HOME
DETAILS
MAL
ഗണേഷ് കുമാറിന്റെ ഓഫിസില്‍ പൊലിസ് പരിശോധന
backup
December 02 2020 | 02:12 AM
കൊട്ടാരക്കര(കൊല്ലം): കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എം.എല്‍.എയുമായ കെ.ബി ഗണേഷ്കുമാറിന്റെ ഓഫിസിലും എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയുടെ കൊട്ടാരക്കരയിലെ കുടുംബവീട്ടിലും പൊലിസ് പരിശോധന നടത്തി.
കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയായിരുന്നു ബേക്കല്‍ പൊലിസിന്റെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയത്.
സാക്ഷിയെ ഭീഷണിപ്പെടുത്താനായി പ്രദീപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും ലാപ്പ് ടോപ്പും കണ്ടെടുക്കാനായിരുന്നു പരിശോധന. എന്നാല്‍ കാര്യമായ തെളിവുകളൊന്നും പരിശോധനയില്‍ പൊലിസിന് കിട്ടിയില്ലെന്നാണ് സൂചന.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കാസര്‍കോട് പൊലിസും കൊട്ടാരക്കര പൊലിസും സംയുക്തമായി ആദ്യം പ്രദീപ്കുമാറിന്റെ കോട്ടാത്തല പണയില്‍ പുല്ലന്റഴികത്ത് വീട്ടിലെത്തിയത്. ഇവിടെ രണ്ടു മണിക്കൂറോളം സംഘം പരിശോധന നടത്തി. വനിതാ പൊലിസും സംഘത്തിലുണ്ടായിരുന്നു. പ്രദീപ് കുമാറിന്റെ മാതാവും സഹോദരിയുമാണ് ഇവിടെ താമസിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് പ്രദീപ് ഇവിടെ എത്താറുള്ളത്.
വീട്ടിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ സംഘം ഗണേഷ് കുമാറിന്റെ ഓഫിസില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ ഗണേഷ് കുമാറിനും കേരള കോണ്‍ഗ്രസ് ബിക്കും പ്രതിഷേധമുണ്ടെങ്കിലും തല്ക്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."