പ്രതീക്ഷയുടെ ഇഴ പിരിച്ച് പരമ്പരാഗത കയര്‍ മേഖല
കൊടുങ്ങല്ലൂര്‍: പരമ്പരാഗത കയര്‍ മേഖല പ്രതീക്ഷയുടെ ഇഴപിരിക്കുന്നു. സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന രണ്ടാം പുനഃസംഘടന ജില്ലയിലെ കയര്‍ വ്യവസായത്തിന് ഉണര്‍വേകിയിരിക്കുന്നു.
പുതിയ കയര്‍പിരി യൂനിറ്റുകളും ചകിരി നിര്‍മാണ കേന്ദ്രങ്ങളും ഈ തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. തൃശൂര്‍ ജില്ലയില്‍ കയര്‍ പ്രൊജക്ടിന് കീഴില്‍ നാല് സര്‍ക്കിള്‍ പരിധികളിലായി നിലവില്‍ 35 കയര്‍ സഹകരണ സംഘങ്ങളുണ്ട്. ഇതില്‍ 29 കയര്‍പിരി സംഘങ്ങളും അഞ്ച് യന്ത്രവല്‍കൃത ചകിരി ഉത്പ്പാദക സംഘം ഒരു മാറ്റ്‌സ്മാറ്റിങ് സംഘവുമാണ് ഉള്ളത്. ഇവയില്‍ പതിനഞ്ചെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ആറെണ്ണം പ്രവര്‍ത്തനരഹിതമാണ്. 13 സംഘങ്ങള്‍ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ഒരെണ്ണം ഇതു വരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മാസങ്ങളോളം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ചകിരി സംസ്‌കരിച്ചെടുത്താണ് കേരളത്തില്‍ കയര്‍ നിര്‍മിച്ചിരുന്നത്.
പരമ്പരാഗത രീതിയിലുള്ള ഈ കയര്‍ നിര്‍മാണം ഇല്ലാതായതോടെ ഈ വ്യവസായത്തില്‍ കേരളത്തിനുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്ന ചകിരി കേരളത്തിന്റെ കയര്‍ വ്യവസായത്തിനെ നിയന്ത്രിച്ചു തുടങ്ങിയതോടെ കയര്‍ മേഖലയ്ക്ക് ഇഴ പൊട്ടിത്തുടങ്ങി.
രണ്ടാം കയര്‍ പുനഃസംഘടനയുടെ ഭാഗമായി യന്ത്രവല്‍കൃത ചകിരി നിര്‍മാണത്തിന് ഊന്നല്‍ നല്‍കിത്തുടങ്ങുകയും സംസ്ഥാനത്ത് അഞ്ഞൂറ് ഡി.എഫ്.എല്‍ മില്ലുകള്‍ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കയര്‍ സംഘങ്ങള്‍ ഇതിനകം പത്ത് ചകിരിമില്ലുകളും സ്വകാര്യ മേഖലയില്‍ രണ്ടും കുടുംബശ്രീക്ക് കീഴില്‍ ഒരു മില്ലും സ്ഥാപിക്കാനായി. ഉദ്ഘാടനത്തിന് തയാറായ ആറ് മില്ലുകള്‍ പ്രളയത്തില്‍ മുങ്ങി കേടുപാട് സംഭവിച്ചുവെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ട്രയല്‍ റണ്‍ നടത്തിക്കഴിഞ്ഞു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 15 സംഘങ്ങള്‍ക്ക് ഓരോ വില്ലോയിങ് മെഷിനുകള്‍ വീതവും 10 ചകിരിമില്ലുകള്‍ക്ക് അഡീഷണല്‍ ക്രഷറുകള്‍, മെയിലിങ് മെഷിനുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ഇവ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ജില്ലയിലെയും സമീപ ജില്ലകളിലെയും ചകിരി ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ സംഘങ്ങളില്‍ 225 ഇലക്ട്രോണിക് റാട്ടുകള്‍ സ്ഥാപിക്കുക കൂടി ചെയ്തതോടെ കയര്‍ വ്യവസായം ആധുനികവത്ക്കരണത്തിന്റെ പുതിയ ചുവട് കൂടി വെയ്ക്കുകയാണ്.
ചകിരി ഉത്പാദമേഖലയിലേക്ക് സ്വകാര്യ സംരംഭകര്‍ കടന്നു വന്നുതുടങ്ങിയത് ഈ വ്യവസായത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പണ്ട് മടലടിയുടെയും റാട്ടിന്റെയും ശബ്ദം കേട്ടുണര്‍ന്നിരുന്ന ഗ്രാമീണ മേഖലക്ക് ഇലക്ട്രിക് മെഷിനില്‍ ചകിരി ഉത്പാദിപ്പിച്ച് കയര്‍പിരിക്കുന്ന ശബ്ദം കേട്ടുണരുന്ന നല്ല കാലം വരുമെന്ന പ്രത്യാശയിലാണ് ഈ വ്യവസായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."