ജില്ലാ മിനറല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം നിര്‍ജീവം പാഴാകുന്നത് കോടികള്‍
കൊച്ചി: ഖനനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച ഡിസ്ട്രിക്ട് മിനറല്‍ ഫൗണ്ടേഷന്റെ (ഡി.എം.എഫ്) പ്രവര്‍ത്തനം നിലച്ചനിലയില്‍. ഇതേതുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്നു മാത്രമല്ല കോടികളുടെ പ്രവര്‍ത്തനഫണ്ടും പാഴാകുകയാണ്. ഖനനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി നിരവധി പരാതികളാണ് തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത്. ചില ജില്ലകളില്‍ ഫൗണ്ടേഷന്‍ യോഗം ചേര്‍ന്നിട്ടുതന്നെ നാളുകളായി. ഈ സാഹചര്യത്തില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശയും ഫലം കണ്ടില്ല.
1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ടിലെ 9 -ബി വകുപ്പുപ്രകാരം എല്ലാ ജില്ലകളിലും 2018ലാണ് ഫൗണ്ടേഷന്‍ രൂപീകരിച്ചത്. ഖന നബാധിത പ്രദേശങ്ങളില്‍ വിവിധ പരിഹാര-ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക, ഖനനത്തെ തുടര്‍ന്നുണ്ടാകുന്ന സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെ കുറയ്ക്കുകയോ പരിഹരിക്കുകയോ ചെയ്യുക, ഖനികളിലെ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങള്‍. ജില്ലാ കലക്ടര്‍ അധ്യക്ഷനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളായ ഭരണസമിതിയും അടങ്ങുന്ന ലാഭരഹിത ട്രസ്റ്റായാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കേണ്ടത്. എന്നാല്‍, എല്ലാ ജില്ലകളിലും ഫൗണ്ടേഷന്‍ രൂപീകരിച്ചെങ്കിലും മിക്കയിടങ്ങളിലും യോഗം ചേര്‍ന്നിട്ടുതന്നെ കാലമേറെയായി. ആകെ 723 ക്വാറികള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ എറണാകുളത്താണ് (120 എണ്ണം). പിന്നില്‍ മലപ്പുറവും (113), പാലക്കാടും (76) കണ്ണൂരും (70) ആണ്. ഇവിടങ്ങളില്‍പ്പോലും യോഗം ചേര്‍ന്നിട്ട് നാളുകളായി.
ഖനനത്തിനുള്ള അനുമതികള്‍ക്ക് ഈടാക്കുന്ന റോയല്‍റ്റി തുകയില്‍ നിന്നാണ് ഫൗണ്ടേഷന്‍ ഫണ്ട് കണ്ടെത്തുന്നത്. റോയല്‍റ്റിയുടെ പത്ത് ശതമാനമാണ് ഫൗണ്ടേഷനില്‍ അടയ്‌ക്കേണ്ടത്. ഖനനബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഭൗതിക പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഉപേക്ഷിക്കപ്പെട്ട ഖനികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കുടിവെള്ള വിതരണം, ഖനന മേഖലയിലെ മലിനീകരണ നിയന്ത്രണ നടപടികള്‍, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. ആദ്യവര്‍ഷം 7.75 കോടി രൂപയാണ് ഡി.എം.എഫ് ഫണ്ടായി ലഭിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് ഏതാണ്ട് 30 കോടിയോളം രൂപ റോയല്‍റ്റി ഇനത്തില്‍ കിട്ടി.
എന്നാല്‍, ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. ഫൗണ്ടേഷന്‍ പുനരുജ്ജീവിപ്പിക്കുന്നതടക്കമുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമസഭാ പരിസ്ഥിതി സമിതി അധ്യക്ഷന്‍ മുല്ലക്കര രത്‌നാകരന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."