ബഹ്‌റൈനില്‍ ശിഫയുടെ സൗജന്യ ഹൃദയ പരിശോധന ശനിയാഴ്ച
മനാമ: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ഈ മാസം 29ന് ശനിയാഴ്ച ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സൗജന്യ ഹൃദയ പരിശോധനാ സൗകര്യമൊരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് സൗജന്യ ഹൃദയ പരിശോധന. ഇതിന്റെ ഭാഗമായി രക്തസമ്മര്‍ദ്ദം (ബിപി), ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ഇസിജി, സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യമായിരിക്കും. സെപഷ്യലിസ്റ്റ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് എക്കോ / ടിഎംടി പരിശോധനയും ഇതേ ദിവസം സൗജന്യമായി ലഭിക്കും.
ശിഫ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിനും ഇതേ ദിവസം തുടക്കമാകും. കാര്‍ഡിയോളജിയില്‍ അത്യാധുനിക പരിശോധനക്കുളള സൗകര്യമുണ്ട്. എക്കോ, ടിഎംടി, ഇസിജി എന്നിവയ്ക്ക് അത്യാധനിക ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹൃദ്രോഗ വിഭാഗത്തിലും യൂറോളജിയിലും ഡോക്ടര്‍മാര്‍ ചുമതലയേറ്റു കഴിഞ്ഞു. ഇവയില്‍ മുഴുവന്‍ സമയ സ്‌പെഷ്യലിസ്റ്റിന്റെ സേവനം അടുത്ത മാസം മുതല്‍ ലഭ്യമാകും.
ഹൃദയ പരിശോധനക്കുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച രാവിലെ 7 മുതല്‍ രാവിലെ 11 വരയായിരിക്കും. രക്ത പരിശോധനക്കും ഇസിജിക്കും ശേഷം ഡോക്ടറെ കാണാം. ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്കാണ് എക്കോ, ടിഎംടി പരിശോധനകള്‍ നടത്തുക.
എക്കോ, ടിഎംടി പരിശോധനകള്‍ക്കു മാത്രം കുറഞ്ഞത് 80 ദിനാര്‍ ചെലവ് വരും. മൊത്തം നൂറു ദിനാറിനു മുകളില്‍ വരുന്നതാണ് ഹൃദയ പരിശോധന. ഇതാണ് ശിഫ സൗജന്യമായി അനുവദിക്കുന്നതെന്നും അവര്‍ അറിയിച്ചു.
പ്രവാസികളില്‍ ഹൃദ്രോഗം വളരെ കൂടുതലായാണ് കണ്ടുവരുന്നത്. ഹൃദയ പരിശോധനകള്‍ എല്ലാം താരതമ്യേനെ ചെലവേറിയതാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനക്കാര്‍ വൈദ്യ സഹായം തേടാന്‍ മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കി അവര്‍ക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ ഹൃദയ പരിശോധന നടത്തുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ഇതുവഴി ഒരു പരിധിവരെ കഴിയും. എല്ലാ പ്രവാസികളും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പുതുതായി പണികഴിപ്പിച്ച ശിഫയുടെ കെട്ടിടത്തില്‍ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനറല്‍ മെഡിസിനില്‍ 13 ഡോക്ടര്‍മാരുടെയും ഇന്റേണല്‍ മെഡിസിനില്‍ ഒരു കണ്‍സള്‍ട്ടിന്റയും നാലു സ്‌പെഷലിസ്റ്റുകളുടെയും സേവനം ഇവിടെ ലഭ്യമാണ്.
ഏഴു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിഫയുടെ പുതിയ കെട്ടിടം കഴിഞ്ഞ മെയ് 10ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.
ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇഎന്‍ടി, ഓഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, ഡെര്‍മറ്റോളജി, ജനറല്‍ സര്‍ജറി, റേഡിയോളജി തുടങ്ങി എല്ലാവിധ ചികില്‍സാ വിഭാഗങ്ങളും പുതിയ സെന്ററില്‍ ലഭ്യമാണ്. ഏറ്റവും മികച്ച ലബോറട്ടറി സൗകര്യവും പുതിയ ക്ലിനിക്കിന്റെ പ്രത്യേകതയാണ്. രണ്ടു നിലകളിലും പുറത്തുമായി വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യമുണ്ടെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സിഇഒ ഹബീബ് റഹ്മാന്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ഡയരക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. സുജീത് ലാല്‍, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി, കാര്‍ഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."