കണ്ണൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി
കൊണ്ടോട്ടി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം രണ്ടിടങ്ങളില്‍ നിന്നായി ഹജ്ജ് തീര്‍ഥാടകര്‍ പുറപ്പെടുന്നത് തിരക്കു കുറയ്ക്കാന്‍ കഴിയും.
ഹജ്ജ് കര്‍മത്തിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നതിനാല്‍ ഇത്തരം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.വേണമെങ്കില്‍ എംബാര്‍ക്കേഷന്‍ കേന്ദ്രം കൂടുതലാക്കുന്നത് ആലോചിക്കും. കണ്ണൂരിലേത് മോശമല്ലാത്ത വിമാനത്താവളമാണ്.
അവിടെയൊരു എംബാര്‍ക്കേഷന്‍ കേന്ദ്രം വന്നാല്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാര്‍ക്ക് സൗകര്യമായിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
ഹാജിമാര്‍ക്ക് ഒരു പ്രയാസവുമില്ലാതെ ഹജ്ജിന് പോകുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ രണ്ട് വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുന്നതിന് സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണ്.
പുരുഷസഹായമില്ലാതെ ഹജ്ജിന് പോകുന്ന സഹോദരിമാരില്‍ 90 ശതമാനവും കേരളത്തില്‍ നിന്നാണ്.ഇക്കുറി വനിതാ വൊളന്റിയര്‍മാരുടെ എണ്ണം ഇരട്ടിയാക്കി. വിമാനക്കൂലിയില്‍ കഴിഞ്ഞ വര്‍ഷം 18 ശതമാനമുണ്ടായിരുന്ന ജി.എസ്.ടി. നിരക്ക് അഞ്ചു ശതമാനമായി കുറച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടിയെടുത്തിട്ടുണ്ട്.
വനിതാ ബ്ലോക്കിന്റെ നിര്‍മാണം അടുത്ത ഹജ്ജിന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.സര്‍ക്കാര്‍ അഞ്ച് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
നാട് പ്രളയക്കെടുതി അനുഭവിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ 25 ലക്ഷം രൂപ മക്കയില്‍ നിന്ന് സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. അങ്ങേയറ്റം മാതൃകാപരമായ പ്രവൃത്തിയാണ് അവര്‍ ചെയ്തത്. കേരളത്തില്‍ ഒരാള്‍ പോലും വിശ്വാസത്തിന്റെ പേരില്‍ അവഹേളിക്കപ്പെടാത്തത് ശക്തമായ മതനിരപേക്ഷ അടിത്തറയുള്ളതുകൊണ്ടാണ്.
ആചാരാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭരണഘടനാപരമായ എല്ലാ സുരക്ഷയും എല്ലാ വിശ്വാസികള്‍ക്കും ഉറപ്പാക്കും.
ഇതില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."