'ലൗ ജിഹാദും' മാധ്യമ കാപട്യവും
ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകനായ ബില്ലി പെരിഗോ ഹിന്ദു വിരോധിയോ മുസ്‌ലിം പക്ഷപാതിയോ അല്ല. ഇന്ത്യയെ ഇകഴ്ത്തിക്കാണിക്കണമെന്ന പക്ഷക്കാരനുമല്ല. ലോകപ്രശസ്തമായ ടൈം മാഗസിനും മാധ്യമസദാചാരത്തിന്റെ കാര്യത്തിലും വിശ്വാസ്യതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. ആ ടൈം മാഗസിനില്‍ ബില്ലി പെരിഗോ എഴുതിയ ലേഖനത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇന്ത്യയില്‍ അടുത്തിടെ അതിരൂക്ഷമാക്കി അവതരിപ്പിക്കപ്പെടുന്ന വിഷയമാണല്ലോ 'ലൗ ജിഹാദ്'. ലൗ ജിഹാദ് എന്ന പേരില്‍ ആരോപിക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ ഇതരമതക്കാരായ യുവതികളെ വിവാഹം കഴിക്കുന്ന അവസ്ഥയ്‌ക്കെതിരേ നിയമം കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും. ഉത്തര്‍പ്രദേശിലെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. ഹരിയാനയും കര്‍ണാടകയുമെല്ലാം ആ വഴിക്കു നീങ്ങിക്കഴിഞ്ഞു.
മുസ്‌ലിം ചെറുപ്പക്കാരന്‍ ഇതരമതക്കാരിയായ യുവതിയെ വിവാഹം കഴിക്കുകയും ആ യുവതി മതം മാറുകയും ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. യുവതി പട്ടികജാതിക്കാരിയോ പട്ടിക വര്‍ഗക്കാരിയോ ആണെങ്കില്‍ തടവ് പത്തുവര്‍ഷമാകും. ഒത്താശ ചെയ്യുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ശിക്ഷ ഉറപ്പ്.
ഇന്ത്യയിലെ ഏതൊരു പൗരനും സ്വന്തം താല്‍പ്പര്യപ്രകാരം ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന നല്‍കുന്നുണ്ട്. തന്റെ ഇഷ്ടപ്രകാരം മതം മാറാനും ഭരണഘടനപ്രകാരം അവകാശമുണ്ട്. മതം പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിവാഹത്തിന്റെ കാര്യത്തിലും ഇതേ അവകാശം പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഉണ്ട്.
ഇനി ഭരണഘടനയില്‍ വിശ്വാസമില്ല, ആര്‍ഷഭാരത പാരമ്പര്യത്തിലാണ് വിശ്വാസമെന്നു പറയുന്നതെങ്കിലും അതിലും ഇപ്പറഞ്ഞതിന് വേണ്ടത്ര ഉദാഹരണങ്ങളുണ്ടല്ലോ. ആര്യന്മാരുടെ ചാതുര്‍വര്‍ണ്യമതവും ജൈനമതവും ബുദ്ധമതവും സിക്കു മതവും ക്രിസ്തുമതവും ഇസ്‌ലാമും എല്ലാം ഇവിടെ പ്രചരിച്ചത് പുതുതായി ആളുകളെ ഇറക്കുമതി ചെയ്തുകൊണ്ടല്ല, തദ്ദേശീയരില്‍ മതപ്രചാരണം നടത്തിക്കൊണ്ടാണ്. നിരീശ്വരവാദികളായ ചാര്‍വാകന്മാരെ മഹര്‍ഷികളായി ആദരിച്ച നാടാണിത്. അംഗീകരിക്കപ്പെട്ട വിവാഹരീതികളില്‍ ഒന്നായിരുന്നു സ്വന്തം ഇഷ്ടപ്രകാരം ചടങ്ങുകളൊന്നുമില്ലാതെ നടത്തുന്ന ഗാന്ധര്‍വം. അവിടെ ജാതിയും മതവും നോക്കിയിരുന്നില്ല.
അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ക്രൂരമായ രാഷ്ട്രീയനീക്കമാണ് ലൗ ജിഹാദ് എന്ന പേരില്‍ സംഘ്പരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടുവ്യക്തികള്‍ തമ്മിലുള്ള, ഭരണഘടന അനുവദിച്ച ബന്ധത്തെ, കരിനിയമത്തിലൂടെ ചെറുക്കലാണത്. അങ്ങനെ നിയമം കൊണ്ടുവരുന്നതിനെതിരേ ഇന്ത്യയിലെ, പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ പോലും മാധ്യമങ്ങള്‍ എതിര്‍ത്തു കണ്ടില്ല. യു.പിയും മധ്യപ്രദേശുമൊക്കെ ഈ നിയമം പ്രഖ്യാപിച്ചപ്പോള്‍ പലതിലും വാര്‍ത്തയേ ആയില്ല. മിക്കതിലും കൗതുക വാര്‍ത്ത മാത്രമായിരുന്നു.
അതുപോകട്ടെ, ലോകപ്രശസ്തമായ ടൈം മാഗസിനില്‍ ഈ ലേഖനം വന്നപ്പോഴെങ്കിലും ഗൗരവപൂര്‍വം വാര്‍ത്തയാക്കേണ്ടതായിരുന്നില്ലേ. അതുമുണ്ടായില്ല. ചിലതില്‍ വന്നു. ഭൂതക്കണ്ണാടി വച്ചു കണ്ടുപിടിക്കേണ്ട വിധം.
ടൈം മാഗസിനിലെ വിമര്‍ശനം ഇങ്ങനെയാണ്: ലൗ ജിഹാദ് വിവാദം മുസ്‌ലിം വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതരമതവിശ്വാസികളില്‍ മുസ്‌ലിം ഭീതി വളര്‍ത്താന്‍ വേണ്ടിയാണ് ആ ആരോപണം ഉയര്‍ത്തുന്നത്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിക്കുന്നത് ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കുറയ്ക്കാനാണെന്ന പ്രചാരണമാണ് ഹിന്ദുവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നു മുതല്‍ ഇതു തുടങ്ങിയെന്നും ടൈം വ്യക്തമായി പറയുന്നുണ്ട്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതു മുതല്‍ ആരംഭിച്ചതാണിത്. ലൗ ജിഹാദ് ആരോപണത്തില്‍ മാത്രം ഈ ഗൂഢാലോചന ഒതുങ്ങി നില്‍ക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. നിരവധി മുസ്‌ലിംവിരുദ്ധ നിയമങ്ങള്‍ മോദി അധികാരത്തിലേറിയതു മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വര്‍ഗീയവിഷം വമിപ്പിക്കുന്ന പ്രസംഗവും ടൈം ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ഞങ്ങളുടെ മക്കളുടെയും സഹോദരിമാരുടെയും അഭിമാനം കൊണ്ടു കളിക്കാന്‍ ശ്രമിക്കുന്നവരോടു പറയാനുള്ളത് നിങ്ങളുടെ അവസാനയാത്രയുടെ തുടക്കമാണിത് എന്നാണ്.
ഹരിയാനയില്‍ മുസ്‌ലിം യുവാവിന്റെ വിവാഹാഭ്യര്‍ഥന തള്ളിയ ഹിന്ദു വിദ്യാര്‍ഥിനിയെ മുസ്‌ലിം യുവാവ് കഴിഞ്ഞ ഒക്ടോബര്‍ 28 ന് പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ നടുറോട്ടില്‍ വെടിവച്ചുകൊന്നതു പോലുള്ള സംഭവങ്ങളുടെ ചുവടുപിടിച്ചാണ് അന്യമതവിവാഹത്തിനെതിരേ നിയമം കൊണ്ടുവരുന്നത്. അന്യമതക്കാരനെ വിവാഹംകഴിക്കാന്‍ വിസമ്മതിച്ച ബിഹാറിലെ മുസ്‌ലിം യുവതിയെ ചുട്ടുകൊന്ന സംഭവവും ഒരാഴ്ച മുന്‍പുണ്ടായി.
തീര്‍ച്ചയായും മാതൃകാപരമായ ശിക്ഷ അത്തരം ക്രൂരത ചെയ്ത നരാധമന്മാര്‍ക്കു നല്‍കുക തന്നെ വേണം. അതു ജാതിയും മതവും നോക്കി നടപ്പാക്കേണ്ട ശിക്ഷയല്ല. നരാധമന്മാരാണ് അവര്‍. അതിനര്‍ഥം ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ക്കെതിരേ കരിനിയമം കൊണ്ടുവരണമെന്നല്ല.
ദിവസങ്ങള്‍ക്കു മുമ്പ് അലഹബാദ് ഹൈക്കോടതിയിലെയും ഡല്‍ഹി ഹൈക്കോടതിയിലെയും ഡിവിഷന്‍ ബെഞ്ചുകള്‍ നടത്തിയ ഉത്തരവുകള്‍ ശ്രദ്ധിക്കുക:
ജാതിയോ മതമോ നോക്കാതെ ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും പൗരന്മാരുടെ മൗലികാവകാശമാണ്. മറ്റു വ്യക്തികള്‍ക്കോ കുടുംബത്തിനോ ഭരണകൂടത്തിനോ അതിനെ എതിര്‍ക്കാനാവില്ല എന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ്.
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് തനിക്ക് ഇഷ്ടമുള്ള ആരുടെയും കൂടെ ജാതിയും മതവും നോക്കാതെ എവിടെയും ജീവിക്കാന്‍ അവകാശമുണ്ട് എന്നാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.
അതു തന്നെയാണ് ആര്‍ഷഭാരത പാരമ്പര്യവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."