കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി കയറാനും ഇറങ്ങാനും വെവ്വേറെ വഴികള്‍
കോഴിക്കോട്: സുരക്ഷയുടെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് ഇറങ്ങാനും വെവ്വേറെ വഴികള്‍ ഏര്‍പ്പെടുത്തി. പ്രധാന കവാടമായ ഒന്നാം പ്ലാറ്റ്‌ഫോമിലാണ് പുതിയ ക്രമീകരണം. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്നവര്‍ വടക്കുഭാഗത്തുള്ള ടിക്കറ്റ് കൗണ്ടറിനു സമീപത്തുള്ള കവാടത്തിലൂടെ കടക്കണം. പുറത്തേക്ക് പോകുന്നവര്‍ തെക്ക് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ ഭാഗത്തുകൂടിയുള്ള വഴിയിലൂടെ വേണം പോകാന്‍. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്നവര്‍ ഡോര്‍ ഫ്രയിം മെറ്റല്‍ ഡിറ്റക്ടറുകളിലൂടെ തന്നെ കടന്നുപോകണം. ഡിറ്റക്ടര്‍ പരിശോധനയില്ലാതെ സ്റ്റേഷന് അകത്ത് പ്രവേശിക്കുന്നത് കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. പ്രവേശന കവാടത്തില്‍ ആര്‍.പി.എഫിന്റെ കാവലുമുണ്ട്.
റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ രണ്ടു പ്രവേശന കവാടത്തിലും നാലാം പ്ലാറ്റ്‌ഫോമിലെ പ്രവേശന കവാടത്തിലും പരിശോധനയ്ക്കായി വാതിലില്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകളുണ്ടെങ്കിലും യാത്രക്കാര്‍ ഇതിലൂടെ കടന്നുപോകാന്‍ പലപ്പോഴും തയാറായിരുന്നില്ല. ബാഗുകള്‍ പരിശോധിക്കാന്‍ സ്‌കാനറുകള്‍ ഉണ്ടെങ്കിലും ഇതും ഉപയോഗിച്ചിരുന്നില്ല. കര്‍ശനസുരക്ഷാ നിര്‍ദേശങ്ങള്‍ വരുമ്പോള്‍ മാത്രമായിരുന്നു ഈ പരിശോധനകള്‍ നടന്നിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിച്ച് സ്റ്റേഷനില്‍ കര്‍ശന സുരക്ഷ ഉറപ്പുവരുത്താനാണ് തീരുമാനം. അതേസമയം സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമില്‍ ഒരേ പ്രവേശന കവാടകത്തില്‍ കൂടിയാണ് യാത്രക്കാര്‍ കയറുന്നതും പുറത്തിറങ്ങുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."