റെയ്ഡിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ?
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പരിശോധനയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നായിരുന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും വിജിലന്‍സ് പരിശോധനയെക്കുറിച്ച് അറിയുന്നത്.
വിജിലന്‍സ് നടത്തിയ പരിശോധനക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പ് രൂപപ്പെട്ടുവരുന്നതിനിടയിലാണ് പരിശോധന നടത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
'ഓപ്പറേഷന്‍ ബചത്' എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തെ ശ്രീവാസ്തവയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് വിജിലന്‍സ് കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്തിയതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും അതേ പദവിയില്‍ തന്നെ ശ്രീവാസ്തവ തുടരുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വൈബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവിനെ ചൊല്ലി നേരത്തെയും പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗങ്ങള്‍കൂടിയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത് രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. ഏറെ വിവാദമായ പൊലിസ് ഭേദഗതി ആക്ടിന്റെ കരട് രേഖ തയ്യാറാക്കിയതും രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."