കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചില്ല; ധനമന്ത്രിക്ക് കത്തയക്കും: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച പ്രഥമ ബജറ്റില്‍ കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചില്ലെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രിക്കു കത്തയക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തുമെന്നാണു പ്രതീക്ഷിച്ചത്. അതുകൊണ്ടുതന്നെ വായ്പകള്‍ പരിധിക്കുള്ളില്‍ നിര്‍ത്തേണ്ടിവരും. ഇതു സ്വാഭാവികമായും സാമ്പത്തിക ഞെരുക്കം ഉണ്ടാക്കും. ബജറ്റിനു പുറത്തുനിന്ന് പണം കണ്ടെത്തേണ്ടിവരുമെന്നും ബജറ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്പൂര്‍ണ നിരാശയാണെന്നും എന്നാല്‍ അവഗണനക്കു പിന്നില്‍ രാഷ്ട്രീയ കാരണം ആരോപിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോളിനും ഡീസലിനും ഓരോ രൂപ വര്‍ധിപ്പിച്ച നടപടി ജനവിരുദ്ധവും പ്രതിലോമകരവുമാണ്. സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിനു ലഭിക്കില്ല. ഇത്തരത്തില്‍ നികുതി കൂട്ടിയശേഷം സംസ്ഥാനത്തോടു കുറയ്ക്കാന്‍ പറയുന്നത് മോദി സര്‍ക്കാരിന്റെ സവിശേഷതയാണ്. ഇതു വിലക്കയറ്റത്തിലേക്ക് നയിക്കും. റബര്‍ കര്‍ഷകരെക്കുറിച്ച് പരാമര്‍ശംപോലും ബജറ്റില്‍ ഉണ്ടായിട്ടില്ല. തൊഴിലുറപ്പ്, ദേശീയ ആരോഗ്യ മിഷന്‍ തുടങ്ങി 16 പ്രധാനപ്പെട്ട മേഖലകളിലേക്ക് വകയിരുത്തിയിരിക്കുന്നത് കഴിഞ്ഞ തവണത്തെ തുക മാത്രമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആയുഷ്മാന്‍ ഭാരതിന് 6,000 കോടി മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. സാമൂഹ്യ മേഖലയില്‍ കഴിഞ്ഞ തവണത്തെ ബജറ്റ് വിഹിതത്തിന് അപ്പുറത്തേക്ക് പോയിട്ടില്ല. സമ്പൂര്‍ണ പാര്‍പ്പിടം, കക്കൂസ്, കുടിവെള്ളം തുടങ്ങി കേന്ദ്ര ബജറ്റില്‍ പറയുന്നതില്‍ പല ലക്ഷ്യങ്ങളിലേക്കും കേരളം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവയ്‌ക്കെല്ലാം എന്തെല്ലാം വിഹിതം കിട്ടുമെന്നതില്‍ സംശയമുണ്ട്. വിഭവ കൈമാറ്റം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഹരി വിറ്റഴിക്കലാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 1.05 ലക്ഷം കോടിയുടെ ഓഹരികളാണ് വിറ്റഴിക്കുക. ഇതു സര്‍വകാല റെക്കോര്‍ഡാണ്. 51 ശതമാനത്തിനും അപ്പുറം റയില്‍വേയുടേയും ഓഹരി വിറ്റഴിക്കുന്നതിനാണു പദ്ധതി അവതരിപ്പിക്കുന്നത്. ബ്രിട്ടന്‍ ഇത്തരത്തില്‍ ചെയ്ത് പരാജയപ്പെട്ടതാണ്. വിദേശ മൂലധനത്തെ ആശ്രയിച്ച് മാന്ദ്യത്തില്‍നിന്നു കരകയറാമെന്ന പരമ്പരാഗത കാഴ്ചപ്പാടാണ് ബജറ്റിലുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല. വന്‍തോതില്‍ വിദേശ മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണു ബജറ്റിലുള്ളത്. ആഗോള സാമ്പത്തിക സ്ഥിതി ഗുണകരമല്ലാത്ത സ്ഥിതിക്ക് അത് മുന്‍കൂട്ടിക്കണ്ട് കരുതല്‍ നടപടികള്‍ ബജറ്റില്‍ സ്വീകരിക്കാന്‍ ധനമന്ത്രിക്കായിട്ടില്ല. ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന മുരടിപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ബജറ്റിലുള്ള അഞ്ച് ലക്ഷം കോടി രൂപ അപര്യാപ്തമാണെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."