കശ്മിര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന്
കശ്മിര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷ വിലയിരുത്തുവാനായി സിക്കിമിലെത്തിയ രാജ്‌നാഥ് സിങ് തനിക്ക് കിട്ടിയ സ്വീകരണ യോഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. അത് എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. കശ്മിരില്‍ ശാശ്വത സമാധാനവും പ്രശ്‌നപരിഹാരവും ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ അജണ്ടയായിരുന്നുവെങ്കില്‍ ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള മൂന്ന് വര്‍ഷം മതിയാകുമായിരുന്നു.
വെറുപ്പ് ഉല്‍പാദിപ്പിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് ഭരണത്തിലേറുന്ന ഒരു പാര്‍ട്ടിക്ക് കശ്മിര്‍ ജനതയെ ഇന്ത്യക്കാരായി കാണാനുള്ള മന:സ്ഥിതിയാണ് ആദ്യം ഉണ്ടാകേണ്ടത്. പക്ഷെ ഇതില്‍നിന്ന് ഇപ്പോള്‍ മുതലെടുത്തുകൊണ്ടിരിക്കുന്നത് പാകിസ്താനാണ് എന്നത് എന്തു മാത്രം ദൗര്‍ഭാഗ്യകരമാണ്. പാക് മുന്‍ പ്രധാനമന്ത്രി ഗീലാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രൂപം നല്‍കിയ കശ്മിര്‍ പ്രശ്‌നപരിഹാര ഫോര്‍മുലയെ നഖശിഖാന്തം എതിര്‍ത്ത് തോല്‍പ്പിച്ചവരാണ് ഇന്നത്തെ ബി.ജെ.പി. സര്‍ക്കാര്‍. 2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അടക്കമുള്ള അയല്‍രാജ്യ നേതാക്കളെ ക്ഷണിച്ചത് കശ്മിര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എങ്ങനെയാണ് കാണാനാവുക. കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മിര്‍ ജനത നമ്മുടേതാണെന്നും വാചകമടിക്കുന്നതില്‍ കാര്യമില്ല.
കശ്മിര്‍ ജനതക്കും അത് ബോധ്യമാകേണ്ടതുണ്ട്. അത്തരത്തിലുള്ള എന്തു നടപടിയാണ് ബി.ജെ.പി. സര്‍ക്കാരില്‍നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്? കശ്മിര്‍ മതി,കശ്മിരികളെ വേണ്ടെന്ന നിലപാടുമായി കശ്മിര്‍ പ്രശ്‌നത്തെ സമീപിക്കാനാവില്ല. കശ്മിര്‍ ജനതയുടെ വിശ്വാസമാര്‍ജ്ജിക്കാതെ എങ്ങനെ കശ്മിര്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാകും. ബുര്‍ഹാന്‍ വാനിയെ പട്ടാളം വെടിവച്ചുകൊന്നതിന് ശേഷമാണ് സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന കശ്മിര്‍ വീണ്ടും കലുഷിതമാകാന്‍ തുടങ്ങിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പരാജയപ്പെടുത്താന്‍ പാകിസ്താന്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയവരാണ് കശ്മിര്‍ ജനത. തുടര്‍ന്നാണ് പി.ഡി.പി.യും ബി.ജെ.പി.യും കശ്മിരില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അന്തരീക്ഷം മാറുകയായിരുന്നു. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനെതിരേ കശ്മിരില്‍ യുവാക്കളെ ഇളക്കി വിടുന്ന സോഷ്യല്‍ മീഡിയാ-- സന്ദേശങ്ങള്‍ പാകിസ്താന്‍ നിരന്തരം അഴിച്ചുവിട്ടുകൊണ്ടിരുന്നു. കുറെ യുവാക്കളെങ്കിലും ഇതില്‍ വീഴുകയും സൈന്യത്തിനു നേരെ കല്ലേറ് നടത്തുവാന്‍ തുടങ്ങുകയും ചെയ്തു.
ഇത് പട്ടാളം തന്നെ വരുത്തി വച്ചതാണ്. കശ്മിരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍നിന്നു രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട പട്ടാളമേധാവിക്ക് സൈനിക മെഡല്‍ സമ്മാനിച്ച് കശ്മിര്‍ യുവാക്കളെ കൂടുതല്‍ പ്രകോപിതരാക്കുകയാണ് സര്‍ക്കാര്‍. സംഭവത്തില്‍ മേജര്‍ നിതിന്‍ ഗോഗോയ്‌ക്കെതിരേ സൈനിക തലത്തില്‍ അന്വേഷണം നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ മെഡല്‍ നല്‍കി ആദരിച്ചിരിക്കുകയാണ്. കശ്മിരിലെ അസ്ഥിരത മുതലെടുത്ത് പാകിസ്താനില്‍നിന്നുള്ള തീവ്രവാദികള്‍ നിരന്തരം നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. ഇന്നലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത നടപടി അഭിനന്ദനീയം തന്നെ. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം യുദ്ധത്തില്‍ മരിക്കുന്നതിനേക്കാള്‍ അധികം പട്ടാളക്കാര്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
സഹോദരിയുടെ കല്യാണം കൂടുവാന്‍ അവധിക്ക് നാട്ടില്‍ വന്ന സൈനിക ഓഫിസറായിരുന്ന ഉമര്‍ ഫായിസിനെ കശ്മിരികള്‍ തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ കാരണം കശ്മിര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റായ നിലപാടുകളുടെ ഫലമായിട്ടായിരുന്നെന്ന് ഇനിയെങ്കിലും രാജ്‌നാഥ് സിങ്ങും കേന്ദ്രസര്‍ക്കാരും മനസിലാക്കണം. അതിര്‍ത്തിയില്‍ പാകിസ്താന്റെ ക്രൂരതകള്‍ക്കും ഇന്ത്യന്‍ പട്ടാളക്കാരുടെ കര്‍ശന പരിശോധനകള്‍ക്കുമിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യ ജനതയാണ് കശ്മിരികള്‍. ഇവിടെ ശാശ്വത സമാധാനവും പ്രശ്‌ന പരിഹാരവും ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രവര്‍ത്തിച്ചുകാണിക്കേണ്ട സമയമാണിത്. ഹിന്ദു രാഷ്ട്ര വാദമുയര്‍ത്തുന്ന ബി.ജെ.പി. ഹിന്ദുത്വ മന:സ്ഥിതി ഉപേക്ഷിക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."