വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴു
ചെറുതുരുത്തി: കേരളീയ കലയുടെ ആസ്ഥാനമായ കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ മികച്ച ഭക്ഷണത്തിന് വേണ്ടി വീണ്ടും വിദ്യാര്‍ഥി സമരം.
കാലത്ത് കുട്ടികള്‍ക്ക് നല്‍കിയ കഞ്ഞിയില്‍ പുഴുവിനെ കണ്ടതോടെ വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ കുട്ടികള്‍ കളരികള്‍ ബഹിഷ്‌കരിച്ച് കലാമണ്ഡലം ഓഫിസ് ഉപരോധിക്കുകയായിരുന്നു. സമരം ശക്തമായതോടെ വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മെസിന്റെ പ്രവര്‍ത്തനം വിദ്യാര്‍ഥി യൂനിയന്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചു.
ഇതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിക്കുകയും, സമരം പിന്‍വലിക്കുകയും ചെയ്തു. വൈകിട്ട് നടന്ന പൊതുയോഗം വൈസ് ചാന്‍സലര്‍ ഉന്നയിച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അത് പൂര്‍ണമായി ഉള്‍കൊള്ളേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു.
പകരം ഭക്ഷണം തയ്യാറാക്കുമ്പോഴും, സാധനങ്ങള്‍ വാങ്ങുമ്പോഴും മേല്‍നോട്ടം വഹിയ്ക്കാന്‍ തീരുമാനമെടുത്തു. ഇത് കലാമണ്ഡലം അധികൃതരെ അറിയിക്കുകയും അവര്‍ ഇത് അംഗീകരിയ്ക്കുകയും ചെയ്തതായി യൂണിയന്‍ ചെയര്‍മാന്‍ ജിതിന്‍ ജയമോഹന്‍, സെക്രട്ടറി കെ. ശ്രീനാഥ്, വൈസ് ചെയര്‍പേഴ്‌സണ്‍ പഞ്ചമി എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ഏഴിനും കലാമണ്ഡലത്തില്‍ സമാന സമരം നടന്നിരുന്നു.
നല്‍കുന്ന ഭക്ഷണം തീരെ ഗുണനിലവാരമില്ലാത്തതാണെന്നും, വയറ് നിറയാന്‍ മതിയായ അളവില്‍ നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു അന്ന് സമരം. ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മൂലം ഭക്ഷ്യവിഷബാധ കലയുടെ ആസ്ഥാനത്ത് നിത്യസംഭവമാണ്.
വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അവശത അനുഭവപ്പെടുന്നതും, ആശുപത്രി വാസത്തിലാകുന്നതും കലാമണ്ഡലത്തിന് സൃഷ്ടിയ്ക്കുന്ന നാണക്കേട് ചില്ലറയല്ല. നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആദ്യകാലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നത് പുറമെ നിന്നുള്ള കാറ്ററിങ് യൂനിറ്റുകളായിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കലാമണ്ഡലം നടത്തിപ്പ്ഏറ്റെടുത്തു. രണ്ട് മെസുകളും പ്രവര്‍ത്തനമാരംഭിച്ചു. ആണ്‍ കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേക മെസും ഒരുക്കി. എന്നാല്‍ ഭരണപരിഷ്‌കാര നടപടികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ രണ്ട് മെസുകളും ഒന്നാക്കി, ജീവനക്കാരെ മറ്റ് തസ്ഥികകളില്‍ നിയമിച്ചു.
മെസിന്റെ പ്രവര്‍ത്തനം കലാമണ്ഡലം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ ലേഡിസ് ഹോസ്റ്റലിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇവിടെ നിന്ന് ഓട്ടോറിക്ഷയില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുമ്പോഴേയ്ക്കും ഗുണനിലവാരം മുഴുവന്‍ നഷ്ടപ്പെടും. എങ്കിലും വിശപ്പടക്കാന്‍ വിദ്യാര്‍ഥികള്‍ ഇത് കഴിയ്ക്കുകയാണ് പതിവ്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തണമെന്നും, അളവ് കൂട്ടണമെന്നും നിരന്തരം കുട്ടികള്‍ ആവശ്യപ്പെട്ട് വരികയാണെങ്കിലും, ബധിരകര്‍ണങ്ങളിലാണ് ഇതെല്ലാം പതിയ്ക്കുന്നതെന്നും യൂനിയന്‍ നേതാക്കള്‍ക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."