സഊദിയിൽ അഴിമതിക്കേസുകളിൽ പ്രതിരോധ മന്ത്രാലയം, ഗവൺമെൻറ് ഉദ്യോഗസ്ഥരടക്കം 226 പേർ അറസ്‌റ്റിൽ
റിയാദ്: സഊദിയിൽ അഴിമതിക്കേസുകളിൽ വീണ്ടും അറസ്‌റ്റ്. പ്രതിരോധ മന്ത്രാലയം, ഗവൺമെൻറ് ഉദ്യോഗസ്ഥരടക്കം 226 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. 158 കേസുകളിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് സഊദി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അറിയിച്ചു. പൊതു ഫണ്ടുകൾ കൊള്ളയടിക്കുകയും പൊതു കാര്യാലയത്തിന്റെ സ്വാധീനം അനധികൃത സാമ്പത്തിക നേട്ടത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായാണ് അധിക കേസുകളിലും കണ്ടെത്തിയതെന്ന് നസാഹ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
ആദ്യ കേസിൽ പ്രതിരോധ മന്ത്രാലയത്തിലെ 19 ഉദ്യോഗസ്ഥരടക്കം 48 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. കൂടാതെ, മൂന്ന് ഗവണ്മെന്റ് ഉദ്യോഗസ്ഥരും 18 ബിസിനസുകാരും എട്ട് സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരും അറസ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 1.2 ബില്യൺ ഡോളറിൽ (327 മില്യൺ ഡോളർ) അധികം പണം പിടികൂടുകയും ചെയ്‌തു. പണം പൊതു ഖജനാവിലേക്ക് കണ്ടു കെട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയെന്നും നസാഹ അറിയിച്ചു.
മറ്റൊരു കേസിൽ ഒരു മുനിസിപ്പാലിറ്റിയിലെ ക്വളിറ്റി മാനേജ്‌മെന്റ് ഡയറക്‌ടറും അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരുമാണ് പിടിയിലായത്. മുനിസിപ്പാലിറ്റി കരാറുകാരന് 170 ദശലക്ഷം റിയാലിന് (453 ദശലക്ഷം ഡോളർ) നിരവധി പ്രോജക്ടുകൾ നൽകിയ കേസിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇടപാടിൽ പ്രതികൾക്ക് 23.2 ദശലക്ഷം റിയാൽ (6.2 ദശലക്ഷം ഡോളർ) ലഭിച്ചതായാണ് റിപ്പോർട്ട്.
ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഒരു കേസിൽ അറസ്‌റ്റിലായത്. സാമ്പത്തിക ക്രമക്കേടുകൾ അവഗണിക്കുന്നതിന് പകരമായി കൈക്കൂലിയായി ഒരു ലക്ഷം റിയാൽ (26,663 ഡോളർ) സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് അറസ്‌റ്റ്. നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കോൺട്രാക്റ്റിംഗ് കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെയും റിട്ടയേർഡ് മേജർ ജനറലിന്റെയും ഒരു കേസിൽ അറസ്റ്റ് ചെയ്‌തു. കമ്പനി ജീവനക്കാരിൽ നിന്ന് പണത്തിന്റെയും ചെക്കിന്റെയും രൂപത്തിൽ പ്രത്യേക പേയ്‌മെന്റുകളായി 8.2 ദശലക്ഷം റിയാൽ (2.18 ദശലക്ഷം ഡോളർ) സ്വീകരിച്ചതായാണ് ഇവർക്കെതിരെയുള്ള ആരോപണം.
ആരോഗ്യ മേഖലയിലെ കോൺട്രാക്ട്സ് ആൻഡ് പ്രോക്യുയർമെൻറ് ഡയറക്‌ടറും അറസ്‌റ്റ് ചെയ്യപ്പെട്ടവിൽ ഉൾപ്പെടും. വിവരങ്ങളിൽ കൃത്രിമം കാണിക്കുന്നതിനായി ആർക്കൈവ്സ് വകുപ്പ് ഉദ്യോഗസ്ഥന് 70,000 റിയാൽ കൈക്കൂലി നൽകിയതായാണ് കേസ്. വിദ്യഭ്യാസ മന്ത്രാലയത്തിലെ വനിത ഉദ്യോഗസ്ഥയെയും കൈക്കൂലിക്കേസിൽ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സ്വദേശി വനിതക്ക് തൊഴിൽ നേടിക്കൊടുക്കാമെന്ന് കാണിച്ച് യുവതിയിൽ നിന്നും ഇരുപതിനായിരം റിയാൽ കൈപ്പറ്റുന്ന വേളയിൽ കയ്യോടെ പിടികൂടുകയായിരുന്നു.
വ്യക്തിപരമായ നേട്ടത്തിനായും, സാധ്യമായ ഏതെങ്കിലും വിധത്തിൽ പൊതുതാൽപര്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ഓഫീസുകളെ ചൂഷണം ചെയ്യുന്നവർക്കെതിരെയുമുള്ള ശക്തമായ നടപടി തുടരുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) മുന്നറിയിപ്പ് നൽകി. 2016 ൽ പ്രഖ്യാപിച്ച സഊദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് അഴിമതി വിരുദ്ധ അതോറിറ്റി രാജ്യത്ത് നിലവിൽ വന്നത്. ഇതിനു പിന്നാലെ തന്നെ രാജ്യത്തെ ഉന്നതരെ തന്നെ പിടികൂടിയത് ഏറെ ചർച്ചയായിരുന്നു. അഴിമതി മുക്ത രാജ്യമാണ് അതോറിറ്റിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."