ലോകബാങ്ക് വായ്പയ്ക്കു മന്ത്രിസഭയുടെ പച്ചക്കൊടി
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) എന്നിവിടങ്ങളില്‍ നിന്ന് വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
25,000 കോടിയുടെ നഷ്ടമെന്ന ലോകബാങ്ക് പ്രതിനിധികളുടെ പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. വകുപ്പുകളുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാന്‍ അതാതു വകുപ്പ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. വായ്പ എടുക്കാനുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ എത്ര തുക വായ്പ എടുക്കൂ എന്ന് തീരുമാനിക്കു.
തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ 2,534 കോടിയും, സംസ്ഥാനപാതകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ 7,647കോടിയും, ജീവനോപാധി പുനഃസ്ഥാപിക്കുന്നതിനു 3,801 കോടി സാമൂഹിക ആഘാതവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് 11.3 കോടി രൂപ ആവശ്യമാണെന്നുള്ള റിപ്പോര്‍ട്ടാണ് പ്രളയ ദുരിത മേഖലകള്‍ സന്ദര്‍ശിച്ച ലോക ബാങ്ക് സംഘം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഈ തുക വായ്പയായി എടുക്കാന്‍ കഴിയും. എന്നാല്‍ ലോക ബാങ്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ചില ഭേദഗതികള്‍ വേണമെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. അതിനാലാണ് പത്തു ദിവസത്തിനുള്ളില്‍ വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ലോകബാങ്കുമായി കാലവധി, ഏറ്റവും കുറഞ്ഞ പലിശ എന്നിവ ചര്‍ച്ച ചെയ്യും.
ലോകബാങ്ക്, എ.ഡി.ബി ഉദ്യോഗസ്ഥരായ 28 പേരാണു കഴിഞ്ഞ 10 മുതല്‍ പ്രളയബാധിത മേഖലകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. മൂന്നു സംഘങ്ങളായി 10 ജില്ലകളിലെ 99 വില്ലേജുകളിലായിരുന്നു പരിശോധന. വായ്പ നല്‍കുന്നത് സംബന്ധിച്ച് അനുകൂല നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് വായ്പ എടുക്കാന്‍ വേണ്ട അനുമതിയും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."