നരികുത്തിയിലെ വീടുകളില്‍ ഇഴചേരുന്നത് മതേതരത്വത്തിന്റെ പൂമാലകള്‍
പാലക്കാട്: പാലക്കാട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന നരികുത്തിക്കും പറയാനുണ്ട് പൂകാരികളുടെ കഥകള്‍. പതിറ്റാണ്ടുകളായി ഇവിടത്തെ അംഗനമാരില്‍ ഇഴചേരുന്നത് മതേതരത്വത്തിന്റെ പൂമാലകളാണ്.
കാലങ്ങളായി ഇവിടത്തെ കോളനികളില്‍ ഭൂരിഭാഗം വരുന്ന മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകള്‍ പൂമാലകള്‍ കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
മതമേതായാലും മനുഷ്യരിലെ സ്‌നേഹം നിലനിര്‍ത്താന്‍ ആരാധനാലയങ്ങളിലേക്കുള്‍പ്പെടെ പൂമാലകള്‍ കൊരുക്കുന്നത് മതേതരത്വത്തിന്റെ പ്രതീകമാണ്. അമ്പലങ്ങളിലെ പൂജകള്‍ക്കാവശ്യമായ വിവിധ പൂമാലകളും മുല്ലപൂമാലകളും ഇവിടെ മുസ്‌ലിം സ്ത്രീകളുടെ കൈകളില്‍ ഒരുങ്ങുമ്പോള്‍ വിരിയുന്നത് മതേതരത്വത്തിന്റെ വര്‍ണവസന്തമാണ്. ദൈനദിന ജീവിതത്തിലെ ഒഴിവു സമയം ഉപയോഗിച്ച് പൂമാല കെട്ടല്‍ ഉപജീവനമാര്‍ഗമാക്കിയിരിക്കുകയാണ് ഇവിടുത്തെ സ്ത്രീകള്‍.
പതിറ്റാണ്ടുകളായി പാലക്കാട് നഗരത്തില്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുകിടക്കുന്ന നരികുത്തിയില്‍ ഇരുനൂറോളം വരുന്ന മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകള്‍ പൂ കെട്ടുന്ന ജോലി ഒരു വരുമാന മാര്‍ഗമായി സ്വീകരിച്ചിരിക്കുകയാണ്.
കുടുംബത്തിലെ സ്ത്രീകളെല്ലാവരും ഒരുമിച്ചിരുന്ന് ചെയ്യുന്ന ജോലി വരുമാനത്തിനൊപ്പം തന്നെ വിനോദവും സാഹോദര്യത്തിന്റെ പ്രതീകവുമാണ്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും സഹായിക്കാന്‍ ചേരുമ്പോള്‍ അതൊരു കൂട്ടായ്മയായി മാറുന്നു.
ഒഴിവുസമയം ഉപയോഗപ്പെടുത്തി സമ്പാദിക്കുന്ന തുക തങ്ങളുടെ ആവശ്യങ്ങള്‍ മറ്റൊരാളെ ആശ്രയിക്കാതെ നിറവേറ്റുന്നതിന് വളരെയധികം സഹായിക്കുന്നുണ്ടെന്ന് നരികുത്തിയില്‍ കാലങ്ങളായി ഈ സംരംഭത്തില്‍ ഏര്‍പെട്ടിരിക്കുന്ന വീട്ടമ്മയായ സക്കീന പറയുന്നു.
വീട്ടിലിരുന്ന് സ്ത്രീകള്‍ക്ക് മറ്റൊരു ചിലവുമില്ലാതെ ചെയ്യാവുന്ന ജോലികളിലൊന്നാണിത്. നരികുത്തി നിവാസികളായ സ്ത്രീകളെല്ലാവരും വളരെ ഉത്സാഹത്തോടെ ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
പൂമാലകള്‍ കെട്ടുന്നതിന് ഒരു കിലോയ്ക്ക് 50-70 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.
സാധാരണ ദിവസങ്ങളില്‍ ഒരു ദിവസം 4-5 കിലോയോളം പൂ കെട്ടുന്നതിലൂടെ പ്രതിദിനം 200 രൂപയോളം ഒരാള്‍ക്ക് സമ്പാദിക്കാനാവുന്നുണ്ടെന്ന് അവര്‍ പറയുന്നു.
ഉത്സവ-കല്യാണ സീസണുകളില്‍ പൂ കെട്ടുന്നതിന്റെ കൂടുതല്‍ ഓര്‍ഡറുകള്‍ ഉണ്ടാവുമ്പോള്‍ തിരക്കിന്റെ നിമിഷങ്ങളായിരിക്കും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പാലക്കാടിന്റെ പൂക്കാര തെരുവെന്നറിയപ്പെട്ടിരുന്ന മേട്ടുപ്പാളയം തെരുവിലെ പൂകടകളില്‍നിന്ന് തുടങ്ങിയ നരികുത്തിയിലെ അംഗനമാരുടെ പൂകെട്ടലുകള്‍ കാലങ്ങള്‍ താണ്ടുമ്പോഴും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരിമളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."