ആംബുലന്‍സ് പൊട്ടിത്തെറിച്ച സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
മൂവാറ്റുപുഴ: ആറൂരില്‍ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് തീപടര്‍ന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെ സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
ആലുവയില്‍ നിന്നുമെത്തിയ ഫോറന്‍സിക് സംഘമാണ് പരിശോധന നടത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീ ഓക്‌സിജനിലേക്ക് പടര്‍ന്നാണ് തീ ആളിപടരാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഏറ്റുമാനൂര്‍ കട്ടച്ചിറ വരകാലായില്‍ വി.ജെ.ജയിംസ്(72) ജയിംസിന്റെ മകളും തിരുവനന്തപുരം കേശവദാസപുരം മഞ്ഞാക്കല്‍ ഷാജിയുടെ ഭാര്യയുമായ അമ്പിളി(40)എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ അടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ ആറൂരില്‍ വച്ച് വാഹനത്തില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി പുറകിലെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചങ്കിലും ലോക്കായതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല.
ആംബുലന്‍സിന്റെ പുറകിലുണ്ടായിരുന്ന ജയിംസും അംബിളിയും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്നാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഹോംനഴ്‌സ് ലക്ഷ്മി, ജയിംസിന്റെ മകന്റെ ഭാര്യ ജോയിസി എന്നിവര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ മുവാറ്റുപുഴ ആര്‍.ഡി.ഒ, ഡിവൈ.എസ്.പി, സി.ഐ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."