സംസ്ഥാന മന്ത്രിസഭകളില്‍ മുസ്‌ലിം മന്ത്രിമാരുടെ എണ്ണം അതിപരിതാപകരം; പ്രാതിനിധ്യം 3.93 ശതമാനം മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മുസ്‌ലിം മന്ത്രിസഭാംഗങ്ങളുടെ എണ്ണം അതീവ പരിതാപകരം. രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനം മുസ്‌ലിംകളാണ്. എന്നാല്‍ മന്ത്രിമാരെന്ന നിലയില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം 3.93 ശതമാനമാണ്.
ഇന്ത്യയിലെ 80 ശതമാനം മുസ്‌ലിംകളും താമസിക്കുന്ന ആകെ 10 സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലുള്ള മൊത്തം അംഗങ്ങളുടെ എണ്ണം 281 ആണ്. അതില്‍ 16 പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. മന്ത്രിസഭയില്‍ സമുദായത്തിന്റെ പ്രാതിനിധ്യം 5.7 ശതമാനം മാത്രം. ഈ 10 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന അസം, കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളിലെ മന്ത്രിസഭകളില്‍ ഒരു മുസ്‌ലിം പ്രതിനിധിയുമില്ല. അസം- 18, കര്‍ണാടക- 18, ഗുജറാത്ത്- 23 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ആകെ മന്ത്രിമാരുടെ എണ്ണമെന്നും ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലുള്ള മറ്റൊരു സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 54 അംഗ മന്ത്രിസഭയില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിം. ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി മുഹ്‌സിന്‍ റാസ. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആകെ നിര്‍ത്തിയ നാനൂറോളം സ്ഥാനാര്‍ഥികളില്‍ ഒരു മുസ്‌ലിമും ഉള്‍പ്പെട്ടിരുന്നില്ല. നിയമസഭാ കൗണ്‍സിലില്‍ നിന്നാണ് മുഹ്‌സിന്‍ റാസ മന്ത്രിസഭയിലെത്തിയത്.
ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ മുസ്‌ലിം അംഗങ്ങളാണുള്ളത്. ആകെ 11 അംഗങ്ങളാണ് ഝാര്‍ഖണ്ഡ് മന്ത്രിസഭയിലുള്ളത്. രാജസ്ഥാനില്‍ 22 അംഗ മന്ത്രിസഭയാണ്. മുസ്‌ലിം ജനസംഖ്യ കുറവുള്ള പഞ്ചാബിലും ഛത്തിസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ഓരോ മുസ്‌ലിം അംഗങ്ങളുണ്ട്. ബി.ജെ.പി ഭരണത്തിലില്ലാത്ത എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ഒരു മുസ്‌ലിം മന്ത്രിയെങ്കിലുമുണ്ട്. പശ്ചിമ ബംഗാളിലാണ് മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പ്രാതിനിധ്യം. അവിടെ 48 മന്ത്രിമാരില്‍ ഏഴു പേര്‍ മുസ്‌ലിംകളാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും കേരളവുമാണ്. മഹാരാഷ്ട്രയില്‍ 43 അംഗ മന്ത്രിസഭയില്‍ നാലു പേരും കേരളത്തില്‍ 20 അംഗ മന്ത്രിസഭയില്‍ രണ്ടു പേരുമാണ് മുസ്‌ലിംകള്‍.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള കണക്കു പരിശോധിച്ചാല്‍ ഈ സംസ്ഥാനങ്ങളില്‍ മുസ്‌ലിം മന്ത്രിയില്ലാത്ത ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമായിരുന്നു. ഈ സംസ്ഥാനങ്ങളിലെ മുസ്‌ലിം മന്ത്രിമാരുടെ എണ്ണം 2014ന് മുന്‍പ് 34 ആയിരുന്നു. ഇന്ത്യയില്‍ ആകെയെടുത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുസ്‌ലിം എം.എല്‍.എ മാത്രമാണ് ബി.ജെ.പിക്കുള്ളത്, അസമിലെ സോനായിലെ അമിനുല്‍ ഹഖ് ലസ്‌കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."