ചെങ്ങറ കോളനി നിവാസികള്‍ക്ക് പട്ടയം ലഭിച്ചു
കാഞ്ഞങ്ങാട്: എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പെരിയ ചെങ്ങറ കോളനി നിവാസികള്‍ക്കു പട്ടയം ലഭിച്ചു. ചെങ്ങറയില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്തപ്പോള്‍ വഴിയാധാരമായ 76 കുടുംബങ്ങള്‍ക്കാണ് പെരിയ വില്ലേജിലെ കലിയടുക്കത്ത് 50 സെന്റ് വീതം ഭൂമി അനുവദിച്ചത്.
ഇതില്‍ എട്ടു സെന്റ് വീതം ഭൂമിയുടെ പട്ടയം കലക് ടര്‍ ഡോ. ഡി. സജിത് ബാബു ഇവര്‍ക്ക് നേരിട്ടു നല്കി. ബാക്കി 42 സെന്റ് ഭൂമി പുനരധിവസിക്കപ്പെട്ടവര്‍ പങ്കാളികളായ സൊസൈറ്റിയുടെ അധീനതയിലായിരിക്കും. ഈ ഭൂമി കൈമാറ്റം ചെയ്യാന്‍ അധികാരമില്ല. സൊസൈറ്റിയുടെ അധീനതയിലുള്ള ഭൂമിയില്‍ കൃഷി, വ്യവസായം തുടങ്ങിയവ തുടങ്ങാം.
കഴിഞ്ഞ ദിവസം മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആര്.ഡി.ഒ സി. ബിജു അധ്യക്ഷനായി. എല്ലാ കുടുംബങ്ങള്‍ക്കും എട്ടു സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ചെങ്കിലും ഇതില്‍ 40 പേര് പട്ടയം ഏറ്റുവാങ്ങാനെത്തിയില്ല. 50 സെന്റിനും തങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാണ് അവരുടെ ആവശ്യം. ചെങ്ങറ കോളനിയില്‍ വീട്, റോഡ്, വെള്ളം, വൈദ്യുതി എന്നിവക്ക് 11 കോടി രൂപയുടെ പാക്കേജും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.
എ.ഡി.എം എന്‍. ദേവീദാസ്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍, ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ അന്നമ്മ ജോളി, പഞ്ചായത്തംഗം സി. ശശിധരന്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന് പിള്ള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."