ബ്രഹ്മപുത്രയില്‍ പുതിയ ഡാം പണിയാന്‍ ചൈനീസ് നീക്കം
ബെയ്ജിങ്: ജലവൈദ്യുത പദ്ധതിക്കായി ചൈന ടിബറ്റില്‍ ബ്രഹ്മപുത്ര നദിയില്‍ വന്‍ ഡാം നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തവര്‍ഷം മുതലുള്ള 14ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായാണിത് നിര്‍മിക്കുക.
യര്‍ലങ് സാങ്‌ബോ നദിയില്‍ (ബ്രഹ്മപുത്ര നദിയുടെ ടിബറ്റന്‍ പേര്) ചൈന ഡാം നിര്‍മിക്കുമെന്ന് ഡാം നിര്‍മാണ കമ്പനി ചെയര്‍മാന്‍ യാന്‍ സിയോങ് പറഞ്ഞു. പദ്ധതി ജലസമ്പത്ത് ചൂഷണംചെയ്യാനെന്ന പോലെ ആഭ്യന്തര സുരക്ഷയ്ക്കും ഉപകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഡാം നിര്‍മാണം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നദീതീരത്തോടു ചേര്‍ന്ന സംസ്ഥാനങ്ങള്‍ക്കു ഭീഷണിയാകും. ടിബറ്റില്‍ നിലവില്‍ ചൈനയ്ക്ക് 150 കോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ച സാം ജലവൈദ്യുത കേന്ദ്രമുണ്ട്.
ടിബറ്റിലെ മെഡോഗിലാണ് ഡാം നിര്‍മിക്കുകയെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു. ഇന്ത്യയുടെ അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന പ്രദേശമാണിത്. അരുണാചലിനെ ചൈന ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നുമില്ല.
മണിക്കൂറില്‍ ഏഴു കോടി കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ടിബറ്റിന് പ്രതിവര്‍ഷം 300 കോടി ഡോളര്‍ വരുമാനമുണ്ടാക്കിക്കൊടുക്കുമെന്ന് ഡാം നിര്‍മാണ കമ്പനി പറയുന്നു.
അതിര്‍ത്തിയിലെ നദികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി 2006ല്‍ ഇന്ത്യയും ചൈനയും ചേര്‍ന്ന് വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പരസ്പരമുള്ള ധാരണ പ്രകാരം പ്രളയകാലത്ത് ബ്രഹ്മപുത്ര നദിയിലെയും സത്‌ലജിലെയും ജലം സംബന്ധിച്ച വിവരങ്ങള്‍ ചൈന ഇന്ത്യക്ക് കൈമാറേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."