കണ്ണീരിന്റെ കണ്ണൂര്‍
അക്രമരാഷട്രീയത്തിന്റെ കേന്ദ്രമെന്ന വിശേഷണത്തില്‍ കുപ്രസിദ്ധമായ നാടാണു കണ്ണൂര്‍. പൊതുവെ ഇവിടുത്തുകാര്‍ സ്‌നേഹിച്ചാല്‍ ചങ്കുപറിച്ചുതരുമെന്നും എതിര്‍ത്താല്‍ ചങ്കുപറിച്ചെടുക്കുമെന്നുമാണു മറ്റുള്ളവവര്‍ പറയാറുള്ളത്. ഇങ്ങനെയൊരു ജനവിഭാഗത്തിന് എങ്ങനെ ഇത്രത്തോളം മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്താനും അടിച്ചമര്‍ത്താനും കഴിയുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഓരോ പാര്‍ട്ടിയിലുമുള്ള കുറച്ചു നേതാക്കന്മാരും ചില പ്രവര്‍ത്തകരുമാണ് ഇത്തരം കൊലപാതകങ്ങള്‍ക്കു പിന്നിലെന്നതാണു വസ്തുത. എതിരാളിയെ ബലമായി അടിച്ചമര്‍ത്തുകയെന്ന ആശയത്തിന്റെ ഫലമാണ് ഇത്തരം രാഷ്ട്രീയാക്രമണങ്ങള്‍ കൂടാന്‍ കാരണം. നേതാക്കന്മാര്‍ രക്തസാക്ഷികളുടെ എണ്ണംകൂട്ടി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമ്പോള്‍ അവിടെ നഷ്ടപ്പെടുന്നതു വ്യക്തിക്കുമപ്പുറം ഒരു കുടുംബമാണ്.
ചില നിമിഷങ്ങളില്‍ തോന്നുന്ന പാര്‍ട്ടി വികാരം അക്രമാസക്തമാകുമ്പോള്‍ അതിന്റെ പ്രത്യഘാതങ്ങള്‍ക്ക് ഒട്ടുമിക്കപ്പോഴും മനുഷ്യന്റെ ജീവനോളം വിലകൊടുക്കേണ്ടി വരുന്നുവെന്നതാണു യാഥാര്‍ഥ്യം. പ്രചാരണത്തിനായി ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും ഒട്ടിക്കുന്ന പോസ്റ്ററുകളും നോട്ടിസുകളുമാണ് ഇത്തരം അക്രമങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്.
രാഷ്ട്രീയം അപകടകരമാംവിധം മുന്നോട്ടുപോകുമ്പോഴും സര്‍ക്കാരും അധികാരികളും പേരിനൊരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുകയാണു ചെയ്യുക. അതിനപ്പുറം കര്‍ശന നടപടികളെടുക്കാത്തത് അക്രമത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമാകുന്നു.
ഒരു കൂട്ടമാളുകളുടെ ഇത്തരം ചെയ്തിമൂലമുള്ള കഷ്ടത സമൂഹം മൊത്തമായാണ് അനുഭവിക്കുന്നത്. വൈകിട്ടു വീട്ടിനു പുറത്തിറങ്ങുന്ന മകനോട് സൂക്ഷിക്കണമെന്നാണ് അമ്മമാര്‍ പറയുന്നത്. മകന്‍ പുറത്തേക്കിറങ്ങിയാല്‍ ഓരോ അമ്മയ്ക്കും മനസില്‍ ആധിയാണ്. ആളുമാറി രാഷ്ട്രീയ അക്രമികളുടെ കൊലക്കത്തിക്ക് ഇരയാക്കപ്പെട്ടവരും ചില്ലറയല്ല.
ഒരു ജില്ലയിലെ ജനങ്ങള്‍ മുഴുവന്‍ ഭീതിയോടെ ജീവിക്കുന്നതിന്റെ കാരണം അധികാരികളുടെ പിടിപ്പുകേടാണെന്നു പറയേണ്ടിവരും. കണ്ണൂര്‍ ജില്ലയിലെ എല്ലാ പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടികളിലെ യുവാക്കള്‍ക്കു പ്രത്യേകം ആയോധനാഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്നതു അധികാരികളുടെയും പൊലിസിന്റെയും കണ്‍മുന്നിലാണ്. എന്നിട്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ പൊലിസ് കണ്ടില്ലെന്നു നടിക്കുകയാണ്. അതു അക്രമികള്‍ക്കു ശക്തിപകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."