കുട കൂടെ കൂടിയ കഥ
ഴക്കുതാഴെ നിവര്‍ത്തിപ്പിടിച്ച കുടയുടെ ബാല്യം, കൗമാരം, യൗവ്വനം തുടങ്ങിയ വസന്തകാലങ്ങളെക്കുറിച്ചു പറയാന്‍ ഒത്തിരികാര്യങ്ങള്‍.. പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ പാകത്തില്‍ പാട്ടുകേള്‍ക്കാന്‍ സംവിധാനമുള്ള ആധുനിക ചിത്രക്കുടകള്‍ കണ്ടു വളരുന്ന പുതുതലമുറക്കു 'കാലന്‍' കുടകള്‍ പിടിച്ചു പെരുമഴക്കാലത്തെ അതിജീവിച്ച പഴമക്കാരുടെ കഥകള്‍ കേള്‍ക്കാന്‍ ഒരുപക്ഷേ വലിയ താല്‍പര്യം കാണണമെന്നില്ല.
അക്കാലത്തു ഇന്നത്തേപ്പോലെ ദീര്‍ഘദൂരയാത്രകള്‍ ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല, പോകാന്‍ ഇടവുമില്ല. അഥവാ പോകുന്നതോ നല്ല തെളിച്ചമുള്ള കാലാവസ്ഥയില്‍ മാത്രം. ചൂട്ടുകത്തിച്ചും നിലാവെളിച്ചത്തിലും സുഹൃത്തുക്കളോട് സൊറ പറഞ്ഞുമുള്ള രാത്രികാല നടത്തം ഏറെ ഇഷ്ടം. അത് ചിലപ്പോള്‍ നാഴികകളോളം നീണ്ട് മൈലുകള്‍ താണ്ടും. സാധാരണക്കാരുടെ യാത്ര തൊട്ടടുത്ത ബന്ധുവീട്ടില്‍. അല്ലെങ്കില്‍ തമ്പ്രാക്കളുടെ വീട്ടില്‍... മഴ വന്നാല്‍ നനയാതിരിക്കാനുള്ള ഏക ആശ്രയം ചേമ്പില മാത്രം. ചിലര്‍ നീളമുള്ള വാഴയില പിടിക്കും. ചിലര്‍ നീളന്‍ തെങ്ങോലക്കുടയാകും കയ്യിലേന്തുക. പനി പിടിക്കാതിരിക്കാന്‍ തല നനയരുതെന്നു മാത്രം. ഒറ്റമുണ്ടും ഒരു രണ്ടാം വേഷ്ടിയുമാകും വേഷം. ഷര്‍ട്ട് ഉപയോഗിച്ചിരുന്നവര്‍ വളരെ കുറവുമാത്രം. ശരീരം നനഞ്ഞാല്‍ വലിയ കുഴപ്പമില്ലെന്നു സാരം. അക്കാലത്തുതന്നെ കുടപ്പനയോലക്കുടയുടെ ഉപയോഗം ഉന്നതകുടംബങ്ങളില്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ സാര്‍വത്രികമായി തീണ്ടലും തൊടീലും ഉണ്ടായിരുന്ന കാലം. ഉന്നതജാതിക്കാരായ സ്ത്രീകള്‍ പുറത്തിറങ്ങണമെങ്കില്‍ ഓലക്കുട നിര്‍ബന്ധം. ആ കുടപിടിക്കാന്‍ ചിലപ്പോള്‍ തോഴിമാരും ഒപ്പുമുണ്ടാകും.
അല്‍പം ചരിത്രം
പുരാതന ചൈന, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കുട ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. വെയിലിനെയും ചൂടിനേയും പ്രതിരോധിക്കാനായിട്ടായിരുന്നു അക്കാലത്ത് അത് ഉപയോഗിച്ചിരുന്നത്. നീളമുള്ളകാലില്‍ പനയോലയില്‍ നിര്‍മിച്ചെടുത്ത കുടയായിരുന്നു അവയില്‍ ഏറെയും. ചില പ്രത്യേകതരം തുണികളില്‍ തുന്നിച്ചേര്‍ത്ത കുടകളും അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ അവ ഇന്നത്തെ രൂപത്തിലുള്ളതായിരുന്നില്ല. മുറത്തിന്റെ ഒരു ഭാഗത്തു നീളമുള്ള പിടി ഘടിപ്പിച്ച രീതിയില്‍ ചതുരാകൃതിയിലുള്ളവയായിരുന്നു അത്. അക്കാലത്തെ രാജാക്കന്മാരായിരുന്നു അത്തരം കുടകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. മറ്റുള്ളവര്‍ രാജാവിന്റെ പ്രത്യേക അനുവാദം വാങ്ങണമായിരുന്നു. അതിനായി ആരും ശ്രമിക്കാറുമില്ല. പില്‍ക്കാലത്ത് ചൈനയില്‍നിന്നും കൊറിയ വഴി ജപ്പാനിലേക്കു കുട കുടിയേറി. അതോടെ കുടയുടെ രൂപത്തിലും നിറത്തിലും മാറ്റവും വന്നുതുടങ്ങി. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇറ്റലിയിലും ഫ്രാന്‍സിലും സില്‍ക്കില്‍ നിര്‍മിതമായ കുട രൂപകല്‍പ്പന ചെയ്തിരുന്നു. 1787ല്‍ സ്ത്രീകള്‍ക്കു മാത്രമായി പ്രത്യേകതരം കുട രൂപപ്പെടുകയും അവ സ്ത്രീകള്‍ മാത്രം ഉപയോഗിച്ചും വന്നു. എന്നാല്‍ 1780ല്‍ ഇംഗ്ലണ്ടില്‍ കുടകള്‍ വില്‍പ്പനക്കു വച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. 1882ല്‍ സാമുവല്‍ ഫോക്‌സ് എന്നയാളാണ് സ്റ്റീലില്‍ നിര്‍മിതമായ കാലോടുകൂടിയ കുട രംഗത്തിറക്കിയത്. 1816-1820 കാലയളവില്‍ പുരുഷന്മാര്‍ നാലു പൗണ്ടു വരെ ഭാരമുള്ള കുടകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഒരു പൗണ്ടു മാത്രം ഭാരമുള്ളതാണ് സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്.
ഈ കാലത്തുതന്നെ കുടക്കു ഇംഗ്ലീഷില്‍ 'അമ്പ്രല' എന്ന നാമവും ലഭിച്ചിരുന്നു. അമ്പ്രോസ് (നിഴല്‍) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നും രൂപപ്പെട്ട അമ്പ്രല എന്ന പേരു ജോണസ് ഹാന്‍വേയായിരുന്നു കുടക്ക് സമ്മാനിച്ചത്. എന്നാല്‍ ബ്രഡ്‌ഫോര്‍ഡ് ഫിലിപ്പ് എന്ന ഇംഗ്ലീഷുകാരനാണ് മടക്കാവുന്ന തരത്തിലുള്ള കുട 19-ാം നൂറ്റാണ്ടിന്റെ ആദ്യം കണ്ടു പിടിക്കുന്നതും പ്രചരിപ്പിക്കുന്നതും. ആദ്യകാലത്ത് ഓയില്‍പേപ്പറില്‍ നിര്‍മിതമായ കുടയാണ് ചൈനക്കാര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഓരോ രാജ്യത്തിന്റെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കുടകള്‍ 19-ാം നൂറ്റാണ്ടോടുകൂടിത്തന്നെ പിറവിയെടുത്തിരുന്നു. ആറ്, എട്ട്, നാല് കോണുകളോടുകളോടുകൂടിയ കുടകളാണ് ആദ്യകാലത്തു രൂപപ്പെട്ടിരുന്നത്. കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവര്‍ക്കു തലയില്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ കുട്ടയുടെ രൂപത്തിലുള്ളതും തലയില്‍ ഘടിപ്പിക്കാവുന്നതുമായ കുടകള്‍ നിര്‍മിച്ചിരുന്നു. ഇതും ചൈനയിലായിരുന്നു ആദ്യം ഉണ്ടാക്കിയത്. പിന്നീട് ജപ്പാനിലായി. ഇപ്പോള്‍ കേരളത്തിലെ നെല്‍പ്പാടങ്ങളില്‍ ഇവ സര്‍വസാധാരണമായിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ ഇപ്പോഴും കുടപ്പനയോലയോ, അതിനു സമാനമായ വസ്തുവോ ഉപയോഗിച്ചാണ് ഇത്തരം കുടകള്‍ നിര്‍മിക്കുന്നതെങ്കില്‍ കേരളത്തില്‍ വിവിധ നിറങ്ങളിലുള്ള തുണികളില്‍ ആണെന്നു മാത്രം. പില്‍ക്കാലത്തു ബീച്ചുകളില്‍ സ്ഥാപിക്കാന്‍ പറ്റിയതും കാറ്റടിച്ചാല്‍ ഒടിയാത്തതുമായ വലിയ കുടകള്‍ പത്തും പതിനഞ്ചും കമ്പിയോടുകൂടി നിര്‍മിച്ച് ഉപയോഗിച്ചു തുടങ്ങി. കേരളത്തില്‍ ഇത് അടുത്തകാലത്താണ് വ്യാപകമായതെങ്കില്‍ വടക്കേന്ത്യയില്‍ വളരെ നേരത്തെ തന്നെ ഇതിന്റെ ഉപയോഗം ബീച്ചുകളില്‍ ഉണ്ടായിരുന്നു.
കുട കേരളത്തിലെത്തിയത്
കേരളത്തില്‍ അതിപുരാതന കാലം മുതല്‍ കുടപ്പനയോലയില്‍ നിര്‍മിതമായ വലിയ കുടകള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രം. ഉന്നതകുലജാതിക്കാരും സമൂഹത്തിലെ ഉന്നതരുമായിരുന്നു അവ ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷുകാരുടെ ആഗമനത്തോടെയാണ് ഓലക്കുടയില്‍ നിന്നും ശീലക്കുടയിലേക്കു മാറ്റം വന്നത്. എന്നാല്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍തന്നെ കേരളത്തിലും 'കാലന്‍കുട'യുടെ ഉപയോഗം ആരംഭിച്ചിരുന്നു. നല്ല കാറ്റടിച്ചാല്‍ ഒടിയാത്തതും, അത്യാവശ്യത്തിനു ഊന്നുവടിയായും ഇവ ഉപയോഗിക്കാമായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇംഗ്ലണ്ടില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്തവയായിരുന്നു അതില്‍കൂടുതലും. തറവാടിത്തത്തിന്റെയും പദവിയുടേയും ചിഹ്നമായും ഇവ കരുതപ്പെട്ടിരുന്നു. സമാനമായ നിലയില്‍ രാജകുമാര്‍, രാജാവ്, രാജ്ഞി, ഭരണ നേതാവ്, തുടങ്ങിയ ഉന്നത പദവില്‍ അലങ്കരിച്ചിരുന്നവരുടെ പദവിയുടെ അടയാളമായി ചൈനയിലും യൂറോപ്പിലും മറ്റും വ്യത്യസ്ത വര്‍ണത്തിലും രൂപത്തിലുമുള്ള കുടകളും ഉപയോഗിച്ചിരുന്നു.
കുടയുത്സവം
തലയെടുപ്പുള്ള ഒട്ടേറെ കുടകള്‍ക്കു ജന്മം നല്‍കിയ നാടാണ് കേരളം. കേരളത്തില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടു മുത്തുക്കുടകള്‍ പുരാതന കാലം മുതലേ ഉപയോഗിച്ചിരുന്നു. ചൈനയില്‍ നിന്നാണ് ഇതിന്റെ വരവ്. ആദ്യകാലത്ത് കറുപ്പു നിറത്തില്‍ മാത്രമായിരുന്നു ഇവ നിര്‍മിച്ചിരുന്നതെങ്കില്‍ പില്‍ക്കാലത്ത് നിറത്തിലും രൂപത്തിലുമൊക്കെ മാറ്റംവന്നു. ചെറിയ കാലോടുകൂടിയതും വളരെ നീളമുള്ള കാലോടുകൂടിയതുമെല്ലാം അക്കൂട്ടത്തില്‍പ്പെടും. തൃപ്പൂണിത്തുറ ക്ഷേത്രം, തൃശ്ശൂര്‍ പൂരം, കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തുടങ്ങിമുത്തുക്കുടകള്‍ അതിന്റെ എല്ലാ അര്‍ഥത്തിലും ഉപയോഗിച്ചു വരുന്നു. നേതാക്കളെ സ്വീകരിക്കാനായും മുത്തുക്കുടകളും ഉപയോഗിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തോടെ മുത്തുക്കുടകളില്‍ സമൂലമാറ്റം വന്നു. പനയോലക്കുട നിര്‍മാണത്തില്‍ അതി വിദഗ്ധരായിരുന്നു തൃശ്ശൂര്‍ ആറാട്ടുപുഴ കറുപ്പനും ആലപ്പുഴ പാണാവള്ളി വേലായുധനും.
ഗള്‍ഫുകാരന്റെ ഫോറിന്‍ കുട
എണ്‍പതുകളോടെയാണ് രണ്ടു മടക്കു കുടകള്‍ കേരളത്തില്‍ സാര്‍വത്രികമാകുന്നത്. ജോലി തേടി അറബിനാടുകളിലേക്കുള്ള മലയാളികളുടെ പ്രയാണമാണ് അതിനു കാരണം. അക്കാലത്തു ഗള്‍ഫില്‍ നിന്നും അവധിക്കു വരുന്നവര്‍ വാങ്ങിയിരുന്ന സാധനങ്ങളില്‍ പ്രധാന ഇനമായിനമായിരുന്നു വ്യത്യസ്ത നിറങ്ങളിലുള്ള കുടകള്‍. അതിനു ശേഷമാകും ലുങ്കിയും ടേപ്പു റിക്കാര്‍ഡും സ്‌പ്രേയും റെയ്ബാന്‍ കണ്ണടയും മറ്റും വാങ്ങുക. കറുത്ത കുടകള്‍ മാത്രം പിടിച്ചു ശീലിച്ചിരുന്ന മലയാളികള്‍ക്കു അക്കാലത്ത് ഒരു 'ഫോറിന്‍' കുട പിടിക്കുന്നതുതന്നെ ഒരു 'ഗമ' യായി കണക്കാക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചു സ്ത്രീകള്‍. എന്നാല്‍ പോളിസ്റ്റര്‍ തുണിയില്‍ നിര്‍മിച്ച അത്തരം കുടകള്‍ക്കു പകരം അന്നും കാലന്‍കുട പിടിച്ചിരുന്ന പഴമക്കാര്‍ക്കു അതുമതിയായിരുന്നു. കാറ്റിനെ അതിജീവിക്കാനും കേരളത്തിലെ കാലാവസ്ഥക്കും ഫോറിന്‍കുട പറ്റില്ലെന്നതായിരുന്നു അതിനു കാരണം. ഇതു പലരും തുറന്നു പറയുമായിരുന്നു. ഗള്‍ഫിലേക്കുള്ള ഒഴുക്ക് ആരംഭിക്കുന്നതിനു മുന്‍പേ തന്നെ സിങ്കപ്പൂരിലേക്കും മലേഷ്യലേക്കും മറ്റും മലയാളികള്‍ ജോലിതേടി പോയിരുന്നെങ്കിലും ഗള്‍ഫിന്റെ വരവോടെയാണ് രണ്ടു മടക്കുള്ളതും വര്‍ണങ്ങളിലുള്ളതുമായ കുടകള്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. അതോടെ കേരളത്തില്‍ ഇത്തരത്തില്‍ മടക്കിവക്കാവുന്ന കുടകള്‍ നിര്‍മിക്കണമെന്ന ആഗ്രഹം പല കുട നിര്‍മാതാക്കളിലും ഉടലെടുത്തു. അങ്ങനെ കുടയുടെ നിര്‍മാണത്തില്‍ കേരളം വലിയ കുതിച്ചു ചാട്ടം തന്നെ നടത്തി. രണ്ടു മടക്കു കുടകളില്‍ നിന്നും മൂന്നു മടക്കിലേക്കും വിവിധ നിറങ്ങളോടുകൂടിയതും കുട്ടികള്‍ക്കായി ചിത്രപ്പണികളോടുകൂടിയതും വിപണിയില്‍ എത്തിത്തുടങ്ങി. ഒപ്പം ചൈനയില്‍ നിന്നും അതി മനോഹരമായതും കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതുമായ വിപണിതന്ത്രങ്ങളുമായി കുട കമ്പനികളും രംഗത്തെത്തി. ഇന്നു മ്യൂസിക് അമ്പ്രല, സെല്‍ഫിസ്റ്റിക് അമ്പ്രല, തിരിച്ചും മറിച്ചു മടക്കാവുന്നതും ഉള്ളില്‍ അതിമനോഹര ചിത്രങ്ങള്‍ നിറഞ്ഞതും പുറകുവശം കറുപ്പുള്ളതും രണ്ടു തുണികളോടു കൂടിയതും ബാഗിലും പോക്കറ്റിലും വയ്ക്കാവുന്നതുമായ കുടകളും വിപണി കീഴടക്കിക്കഴിഞ്ഞു. കൂടാതെ തനിയെ തുറക്കാവുന്നതും അടക്കാവുന്നതുമായ കുടകളും നാട്ടില്‍ സുലഭമായിട്ടുണ്ട്. ചൂടിനേയും ഹ്യൂമിഡിറ്റിയേയും ശക്തമായ കാറ്റിനേയും അതിജീവിക്കാനായ കുടകളും ഇന്നു ലഭ്യമാണ്. കൂടാതെ സ്‌പൈഡര്‍മാര്‍, ബ്ലാക്ക്മാന്‍ കാര്‍ട്ടൂണുകള്‍ നിറച്ച കുടകളും വിപണിയിലുണ്ട്. മഴ നനയുമ്പോള്‍ നിറം മാറുന്ന കുടകളും ഇന്നു സുലഭമാണ്. ലേഡീസ്, ജെന്‍സ്, കിഡ്‌സ്, ബീച്ച്, ഗാര്‍ഡന്‍ കുടകളെല്ലാം ഇന്നു കേരളത്തില്‍ സാര്‍വത്രികമായിക്കഴിഞ്ഞു.
കുട നന്നാക്കാനുണ്ടോ
ലോകത്ത് ഏറ്റവും അധികം കുടകള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ ഉള്ളത് ചൈനയിലാണെങ്കില്‍, ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ്. എന്നാല്‍ ഇവ ഏറ്റവും അധികം ഉപയോഗിക്കുന്നതു കേരളക്കാരും തമിഴ്‌നാട്ടുകാരുമാണ്. ആധുനിക രീതിയിലുള്ള കുടകള്‍ ഏറെ ഉപയോഗിക്കുന്നതും മലയാളികള്‍തന്നെ. കുട നിര്‍മാണത്തിനാവശ്യമായ കമ്പി, കെട്ടുകമ്പി, നൂല്‍ തുണി, സൂചി തുടങ്ങിയവയെല്ലാം ഏറ്റവുമധികം നിര്‍മിക്കുന്നതു കൊല്‍ക്കത്താ മാര്‍ക്കറ്റിലും. കുറെ കുടക്കാലുകളും പഴകിയ ശീലകളും തലയിലേന്തി ഗ്രാമവിഥികളിലൂടെ 'കുട നന്നാക്കാനുണ്ടോ' എന്നു വിളിച്ചുചോദിച്ചു നടന്നിരുന്നവര്‍ ഇന്നില്ലാതായിരിക്കുന്നു.
150 ഓളം വരുന്ന കുടനിര്‍മാണ കമ്പനികള്‍ ആധുനിക യന്ത്രസഹായത്തോടെ കുടകള്‍ നിര്‍മിക്കുമ്പോള്‍ ഇവയൊന്നുമില്ലാതെ കൈകള്‍കൊണ്ടു ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കൂട്ടായ്മകളും നിരവധിയായി ഇന്നു കേരളത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മാരാരിക്കുളത്തെ 'മാരികുടകള്‍'. മാരാരിക്കുളം വികസന പദ്ധതിയുടെ ഭാഗമായി കമ്പനി രൂപീകരിച്ചാണ് ഇതിന്റെ നിര്‍മാണം. അഞ്ഞൂറില്‍പ്പരം സ്ത്രീകള്‍ ഇതുവഴി ഉപജീവനം കഴിയുന്നു. 25 ഓളം യൂനിറ്റുകളാണ് ഇതിനുള്ളത്. ഓരോ യൂനിറ്റുകളും 60 കുടകളോളം ദിവസേന നിര്‍മിക്കുകയും കമ്പനി ഇടപെട്ടു അവ വിറ്റഴിക്കുകയും ചെയ്യുന്നു. കോഴിക്കോട് നരിക്കുഴിയില്‍ പ്രേംദാസനും 16 പേരും ചേര്‍ന്നു കുട നിര്‍മാണ യൂനിറ്റു നടത്തുന്നുണ്ട്. തിരുവനന്തപുരത്തു കിടപ്പിലായ അഷറഫ് എന്നയാളും ഇത്തരത്തില്‍ കുട നിര്‍മാണത്തിലൂടെ ജീവിതം കണ്ടെത്തി. വയനാട്ടിലെ ചില ഭാഗങ്ങളിലും കുടുംബശ്രീ കൂട്ടായ്മകള്‍ കുടനിര്‍മാണത്തില്‍ ഏര്‍പ്പെട്ട് ഉപജീവനമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്.
പഴയകാല മുളങ്കാലുകളുള്ള നാടന്‍കുടകള്‍ സ്വപ്നമായി അവശേഷിക്കുമ്പോള്‍ കച്ചവടതാല്‍പര്യത്തിന്റെ അതിപ്രസരത്താല്‍ ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ ആധുനിക വിപണനതന്ത്രങ്ങളും സാങ്കേതിക വിദ്യകളുമായി പുത്തന്‍കുടകളുടെ കണ്ടുപിടുത്തത്തിന്റെ പരീക്ഷണശാലകളിലാണ് ഈ രംഗത്തെ വിദഗ്ധര്‍. അപ്പോഴും പഴയകാല കാലന്‍കുട പുതുജീവനോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. പുതുതലമുറയില്‍പ്പെട്ട പലര്‍ക്കും അതു പിടിക്കുന്നതും ഒരു ഹരമായി മാറിയിട്ടുണ്ട്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നല്ലേ പഴമക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."