സ്വര്‍ണക്കടത്തിനു പിന്നില്‍ ഉന്നതരെന്ന് കോടതി
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ സ്രാവുകളുണ്ടെന്ന് സാമ്പത്തിക കുറ്റാന്വേഷണ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.
സ്വര്‍ണക്കടത്തു കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍.
ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.
ഈ കേസിലെ മുഖ്യപ്രതികളായ സ്വപ്ന,സരിത്ത് എന്നിവരെ നവംബര്‍ 24മുതല്‍ 29വരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ പരിഗണിക്കുമ്പോള്‍, ഞെട്ടലുണ്ടാക്കുംവിധമുള്ള ഉന്നത ഇടപെടലുകള്‍ സ്വര്‍ണക്കടത്തിലും വിദേശ കറന്‍സി കടത്തിലും നടന്നതായി വിലയിരുത്താമെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം അന്വേഷണത്തിന്റെ രഹസ്യാത്മകത പരിഗണിച്ച് പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വമ്പന്‍ സ്രാവുകള്‍ അധികാര ദുര്‍വിനിയോഗം നടത്തിയും യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്നുമാണ് സ്വര്‍ണക്കടത്തു നടത്തിയത്. നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് സംശയിക്കാമെന്നും നിരീക്ഷിച്ചു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ശിവശങ്കറെ നവംബര്‍ 25 മുതല്‍ 30വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് അന്വേഷണ സംഘം ഏഴു ദിവസത്തേക്കു കൂടി കസ്റ്റഡി ആവശ്യപ്പെട്ടത്.
ശിവശങ്കറിനെ ഇതിനകം ഇ.ഡിയും കസ്റ്റംസുമടക്കമുള്ള വിവിധ ഏജന്‍സികള്‍ നിരവധി തവണ ചോദ്യംചെയ്തതാണെന്നും എന്നാല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇനിയും കസ്റ്റഡിയില്‍ വിടുന്നത് അനാവശ്യമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍വാദമുന്നയിച്ചിരുന്നു. ഈ വാദങ്ങള്‍ തള്ളിയാണ് കോടതി കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."