കെ.പി.സി.സി നടപടിക്കെതിരേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിക്ക് കാരണക്കാരെന്ന് കെ.വി തോമസ് സമിതി കണ്ടെത്തിയ പ്രമുഖര്‍ക്ക് സംരക്ഷണ കവചമൊരുക്കി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട കെ.പി.സി.സി നടപടിക്കെതിരേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനം പോയ നേതാക്കളുടെ പ്രതിഷേധം അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിക്ക് പിന്നാലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട നടപടിക്കെതിരേയാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 'ബി' ടീമായി പ്രവര്‍ത്തിച്ച നേതാക്കളെ തൊടാതെ തങ്ങളെ മാത്രം ബലിയാടാക്കിയതിനെതിരേ പ്രതിഷേധവുമായി ചേര്‍ത്തല, വയലാര്‍ ബ്ലോക്കില്‍ സ്ഥാനം പോയവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. കെ.വി തോമസ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റികളെയാണ് കെ.പി.സി.സി അധ്യക്ഷന്‍ പിരിച്ചുവിട്ടത്.
തോല്‍വിക്ക് കാരണക്കാരായ നേതാക്കളെ രക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കിയെന്നാണ് ഇവരുടെ പരാതി. നടപടി എടുക്കും മുന്‍പ് വിശദീകരണം ചോദിക്കാനുള്ള ജനാധിപത്യ മര്യാദ പോലും കെ.പി.സി.സി അധ്യക്ഷന്‍ കാട്ടിയില്ലെന്ന് ചേര്‍ത്തല ബ്ലോക്ക് പ്രസിഡന്റായിരുന്ന സി.വി തോമസ് പരസ്യമായി കുറ്റപ്പെടുത്തി. ചേര്‍ത്തലയിലെ രണ്ടു ബ്ലോക്കുകളിലുമായി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ നിരവധിയുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരടക്കമുള്ള ഈ നേതാക്കള്‍ക്കെതിരേ നടപടിയില്ലെന്നതും പ്രതിഷേധം ശക്തമാകാന്‍ കാരണമായി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ കോണ്‍ഗ്രസ് നേതാക്കളായ ചിലര്‍ ചേര്‍ത്തലയില്‍ വെള്ളാപ്പള്ളി നടേശന്റെ ബി ടീമായി പ്രവര്‍ത്തിച്ചതായി സി.വി തോമസ് വ്യക്തമാക്കുന്നു. ഇക്കാര്യം തെളിവുകളോടെ തന്നെ കെ.വി തോമസ് സമിതിയെ അറിയിച്ചതാണ്. ഇക്കാര്യത്തിലൊന്നും നടപടിയുണ്ടായില്ലെന്ന് സി.വി തോമസ് പറയുന്നു. എന്നാല്‍, ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരേ കെ.പി.സി.സി നടപടി വന്നതിന് പിന്നാലെയും കമ്മിറ്റികളും പ്രവര്‍ത്തകരും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു എന്ന് തന്നെയാണ് ഡി.സി.സിയുടെ അഭിപ്രായം.
ഡി.സി.സി പ്രസിഡന്റ് എം. ലിജു ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന ശുപാര്‍ശ കെ.വി തോമസ് സമിതി കെ.പി.സി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കൂടെ തോല്‍വിയുടെ ഉത്തരവാദികളെന്ന നിലയില്‍ റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞ പ്രമുഖ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് കെ.പി.സി.സി അധ്യക്ഷന്‍ സ്വീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.
ഡി.സി.സിയില്‍ തന്നെ നൂറിലേറെ ഭാരവാഹികളുണ്ട്. ചേര്‍ത്തല ബ്ലോക്കില്‍നിന്നു മാത്രം ഏഴ് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരും ഖജാന്‍ജിയുമുണ്ട്. ഇതിനു പുറമേയാണ് കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെട്ട നേതൃത്വപട. ചേര്‍ത്തലയില്‍ മുന്‍പ് നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന കെ.പി.സി.സി നേതാവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഗുരുതരമായ അലംഭാവം കാട്ടിയതായി സമിതിക്കു മുന്നില്‍ പരാതി എത്തിയിരുന്നു.
എന്‍.എസ്.യു മുന്‍ ദേശീയ സെക്രട്ടറി എസ്.ശരത് മത്സരിച്ചപ്പോഴും ഈ നേതാവിന്റെ നേതൃത്വത്തില്‍ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അന്നും നടപടികളൊന്നും ഉണ്ടായില്ല. കണ്ണില്‍ പൊടിയിട്ടു പരാജയത്തിന്റെ പാപഭാരത്തില്‍നിന്നും നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് കെ.പി.സി.സി നേതൃത്വം നടത്തിയതെന്ന് പിരിച്ചുവിടപ്പെട്ട ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കുന്നു. കമ്മിറ്റികള്‍ പിരിച്ചുവിട്ടതിനെതിരേ പ്രതിഷേധം ശക്തമാകുന്നത് കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്. അരൂര്‍ ഉപതെരഞ്ഞെടുപ്പിനെ പ്രതിഷേധം ബാധിക്കുമോയെന്നതാണ് നേതാക്കളുടെ ആശങ്കക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."