അച്ഛന്റെ 30 വര്‍ഷം മുമ്പുള്ള ഉത്തരവ് തിരുത്തി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: അച്ഛന്റെ പഴയ ഉത്തരവ് ഒരിക്കല്‍ക്കൂടി തിരുത്തി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിവാഹേതര ലൈംഗിക ബന്ധം തെറ്റാണെന്ന വൈ.വി ചന്ദ്രചൂഡിന്റെ ഉത്തരവാണ് വിവാഹേതരബന്ധം കുറ്റമാക്കുന്ന ഐ.പി.സിയിലെ 497വകുപ്പ് റദ്ദാക്കി മകന്‍ ഡി.വൈ ചന്ദ്രചൂഡ് ഇന്നലെ തിരുത്തിയത്.
വിവാഹത്തോടെ ഒരുസ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനോട് യോജിക്കാനാവില്ലെന്നായിരുന്നു ഇന്നലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തന്റെ പ്രത്യേക വിധിന്യായത്തിലൂടെ അഭിപ്രായപ്പെട്ടത്.
സുപ്രിംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ടകാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡ് 1985ല്‍ ഐ.പി.സി 497 വകുപ്പിനെതിരായ ഹരജി തള്ളിയാണ്, സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട ചിന്തകളെ ശരിവച്ചു ഉത്തരവിട്ടത്.
വിവാഹമെന്ന പവിതമായ ആചാരം നിന്ദിക്കാനോ അപമാനിക്കപ്പെടാനോ ഉള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സൗമിത്രി വിഷ്ണു കേസില്‍ വിവാഹേതരബന്ധം കുറ്റമാക്കുന്ന നിയമത്തെ സാധൂകരിച്ച് വൈ.വി ചന്ദ്രചൂഡ് നിലപാടെടുത്തത്.
1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകന്‍ ദനഞ്ജയ് യശ്വന്ത് ചന്ദചൂഡ്, നിലവിലെ സീനിയോരിറ്റി പ്രകാരം 2022 നവംബറില്‍ ചീഫ് ജസ്റ്റിസാവും. പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാന്‍ വ്യവസ്ഥചെയ്യുന്ന ഹിന്ദുമതവിശ്വാസികള്‍ ഭൂരിപക്ഷമായതിനാലാണ് 150 വര്‍ഷം മുമ്പ് ഐ.പി.സിയില്‍ 497 വകുപ്പ് വന്നതെന്നു ഉത്തരവില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ വിശദീകരിച്ചു.
നിയമം കൊണ്ടുവരുമ്പോള്‍ ഹിന്ദുക്കളില്‍ വിവാഹമോചനത്തിന് പ്രത്യേക നിയമമില്ലായിരുന്നു. ഹിന്ദു പുരുഷന് എത്ര സ്ത്രീകളെയും വിവാഹം കഴിക്കാവുന്ന കാലത്ത് വിവാഹിതനായ ഹിന്ദു പുരുഷന്‍ വിവാഹേതരബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ശിക്ഷിക്കാന്‍ നിയമവുമില്ല. ഇനി ശിക്ഷിക്കുകയാണെങ്കില്‍ തന്നെ വിവാഹിതനായ ഹിന്ദുപുരുഷന് താന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെ ഭാര്യയായി സ്വീകരിക്കാനും കഴിയും.
ഈ സാഹചര്യത്തിലാണ് വിവാഹിതരായ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പൊതുവെ കുറ്റകരമാക്കി 497 വകുപ്പ് കൊണ്ടുവന്നത്. പിന്നീട് സ്വതന്ത്ര്യത്തിനു ശേഷം ഹിന്ദുപുരുഷന് ഒരുഭാര്യ മാത്രമാക്കി ചുരുക്കി ഹിന്ദുകോഡ് വന്നതോടെ ഈ 497 വകുപ്പിന് പ്രസക്തിയില്ലാതായെന്നും നരിമാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."