ധനകാര്യ ബില്‍ നിയമസഭ പാസാക്കി
ബ്ലേഡ് ബാങ്കുകാര്‍ക്ക് രണ്ടു ശതമാനം കൈകാര്യച്ചെലവ് ഈടാക്കാം
മുദ്രപത്രവില ക്രമക്കേട്; നോട്ടിസിനുള്ള കാലാവധി
10 വര്‍ഷമാക്കി
തിരുവനന്തപുരം: കേരള മണി ലെന്‍ഡേഴ്‌സ് ആക്ടിനു കീഴില്‍ വരുന്ന ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇടപാടുകാരില്‍നിന്ന് രണ്ട് ശതമാനം കൈകാര്യച്ചെലവ് (പ്രൊസസിങ് ഫീസ്) ഈടാക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതിയോടെ കേരള ധനകാര്യബില്‍ നിയമസഭ പാസാക്കി. മുദ്രപത്ര വില കുറച്ചു കാണിച്ചിട്ടുള്ള ആധാര രജിസ്‌ട്രേഷന്‍ കേസുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിക്ക് നോട്ടിസ് നല്‍കാന്‍ കഴിയുന്ന കാലാവധി 10 വര്‍ഷമായി നിജപ്പെടുത്തിയും ബില്ലില്‍ ഭേദഗതിയുണ്ട്.
എന്നാല്‍ ഈ കാലാവധി ഒരു വര്‍ഷമായി ചുരുക്കണമെന്ന ആവശ്യം പ്രതിപക്ഷത്ത് നിന്നുണ്ടായി. ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്നും അവര്‍ക്കെതിരേ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഞ്ചു ശതമാനംവരെ സേവന നികുതി ഏര്‍പ്പെടുത്തിയിട്ടുള്ള സേവനങ്ങളെ പ്രളയ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ശതമാനം സെസ് നിര്‍ദേശമുണ്ടായിരുന്ന ഹോട്ടല്‍ ഭക്ഷണം, ശീതീകരിച്ച ബസ്, ട്രെയിന്‍ യാത്രാകൂലി തുടങ്ങിയ സേവനങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.
ബജറ്റില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണം കടം കൊടുക്കുന്നതിന് പരമാവധി 18 ശതമാനം പലിശയെ ഈടാക്കാവൂവെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ ധനകാര്യ സ്ഥാപനങ്ങള്‍ രംഗത്തുവന്നതോടെയാണ് ജനങ്ങളെ പിഴിയാന്‍ ധനകാര്യബില്ലില്‍ ഭേദഗതി കൊണ്ടുവന്നത്. ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന ഭേദഗതി പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണ് പാസാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം വിനോദ നികുതി പിരിക്കാമെന്ന ബില്ലിലെ വ്യവസ്ഥ 10 ശതമാനം വരെ എന്ന മാറ്റത്തോടെയാണ് പാസാക്കിയത്. 10 ശതമാനം എന്ന ക്ലിപ്ത വ്യവസ്ഥയിലാണ് മാറ്റം.
നിലവിലെ നികുതി നിര്‍ണയ മാനദണ്ഡങ്ങള്‍ ആഡംബര നികുതിക്കും ബാധകമാക്കി. രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ തമ്മിലുള്ള വ്യാപാരത്തില്‍ സ്വകാര്യ ആവശ്യത്തിനുള്ള ചരക്കിന് പ്രളയ സെസ് ബാധകമാകും. അടയ്ക്കാ വ്യാപാരികളുടെ നികുതി കുടിശികയ്ക്ക് 2018-19ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടി. 21നെതിരേ 77 വോട്ടുകള്‍ക്കാണ് നിയമസഭ ധനകാര്യ ബില്‍ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."