അനന്തരാവകാശം: സൂക്ഷ്മതയാണ് അനിവാര്യം
സാമാന്യം സമ്പന്നനായ പിതാവിന്റെ മരണത്തെ തുടര്‍ന്ന് അനന്തരസ്വത്ത് ഭാഗിക്കുന്ന രംഗം വന്നപ്പോള്‍ മൂത്തമകന്‍ സഹോദരിയോട് പറയുന്നു: 'ഒരു പെണ്ണിന് ഒരു ലക്ഷം രൂപയാണ് ഞങ്ങള്‍ കണക്കാക്കുന്നത്.' ഇത് കേട്ട അവരുടെ ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'അപ്പോള്‍ ഒരാണിന് രണ്ട് ലക്ഷം രൂപയാണുണ്ടാവുക. അത് ഞാനങ്ങ് തരാം.' അതോടെ രംഗം വഷളായി. ഇതാണ് പലരുടെയും വീക്ഷണം. സത്യത്തില്‍ പരേതന്റെ ധനം ആര് കൊടുത്താലും ഇല്ലെങ്കിലും അവകാശികളുടെ കൂട്ടുസ്വത്താണ്. അതില്‍ അപരന്റെ ഇഷ്ടം കൂടാതെ ഒന്നും ചെയ്യാന്‍ ഒരാള്‍ക്കും അനുവാദമില്ല. ഈ രംഗത്ത് ഇത്തരം മേല്‍ക്കോയ്മകള്‍ക്ക് ഒരു ന്യായവുമില്ല.
ചില കുടുംബങ്ങളില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്വത്തുക്കള്‍ ഭാഗം വയ്ക്കാതെ നീട്ടി വയ്ക്കാറുണ്ട്. പരസ്പര സമ്മതമില്ലാതെയാണെങ്കില്‍ തനിഹറാം ഉപയോഗിക്കുന്നതിലേക്കാണ് ഇതെത്തിച്ചേരുക. കാരണം ഭാഗം വയ്ക്കുന്നതിന് മുന്‍പ് ഈ സ്വത്തിന്റെ ഓരോ തരി മണ്ണിലും എല്ലാവര്‍ക്കും വ്യത്യസ്ത അളവില്‍ അവകാശമുണ്ടായിരിക്കും.
ചിലര്‍ പെങ്ങന്‍മാര്‍ക്കും മറ്റും എന്തെങ്കിലും നല്‍കി നല്ലപിള്ള ചമയാറുണ്ട്. വേറെ ചിലര്‍ ഇങ്ങനെയും പറയും. ബാപ്പാന്റെ കാലം കഴിഞ്ഞു. ഉമ്മാന്റെ കാലം കഴിയുന്നത് വരെ ഒന്നും ചെയ്യുന്നില്ല. യഥാര്‍ഥത്തില്‍ ഇപ്പറഞ്ഞ ഉമ്മയ്ക്ക് ഈ സ്വത്തില്‍ എട്ടിലൊന്ന് മാത്രമേ ലഭിക്കുകയുള്ളൂ എന്നിരിക്കെ അവരുടെ പേരും പറഞ്ഞ് എന്തിനാണീ ചൂഷണം. മാത്രമല്ല പലര്‍ക്കും അവകാശം ലഭിക്കാതിരിക്കാന്‍ താന്‍ ജീവിച്ചിരിക്കുന്നതാണ് കാരണമെന്ന് ഉമ്മക്ക് തോന്നാനും കാരണമുണ്ടല്ലോ. ചിലര്‍ എന്തെങ്കിലുമൊക്കെ നല്‍കിയെന്നിരിക്കും. പക്ഷെ, അതൊന്നും രേഖപ്പെടുത്തില്ല. ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ ഇത് കാരണമാവാറുണ്ട്.
അനാഥകുട്ടികളുടെ ധനം അവിഹിതമായി ഉപയോഗിക്കാനും ഈ നീട്ടി വയ്ക്കല്‍ പലപ്പോഴും കാരണമാവാറുണ്ട്. അന്യരുടെ ധനത്തില്‍ അനധികൃതമായി കൈകടത്താന്‍ ഒരു നിയമവ്യവസ്ഥയും അനുവാദം നല്‍കുന്നില്ല. ചില ധനികരോട് നിങ്ങളുടെ സ്വത്തിന്റെ സ്രോതസ്സ് എന്താണെന്ന് അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുക. കുറേ പെങ്ങന്‍മാരും മറ്റുമൊക്കെ ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ എന്തെങ്കിലും നക്കാപിച്ചകള്‍ നല്‍കി തൃപ്തിപ്പെടുത്തി ബാക്കിയെല്ലാം ഞാനെടുത്തു. ഇങ്ങനെ പോവുന്നു മറുപടി.
ചില സ്ഥലങ്ങളില്‍ പെണ്‍മക്കള്‍ക്ക് കൊടുത്ത ആഭരണങ്ങളും സ്ത്രീധനവുമെല്ലാം അനന്തരസ്വത്തിലേക്ക് വരവ് വയ്ക്കുന്ന പതിവുണ്ട്. പിതാവ് ജീവിച്ചിരിക്കുന്ന കാലത്ത് നല്‍കിയത് മരണാനന്തരം കിട്ടേണ്ടതിലേക്ക് വരവ് വയ്ക്കാനെങ്ങനെ സാധിക്കും. മരണശേഷം കടബാധ്യതകള്‍ വീട്ടാമെന്നല്ലാതെ ദാനം ചെയ്തത് അവകാശങ്ങളില്‍ എങ്ങനെയകപ്പെടുത്തും.
അഥവാ കല്യാണച്ചെലവ് പരിഗണിക്കുകയാണെങ്കില്‍ ആണ്‍മക്കളുടെ വിദ്യാഭ്യാസച്ചെലവും എഴുതിത്തള്ളേണ്ടതാണല്ലോ. സാമ്പത്തിക ചൂഷണത്തിന് ഇരയായ ഒരാളോട് സംസാരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ വാക്യം നിങ്ങള്‍ ശ്രദ്ധിക്കാതെ പോയതാണ് പ്രശ്‌നം. അല്‍ ബഖറയിലെ ഏറ്റവും വലിയ വാക്യമാണത്, 286ാം വാക്യം. ഇടപാടുകളെല്ലാം കൃത്യമായി എഴുതിവയ്ക്കണമെന്നാണതിന്റെ ആശയം. ഇന്നത്തെപ്പോലെ ചൂഷണങ്ങള്‍ വ്യാപിക്കാത്ത അക്കാലത്ത് പോലും ഇതാണവസ്ഥയെങ്കില്‍ ഇന്നിന്റെ കാര്യം പറയേണ്ടതില്ലല്ലോ. മധ്യസ്ഥം വഹിക്കാനിറങ്ങുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. അവകാശികളില്‍ ഓരോരുത്തരും അവരുടെ വിഹിതം എടുത്ത ശേഷം ബാക്കിയുള്ളത് നിങ്ങളെടുക്കുക. എങ്കില്‍ ഒരു തെറ്റിദ്ധാരണകള്‍ക്കും പ്രസക്തിയുണ്ടാവുകയില്ല.
ചില കേസുകളില്‍ പരേതന്റെ പരലോകഗുണത്തിനായി പല നല്ല കാര്യങ്ങളും നടക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇതിന് ചെലവഴിക്കുന്ന ഫണ്ട് അനന്തരത്തില്‍ നിന്നാണെങ്കില്‍ അവകാശികളില്‍ ചെറിയ കുട്ടികളോ മനോരോഗികളോ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രതികൂലമായി വരുന്ന കാര്യങ്ങള്‍ അരുതാത്തതാണ്. അനന്തരാവകാശ നിയമം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കാന്‍ കാരണമായത് തന്നെ ഇത്തരം ചില ചൂഷണമായിരുന്നുവെന്നതാണ് ചരിത്രം. ഒരു സ്ത്രീ രണ്ട് പെണ്‍കുട്ടികളുമായി പ്രവാചക സദസ്സിലെത്തി ഇപ്രകാരം ബോധിപ്പിച്ചു. ഇവരുടെ ഉപ്പ അങ്ങയോടൊപ്പം യുദ്ധത്തില്‍ പങ്കെടുത്ത് ശഹീദായതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തെല്ലാം സഹോദരന്‍ കൈയടക്കി വച്ചിരിക്കുകയാണ്. ഈ പെണ്‍കുട്ടികളുടെ വിവാഹം നടക്കണമെങ്കില്‍ സമ്പത്ത് ആവശ്യവുമാണ്. ഈ സാഹചര്യത്തിലാണ് അനന്തരാവകാശം വിശദമാക്കുന്ന ഖുര്‍ആന്‍ വാക്യം അവതരിക്കുന്നത്.
മൂന്നില്‍ രണ്ട് ഭാഗം ഈ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ പ്രവാചകന്‍ കല്‍പിക്കുകയും ചെയ്തു. ചൂഷണത്തിന് സാധ്യതയുള്ള സംഗതികളില്‍ വ്യക്തവും ഭദ്രവുമായ നിയമങ്ങള്‍ ശരീഅത്ത് നല്‍കുന്നതായി കാണാം. ഉദാഹരണമായി വിവാഹദിനത്തില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ ഇവിടെ നല്‍കുന്നവന്‍ ആരെയാണ് ഉദ്ദേശിച്ചതെങ്കില്‍ അവര്‍ക്ക് തന്നെ അവകാശപ്പെട്ടതായിരിക്കും. അഥവാ അയാള്‍ ഒന്നും ഉദ്ദേശിക്കാതിരിക്കുകയോ ഉദ്ദേശ്യം വ്യക്തമല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഉദ്ദേശിക്കാന്‍ ഏറെ സാധ്യതയുള്ളവര്‍ക്ക് അവകാശപ്പെട്ടതും അതും സാധ്യമല്ലെങ്കില്‍ നാട്ടിലെ പതിവ് പരിഗണിക്കേണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. പഴയകാല സൂക്ഷ്മശാലികള്‍ ഇത്തരം കാര്യങ്ങളില്‍ പുലര്‍ത്തിപ്പോന്നിരുന്ന കണിശമായ സൂക്ഷ്മതകള്‍ ആശ്ചര്യം തന്നെയായിരുന്നു.
ഹറാമില്‍ നിന്നും വളര്‍ന്ന മാംസം നരകത്തിനാണ് ഏറ്റവും ചേരുക എന്ന പ്രവാചക വചനം നാം വിസ്മരിക്കരുത്. യഥാര്‍ഥത്തില്‍ മുസ്‌ലിം സമുദായം ബഹുസ്വരസമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തന്നെ ഹേതുവായത് ഇത്തരം സൂക്ഷ്മതകള്‍ തന്നെയായിരുന്നു. ധനം കൈകാര്യം ചെയ്യുമ്പോള്‍ പരേതരുടെ ഹജ്ജ്, നേര്‍ച്ച തുടങ്ങിയ ബാക്കിവച്ച ബാധ്യതകള്‍ പലപ്പോഴും വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."