ഇന്റര്‍ കോണ്ടിനെന്റല് കപ്പിന് ഇന്ന് തുടക്കം
അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല് കപ്പിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കമാകും. രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ താജികിസ്ഥാനെ നേരിടും. സ്റ്റിമാച്ചിന് കീഴില്‍ രണ്ടാഴ്ചയിലധികമായി നടത്തിയ ക്യാംപിന് ശേഷം തിരഞ്ഞെടുത്ത മികച്ച ടീമാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന് എന്നീ മലയാളി താരങ്ങള്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്. ജൂലൈ 19ന് സമാപിക്കുന്ന മത്സരത്തില്‍ നോര്‍ത്ത് കൊറിയ, സിറിയ എന്നീ ടീമുകളും പങ്കെടുക്കുന്നുണ്ട്. സ്റ്റിമാച്ചിന് കീഴിലെ രണ്ടാമത്തെ ടൂര്‍ണമെന്റാണിത്. ആദ്യ ടൂര്‍ണമെന്റായ കിങ്സ് കപ്പില്‍ ഇന്ത്യക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇന്നത്തെ മത്സരത്തിന് വേണ്ടി ഏറ്റവും മികച്ച ടീമിനേയാണ് ഒരുക്കിയിട്ടുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സ്റ്റിമാച്ച് പറഞ്ഞു.
13ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കൊറിയയേയും ജൂലൈ 16ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സിറിയയേയും നേരിടും. പ്രതിരോധത്തിലേക്ക് അനസ് എടത്തൊടിക തിരിച്ചെത്തിയതോടെ പ്രതിരോധത്തില്‍ മാറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇന്ത്യ. കിങ്സ് കപ്പില്‍ ജിങ്കനൊപ്പം പ്രതിരോധ നിരയില്‍ കളിച്ചിരുന്ന ആദില്‍ ഖാന് പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതിനെ തുടര്‍ന്നാണ് വിരമിച്ച അനസിനെ സ്റ്റിമാച്ച് തിരിച്ചുവിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."