സംസാരത്തില്‍ ബോംബെന്ന് കേട്ടു; കസ്റ്റഡിയിലെടുത്ത ആറ് മലയാളി യുവാക്കളെ വിട്ടയച്ചു
മുംബൈ: ബോംബിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന യാത്രക്കാരന്റെ പരാതിയില്‍ ആറ് മലയാളി യുവാക്കളെ റെയില്‍വേ പൊലിസ് കസ്റ്റഡിയിലെടുത്തു. നേത്രാവതി എക്‌സ്പ്രസില്‍ പനവേലില്‍ വന്നിറങ്ങിയ യുവാക്കള്‍ ഇലക്ട്രിക് ട്രെയിനില്‍ മുംബൈ സി.എസ്.ടിക്ക് പുറപ്പെട്ടപ്പോഴാണ് പൊലിസ് പിടിയിലായത്.
കെ.കെ.യൂനുസ്, മുഹമ്മദ് ആദിഷ്, മുഹമ്മദ് സിദ്ദീഖ്, യു.എസ് യൂനുസ്, അബ്ദുല്‍ റഊഫ്, മുഹമ്മദ് എന്നിവരെയാണ് റെയില്‍വേ പൊലിസ് പിടികൂടിയത്. ഇവരെ വാഷി റെയില്‍വേ പൊലിസ് ചോദ്യം ചെയ്തു. മുംബൈക്ക് പകരം ബോംബെ എന്ന് പറഞ്ഞതാണ് സഹയാത്രക്കാരനില്‍ സംശയമുണ്ടാകാന്‍ കാരണമെന്ന് പൊലിസ് പറഞ്ഞു.
ഇവരെ ഭീകര വിരുദ്ധ സേന ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വിട്ടയച്ചതായി റെയില്‍വേ പൊലിസ് പറഞ്ഞു.
ഇലക്ട്രിക് ട്രെയിന്‍ യാത്രക്കിടയില്‍ ഇവരുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്നും ബോംബിനെക്കുറിച്ച് പറയുന്നത് കേട്ടുവെന്നുമാണ് സഹയാത്രികന്‍ പറഞ്ഞത്. ഇവരുടെ വീഡിയോ പകര്‍ത്തിയ യാത്രക്കാരന്‍ തിലക് നഗര്‍ സ്റ്റേഷനില്‍ ഇറങ്ങി കുര്‍ള റെയില്‍വേ പൊലിസിന് വിവരം നല്‍കി.
കുര്‍ള റെയില്‍വേ പൊലിസ് സി.എസ്.ടി. റെയില്‍വേ പൊലിസിന് വിവരം കൈമാറി. തിങ്കളാഴ്ച വൈകുന്നേരം ട്രെയിന്‍ എത്തുമ്പോള്‍ റെയില്‍വേ പൊലിസ് കാത്ത് നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു സുഹൃത്ത് മൊബൈല്‍ ഫോണില്‍ വിളിച്ച് എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ മുംബൈക്ക് പകരം ബോംബെയിലാണെന്ന് പറഞ്ഞു. ഇതുകേട്ടതാണ് സഹയാത്രികന് ബോംബെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ കാരണമെന്ന് യുവാക്കള്‍ പൊലിസിനോട് പറഞ്ഞു.
രാജാപുരക്കടുത്ത രത്‌നഗിരിയില്‍ 23 ദിവസം നീണ്ടുനില്‍ക്കുന്ന ഉറുദു പരിശീലന ക്ലാസില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ എത്തിയതെന്ന് വാഷി റെയില്‍വേ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് പാട്ടീല്‍ അറിയിച്ചു. ജെ.ജെ. ആശുപത്രിക്കടുത്തുള്ള മദ്‌റസയോടു ചേര്‍ന്നാണ് യുവാക്കള്‍ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."