യു.പിയിലെ വിവാദ ഓര്‍ഡിനന്‍സ് വ്യക്തിസ്വാതന്ത്ര്യത്തിനും അന്തസിനും എതിര്: ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍
ന്യൂഡല്‍ഹി: വര്‍ഗീയ ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞദിവസം കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും അന്തസിനും എതിരാണെന്ന് വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍. പ്രായപൂര്‍ത്തിയായ ഓരോ വ്യക്തികള്‍ക്കും സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അതുപോലെ ഓരോ വ്യക്തികള്‍ക്കും അന്തസ്സോടെ ജീവിക്കാനും അവകാശമുണ്ട്. അത്തരം അവകാശങ്ങള്‍ക്കെതിരാണ് ഈ നിയമം- അദ്ദേഹം പറഞ്ഞു. മുസ്‌ലിം യുവാക്കള്‍ ഇതരമതത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് തടയുകയെന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന ഇത്തരം നിയമം ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഉടന്‍ വരാനിരിക്കെയാണ് ജസ്റ്റിസ് ലോക്കൂറിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ഏഴാമത് സുനില്‍ മെമ്മോറിയല്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
'ലൗ ജിഹാദ്' എന്നതിന് കൃത്യമായ ഒരു നിര്‍വചനം ഇല്ലെങ്കിലും സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഞങ്ങളുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അഭിമാനം കൊണ്ട് ജിഹാദികള്‍ കളിക്കുകയാണെന്നാണ് ഒരു മുഖ്യമന്ത്രി ഇതിനുള്ള നിര്‍വചനം പറഞ്ഞത്. ലൗ ജിഹാദ് നിര്‍ത്തിയില്ലെങ്കില്‍ അത്തരക്കാരുടെ ശവഘോഷയാത്രയുടെ തുടക്കം ആവും അതെന്നായിരുന്നു മറ്റൊരു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം വധശിക്ഷാ പ്രഖ്യാപനങ്ങള്‍ ഏതു നിയമത്തിന്റെ ബലത്തിലാണ് ? ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുള്ള ആഹ്വാനമായിട്ട് വേണം ഇതിനെ കാണാന്‍. അപ്പോള്‍ എന്ത് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ആണ് ഇവിടെയുള്ളത്. എന്തുകൊണ്ടാണ് ആരും ബാലവിവാഹത്തിനെതിരേ യുദ്ധപ്രഖ്യാപനം നടത്താത്തത്? പ്രത്യേകിച്ച് അതൊരു ബലപ്രയോഗത്തിലൂടെ വിവാഹമായിരിക്കെ- ജസ്റ്റിസ് ലോക്കൂര്‍ ചോദിച്ചു.
നിലവില്‍ ഫിജിയിലെ സുപ്രിംകോടതി ജഡ്ജിയായ ലോക്കൂര്‍, കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യന്‍ സുപ്രിംകോടതിയുടെ ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."