HOME
DETAILS

കടലാടിപ്പാറ ഖനന പദ്ധതി: ഇടതുമുന്നണി വെട്ടില്‍

  
backup
July 29 2016 | 00:07 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%96%e0%b4%a8%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%87

പിണറായി വിജയനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പി കരുണാകരന്‍ എം.പിയും പദ്ധതിയെ
നേരത്തെ എതിര്‍ത്തിരുന്നു    

ഖനനം പോയിട്ട് പഠനം പോലും അനുവദിക്കില്ലെന്ന് സമരസമിതി


 ഖനനത്തിലൂടെ ഇല്ലാതാവുക വടക്കന്‍ മലബാറിലെ ജൈവകലവറ


നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഖനനത്തിനു സര്‍ക്കാര്‍ അനുമതി ലഭിച്ചതായി ആശാപുര കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ്‌കുമാര്‍ മേനോന്റെ വെളിപ്പെടുത്തല്‍ ഇടതുമുന്നണി നേതൃത്വത്തെ വെട്ടിലാക്കി. നേരത്തേ ഖനനത്തിനു അനുമതി നല്‍കിയ സമയത്ത് പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പി കരുണാകരന്‍ എം.പിയും സമരസമിതിക്കൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശാപുര കമ്പനിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഇടതുമുന്നണി നേതൃത്വം വിഷമവൃത്തത്തിലായിരിക്കുകയാണ്.
       മാവോയിസ്റ്റുകളെ തുരത്തി പോലും ഖനനം നടത്തിയിട്ടുണ്ടെന്നുള്ള കമ്പനിയുടെ അവകാശ വാദവും പ്രാദേശിക എതിര്‍പ്പിനോടുള്ള വെല്ലുവിളിയായി സമരസമിതി കാണുന്നു. അതേസമയം കടലാടിപ്പാറയില്‍ ഖനനം പോയിട്ടു പഠനം പോലും അനുവദിക്കില്ലെന്നു സമരസമിതി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
       2006 ലാണ് ഇവിടെ 200 ഏക്കര്‍ സ്ഥലത്ത് ഖനനം നടത്താന്‍ ആശാപുര ശ്രമം തുടങ്ങിയത്. അന്നു ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വന്നു. എന്നാല്‍ സമരത്തിനു നേതൃത്വം നല്‍കിയ സി.പി.എമ്മിനെപ്പോലും പ്രതിരോധത്തിലാഴ്ത്തിക്കൊണ്ട് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഖനനത്തിനു അനുമതി നല്‍കി. തുടര്‍ന്നു പി കരുണാകരന്‍ എം.പി യുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനെ സമീപിച്ച് തുടര്‍ നടപടികള്‍ നിര്‍ത്തിവയ്പ്പിച്ചു.  2013 ല്‍ വീണ്ടും ആശാപുര രംഗത്തെത്തുകയും പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയാറാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. പ്രദേശത്തെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കിയായിരുന്നു അപേക്ഷ. അതോടെ വീണ്ടും ജനകീയ പ്രക്ഷോഭം ശക്തമായി. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പ്രധാന രാഷ്ട്രീയ കക്ഷികളുടെയും യുവജന സംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ സ്ഥലത്തെത്തി സമരത്തിനു പിന്തുണയും നല്‍കിയിരുന്നു. തുടര്‍ന്നു സമരസമിതിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയും അന്നത്തെ  വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഖനനാനുമതി റദ്ദു ചെയ്യുമെന്ന ഇന്നത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനു ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.         
കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനത്തിനെന്ന പേരില്‍ ആശാപുരയുടെ സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചു പോയി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജെ അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയിരുന്നത്.
 1977 ല്‍ ഡോ.ടി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് കടലാടിപ്പാറയില്‍ വന്‍ ബോക്‌സൈറ്റ് നിക്ഷേപം കണ്ടെത്തിയത്. ഖനനം നടത്താനായി മൈനിങ് കമ്പനികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണു ഇവിടെ ഖനനത്തിനു അനുമതി തേടിക്കൊണ്ട് ആശാപുര കമ്പനി സര്‍ക്കാരിനെ സമീപിച്ചത്. വന്‍ തുകയ്ക്കു പാട്ടത്തിനാണു ഭൂമി കമ്പനിക്കു നല്‍കുക. എന്നാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണു സമരസമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തു വന്നത്.
പ്രാദേശിക എതിര്‍പ്പിനെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഇടതുമുന്നണിയുടെ പ്രാദേശിക തലത്തില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഇട നല്‍കും. സന്തോഷ് മേനോന്റെ വെളിപ്പെടുത്തലിനോട് സര്‍ക്കാര്‍ തലത്തിലുള്ള പ്രതികരണം ഉണ്ടാകാത്തതും പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മുന്നണിയുടെ ജില്ലാ നേതൃത്വങ്ങളും ഇതുവരെയായും പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.
അതേസമയം, കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പൊതു സ്വകാര്യമേഖലകളില്‍ യാതൊരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു. കടലാടിപ്പാറ ഖനനത്തിനു അനുമതി ലഭിച്ചിട്ടുണ്ടെന്ന ആശാപുര കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഏതുവിധ ഖനന നീക്കവും പൊതുജനങ്ങളെ അണിനിരത്തി തടയാനും തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് സി.വി ഗോപകുമാര്‍ അധ്യക്ഷനായി. കെ.കെ നാരായണന്‍, സി.വി ഭാവനന്‍, ബാബു കോഹിനൂര്‍, ബാബു ചേമ്പേന, സി.ഒ സജി, ശ്രീജിത്ത് ചോയ്യങ്കോട്, ഉമേശന്‍ വേളൂര്‍, അജയന്‍ വേളൂര്‍, എം.പ്രകാശന്‍, കെ.പി ചിത്രലേഖ, എം.കുഞ്ഞുമാണി, ദിനേശന്‍ പെരിയങ്ങാനം, വി.ശശി സംസാരിച്ചു.

കടലാടിപ്പാറ ജൈവ കലവറ

ഏക്കറുകളോളം നീണ്ടുകിടക്കുന്ന ജൈവ കലവറയാണ് കടലാടിപ്പാറ. കടലാടിപ്പാറയില്‍ നിന്നു നോക്കിയാല്‍ കടല്‍ കാണാന്‍ കഴിയുന്നതുകൊണ്ടാണ് ആ പേരു ലഭിച്ചത്. അതല്ല പണ്ടു കാലത്ത് കിഴക്കന്‍ മലയോരത്തു നിന്നും ഒരു കുടുംബം വാവ് ദിവസം ബലിതര്‍പ്പണത്തിനായി കടല്‍തേടി പോയി എന്നും ഈ പാറയില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരാളെ കാണാത്തതിനാല്‍ അവിടെ വിശ്രമിച്ചുവെന്നും സമയം ഏറെ വൈകിയതിനാല്‍ കടലിനെ നോക്കി അവിടെ നിന്നുതന്നെ ബലി തര്‍പ്പണം ചെയ്തുവെന്നും അങ്ങനെയാണ് ഈ പേര് ലഭിച്ചതെന്നും മറ്റൊരു ഐതിഹ്യം.
       പട്ടാണിപാറ എന്നും ഇതിനു പേരുണ്ട്. നിരവധി അപൂര്‍വയിനം പൂമ്പാറ്റകളുടേയും ഓര്‍ക്കിഡുകളുടേയും സസ്യ, ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് കടലാടിപ്പാറ.  ഖനന ഭീതി അകന്നുവെന്നു കരുതിയിരിക്കുമ്പോഴാണ് ഖനനത്തിനു അനുമതി ലഭിച്ചതായുള്ള വെളിപ്പെടുത്തല്‍ വന്നത്.
കടലാടിപ്പാറയില്‍ ആശാപുരയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. വരും ദിനങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനും നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago