ജില്ലയില്‍ രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് തുടരും
പാലക്കാട്: പാലക്കാട് ജില്ല ഉള്‍പ്പെട്ട നാല് ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് യെല്ലോ അലര്‍ട്ട് തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിഭാഗം അറിയിച്ചു. ജില്ലയില്‍ ഈ മാസം 24 മുതല്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.
64.4 മില്ലി മീറ്റര്‍ മുതല്‍ 124.4 മില്ലി മീറ്റര്‍വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയുടെ സാധ്യത മുന്‍നിര്‍ത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊലിസ്്, റവന്യു വകുപ്പുകളുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ താല്‍ക്കാലിക താമസസൗകര്യം ഒരുക്കാനും ക്വാറികളില്‍ സ്്‌ഫോടനം നടത്തുന്നത് പരിശോധനയ്ക്ക് വിധേയമാക്കി തടയാനും നിര്‍ദേശമുണ്ട്. മഴ കഴിഞ്ഞുളള 24 മണിക്കൂര്‍വരെ ക്വാറിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാണ് നിര്‍ദേശം.
ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ക്രെയിന്‍, മണ്ണുമാന്തി എന്നിവ തയ്യാറാക്കി നിര്‍ത്താന്‍ ഗതാഗത വിഭാഗത്തിനു നിര്‍ദേശമുണ്ട്. പൊതുമരാമത്ത് വകുപ്പും കെ.എസ്.ഇ.ബിയും അത്യാവശ്യഘട്ടത്തില്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ടീമിനെ തയാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മഴ സമയത്ത് വിനോദ സഞ്ചാരികള്‍ വെള്ളത്തില്‍ ഇറങ്ങുന്നതില്‍ വിലക്കുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ എന്നിവയുണ്ടായ മേഖലയിലുള്ളവര്‍ അപകടസാധ്യത മുന്നില്‍ കാണണമെന്ന് മുണ്ടൂര്‍ ഐ.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
അതേസമയം നിലവില്‍ മലമ്പുഴ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും മഴ ശക്തമായാല്‍ 30 സെന്റിമീറ്റര്‍ വരെ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും മലമ്പുഴ ഡാം ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. പത്മകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."