍ട്ടി അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും സമര്‍പ്പണത്തില്‍നിന്നും ഉത്സാഹത്തില്‍നിന്നും ഏറെ കാര്യങ്ങള്‍ പഠിച്ചു. സ്‌നേഹത്തെയും മാന്യതയെയുംകുറിച്ച് അവര്‍ എന്നെ പഠിപ്പിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ഒരു രാജ്യത്തിന്റെ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ആവശ്യമാണ്. സ്വതന്ത്രമായ മാധ്യമ സംവിധാനം, സ്വതന്ത്രമായ ജുഡീഷ്യറി, വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ സുതാര്യമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് നീതിയുക്തമാകുകയില്ല. ഒരു പാര്‍ട്ടിക്ക് സാമ്പത്തിക സ്രോതസ്സുകളില്‍ സമ്പൂര്‍ണ്ണ കുത്തകയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് സ്വതന്ത്രമാകുകയുമില്ല.
2019 ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് യുദ്ധം ചെയ്തിട്ടില്ല. മറിച്ച്, ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളോടും ഞങ്ങള്‍ പോരാടി. അതിന്റെ എല്ലാ സ്ഥാപനങ്ങളും പ്രതിപക്ഷത്തിനെതിരെ അണിനിരന്നു. ഒരിക്കല്‍ വിലമതിച്ചിരുന്ന നമ്മുടെ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇന്ത്യയില്‍ നിലവിലില്ല എന്നത് ഇപ്പോള്‍ വ്യക്തമാണ്.
നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്ന ആര്‍.എസ.്എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു. നമ്മുടെ ജനാധിപത്യം അടിസ്ഥാനപരമായി ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇനിമുതല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്നതില്‍ നിന്ന് കേവലം ഒരു ആചാരത്തിലേക്ക് പോകുമെന്ന ഒരു യഥാര്‍ത്ഥ അപകടത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്.
ഈ അധികാരം പിടിച്ചെടുക്കല്‍ സങ്കല്പത്തിനപ്പുറത്തുള്ള അക്രമവും വേദനകളുമാണ് ഇന്ത്യക്ക് സമ്മാനിക്കുക. കൃഷിക്കാര്‍, തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍, സ്ത്രീകള്‍, ഗോത്രവര്‍ഗക്കാര്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കാന്‍ പോകുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും രാജ്യത്തിന്റെ യശസ്സിലും ഇത് പ്രതിഫലിക്കും. പ്രധാനമന്ത്രിയുടെ വിജയം അഴിമതി ആരോപണങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നില്ല. പണത്തിനും പ്രചാരണങ്ങള്‍ക്കും ഒരിക്കലും സത്യത്തിന്റെ വെളിച്ചം സ്ഥായിയായി മറയ്ക്കാന്‍ കഴിയില്ല.
ഇന്ത്യയെ നിലനിര്‍ത്തുന്ന സംവിധാനങ്ങള്‍ വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും രാഷ്ട്രം എന്ന രീതിയില്‍ നമ്മള്‍ ഒന്നിക്കണം. ഈ പുനരുജ്ജീവനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സാധിക്കണം.ഈ സുപ്രധാന ദൗത്യം നേടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമൂലമായി സ്വയം മാറ്റത്തിന് വിധേയമാകണം.
ഇന്ന് ബി.ജെ.പി. വളരെ ആസൂത്രിതമായി ഇന്ത്യന്‍ ജനതയുടെ ശബ്ദത്തെ തകര്‍ക്കുകയാണ്. ഈ ശബ്ദങ്ങളെ പ്രതിരോധിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടമയാണ്. ഇന്ത്യ ഒരിക്കലും ഏകസ്വരബദ്ധമായിരിക്കില്ല. അത് എല്ലായിപ്പോഴും വിവിധ സ്വരങ്ങളുടെ ലയമായിരിക്കും. അതാണ് ഭാരതമാതാവിന്റെ യഥാര്‍ഥ സത്ത.
എനിക്ക് കത്തുകളും പിന്തുണാസന്ദേശങ്ങളും അയച്ച സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് നന്ദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഞാന്‍ ഇനിയും ശക്തമായി തുടരും. പാര്‍ട്ടിക്ക് എന്റെ സേവനങ്ങളോ അഭിപ്രായങ്ങളോ ഉപദേശമോ ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ പാര്‍ട്ടിക്കൊപ്പമുണ്ടാവും.
കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരോട്, പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പ്രവര്‍ത്തകരോട്, മുന്നോട്ടുള്ള പോക്കില്‍ എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്, നിങ്ങളോട് അങ്ങേയറ്റം സ്‌നേഹമുണ്ട്. പാര്‍ട്ടിയുടെ ഭാവി ശോഭനമാണ്. അധികാരത്തിലിരിക്കുന്നവര്‍ അതില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കും. ആരും അധികാരത്തെ ത്യജിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ ഒരു ശീലമാണത്. എന്നാല്‍, അധികാരത്തിനായുള്ള അത്യാഗ്രഹം വെടിയാതെ നമുക്ക് ശത്രുവിനെ തോല്‍പ്പിക്കാനാവില്ല. ആഴത്തിലുള്ള പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള പോരാട്ടമാണ് സ്ഥായിയായ വിജയത്തിന് വേണ്ടത്. കോണ്‍ഗ്രസുകാരനായാണ് എന്റെ ജനനം. ഈ പാര്‍ട്ടി എല്ലായിപ്പോഴും എന്നോടൊപ്പമുണ്ട്. അത് എന്റെ ജീവരക്തമാണ്. അതുകൊണ്ടുതന്നെ അത് എന്നില്‍ എന്നും നിലനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."