വയോജന പരിപാലനരംഗത്ത് ഹര്‍ഷാരവുമായി കുടുംബശ്രീ
പാലക്കാട്: ജീവിത തിരക്കിനിടയില്‍ നമ്മുടെ വീടുകളിലെ വയോജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഇനി കുടുംബശ്രീയുടെ കരുതലിന്റെ തണലിലേല്‍പ്പിക്കാം. ജീവിത ശൈലീ രോഗങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുകയും ചെയ്തുകൊണ്ട് ആരോഗ്യരംഗത്ത് സാന്ത്വനം പ്രദാനം ചെയ്യുന്ന കുടുംബശ്രീ വയോജന പരിപാലന മേഖലയിലും സജീവമാവുകയാണ്.
'ഹര്‍ഷം ജെറിയാട്രിക് കെയര്‍' പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക് അവരര്‍ഹിക്കുന്ന മാന്യവും ആനന്ദകരവുമായ പരിപാലനം ഉറപ്പുവരുത്തി ആവശ്യമായ സേവനങ്ങള്‍ വീടുകളിലോ ആശുപത്രികളിലോ ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണ, സേവനരംഗത്ത് ഹോം കെയര്‍ നഴ്‌സിങില്‍ പ്രത്യേക പരിശീലനം നേടിയ സേവന ദാതാക്കളുടെ യൂണിറ്റുകള്‍ക്ക്് പഞ്ചായത്ത് കേന്ദ്രീകരിച്ച് രൂപം നല്‍കിയിട്ടുണ്ട്.
വയോജന പരിചരണത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് ആന്‍ഡ് പ്രൊമോഷന്‍ ട്രസ്റ്റ്് എന്ന പ്രമുഖ പരിശീലന ഏജന്‍സിയുടെ നേതൃത്വത്തില്‍ മികച്ച പരിശീലനം സ്വായത്തമാക്കിയ ജെറിയാട്രിക് കെയര്‍ എക്‌സിക്യുട്ടീവുകളുടെ സേവനമാണ് പദ്ധതിയില്‍ ലഭ്യമാക്കുന്നത്.
ആശുപത്രികളിലും വീടുകളിലും എല്ലാത്തരം രോഗികള്‍ക്കും പരിചരണം, വൃദ്ധജനങ്ങളുടെയും കിടപ്പുരോഗികളുടെയും ദൈനംദിനയാവശ്യങ്ങള്‍ക്കുള്ള പരിചരണവും സഹായവും, വിദേശത്ത് വസിക്കുന്നവരുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകമായി ഡോക്ടര്‍, ആശുപത്രികള്‍ എന്നിവയെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള സേവനം എന്നിവയാണ് ഹര്‍ഷം പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന സേവനങ്ങള്‍.
24 മണിക്കൂറും സേവനം ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പൊലിസ് വെരിഫിക്കേഷന്‍, മെഡിക്കല്‍ സ്‌ക്രീനിങ് എന്നിവ പൂര്‍ത്തിയാക്കിയവരാണ് സേവനദാതാക്കള്‍. പാലക്കാട് ജില്ലയില്‍ 24 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓരോ പഞ്ചായത്തിലും കുറഞ്ഞത് മൂന്ന് ജെറിയാട്രിക് കെയര്‍ എക്‌സിക്യുട്ടീവുകളെ തയാറാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഹര്‍ഷം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈതലവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."