റോഹിംഗ്യകളുടെ മടക്കം വൈകിപ്പിക്കാന്‍ മ്യാന്‍മര്‍ ശ്രമിക്കുന്നു: ശൈഖ് ഹസീന
ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ മടക്കം വൈകിപ്പിക്കാന്‍ മ്യാന്‍മര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. ബംഗ്ലാദേശില്‍ നിലവില്‍ ജനപ്പെരുപ്പമുണ്ടെന്നും അതിനാല്‍ അഭയാര്‍ഥികളെ സ്ഥിരമായ രാജ്യത്ത് താമസിപ്പിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. യു.എന്‍ പൊതു സമ്മേളനത്തില്‍ യു.എസിലെത്തിയ ഹസീന വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
നിലവില്‍ രാജ്യത്ത് 160 മില്യന്‍ ജനങ്ങളുണ്ട്. തന്റെ രാജ്യത്തിന് അവരെ കൂടി താങ്ങാന്‍ കഴിയില്ല. അഭയാര്‍ഥി വിഷയത്തില്‍ മ്യാന്‍മറുമായി കലഹത്തിനില്ല. മ്യാന്‍മറില്‍ അധികാരം നിയന്ത്രിക്കുന്നത് സൈന്യമാണ്.
പുനരധിവാസവുമായി ബന്ധപ്പെട്ടു എല്ലാ കാര്യങ്ങളും അവര്‍ അംഗീകരിച്ചിരുന്നു അത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നതാണ് പ്രശ്‌നമെന്ന് ഹസീന കുറ്റപ്പെടുത്തി. അഭയാര്‍ഥികള്‍ക്കായി സ്ഥിരമായുള്ള താമസ സൗകര്യമൊരുക്കാന്‍ സാധ്യമല്ല. മ്യാന്‍മര്‍ പൗരന്മാരായിരിക്കുന്ന കാലത്തോളം അവര്‍ മടങ്ങിപ്പോവണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മ്യാന്‍മര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ റോഹിംഗ്യകള്‍ക്കെതിരേയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഏഴ് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് ആക്രമണമുണ്ടായത്.
റോഹിംഗ്യകളുടെ മടക്കം സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്‍മറും കഴിഞ്ഞ വര്‍ഷം നവംബറില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ റോഹിംഗ്യകളുടെ മടക്കം ഇതുവരെ പ്രബല്യത്തില്‍ വന്നിട്ടില്ല. ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളുടെ പ്രവാഹം ഇപ്പോഴും തുടരുകയാണ്. അഭയാര്‍ഥികള്‍ക്കായുള്ള താല്‍ക്കാലിക കേന്ദ്രങ്ങള്‍ തയാറക്കിയെന്നും അവരെ സ്വീകരിക്കാന്‍ തയാറാണെന്നും മ്യാന്‍മര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ഇതിനായുള്ള ഔദ്യോഗിക രൂപം നല്‍കുന്നില്ലെന്ന് മ്യാന്‍മര്‍ ആരോപിച്ചു.
എന്നാല്‍ ആരോപണം നിഷേധിച്ച ബംഗ്ലാദേശ് അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തണമെന്നാണ് ആവശ്യപ്പെട്ടത്.
റാഖൈന്‍ പ്രദേശത്തുകാരായ റോഹിംഗ്യകളെ പൗരന്മാരായി അംഗീകരിക്കാന്‍ മ്യാന്മര്‍ തയാറായില്ല. അവര്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്നാണ് സര്‍ക്കാരിന്റെ വാദം. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുണ്ടായ ആക്രമണങ്ങള്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ആസൂത്രണത്തോടെയും സഹകരണത്തോടെയും നടന്നതാണെന്ന റിപ്പോര്‍ട്ട് യു.എസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് റോഹിംഗ്യകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
എന്നാല്‍ റോഹിംഗ്യന്‍ വിഷയം ആഭ്യന്തരമാണെന്നും ഇതില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ ഇടപെടരുതെന്നും മ്യാന്‍മര്‍ സൈനിക തലവന്‍ മിന്‍ ആങ് ഹ്ലാങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."