പ്രവാസികൾക്കും വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിൽ ആഹ്ലാദത്തോടെ പ്രവാസ ലോകം
റിയാദ്: പ്രവാസികൾക്ക് വോട്ടിംഗ് സംവിധാനം സജ്ജീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പച്ചക്കൊടി കാട്ടിയതോടെ വർഷങ്ങളുടെ പഴക്കമുള്ള ആവശ്യത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇനി കേന്ദ്രത്തിന്റെ കൈയിലാണെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷകണക്കിന് വരുന്ന പ്രവാസികൾ. അടുത്ത വർഷം നടക്കാനിരിക്കുന്ന കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുചേരി നിയമ സഭ തിരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
നാട്ടിൽ തെരഞ്ഞെടുപ്പ് മേളങ്ങൾ നടക്കുമ്പോൾ പിരിവ് നൽകാനും കൈയടിക്കാനും മാത്രം വിധിക്കപ്പെട്ടവരായിരുന്നു പ്രവാസികൾ. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷിയും അവധിയും ലഭിക്കുന്ന ഏതാനും പ്രവാസികൾ നാട്ടിൽ പോയി വോട്ട് ചെയ്യുമെങ്കിലും ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇത് ഇപ്പോഴും അന്യമായി തുടരുകയാണ്. എന്നാൽ, കൊവിഡും ക്വാറൻറീനും ചേർന്ന് പ്രവാസികളുടെ മിന്നൽ സന്ദർശനം ഇല്ലാതാക്കിയതോടെ ഇത്തവണ അതും ഉണ്ടാകാത്ത സ്ഥിതിക്കിടെയാണ് ഏറെ പ്രതീക്ഷ നൽകി ഇലക്ഷൻ കമ്മീഷൻ രംഗത്തെത്തിയത്.
വർഷങ്ങളായി പ്രവാസികൾ ഈ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും 2013 ൽ പ്രവാസികളായ വ്യവസായി ഡോ: വി.പി. ഷംസീറും നാഗേന്ദര്‍ ചിന്ദമും സുപ്രീം കോടതിൽ ഇക്കാര്യത്തിൽ പൊതുതാത്പര്യ ഹര്‍ജികള്‍ നൽകിയതോടെയാണ് പ്രവാസി വോട്ട് വീണ്ടും ചൂട് പിടിച്ചത്. തുടർന്ന് സുപ്രീം കോടതി കർശന നിർദേശവും മുന്നറിയിപ്പും നൽകിയതിനെ തുടർന്നാണ് സർക്കാർ നിയമ ബേദഗതി വരുത്തി സഭ അംഗീകരിച്ചത്.
വിദേശികളായ ഇന്ത്യക്കാർക്ക് പ്രോക്സി വോട്ടവകാശം അനുവദിച്ചു ലോകസഭാ നിയമ ഭേദഗതിയും പാസാക്കിയിരുന്നു. 1951 ജനാധിപത്യ നിയമ വ്യവസ്ഥയിൽ ഭേദഗതി വരുത്തിയാണ് ലോക സഭ രണ്ടു വർഷം മുമ്പ് നിയമം പാസാക്കിയത്. രണ്ടരക്കോടിയിലധികം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ പങ്കാളികാൻ അവസരമൊരുക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഏറെ കാലത്തെ നിരീക്ഷണങ്ങൾക്കും വാഗ്വാദ ങ്ങൾക്കും ശേഷം നിയമത്തിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പുകളിൽ പ്രവാസികളെ ലോകസഭ അംഗീകരിച്ചത്. പാർലമെന്റ് ബിൽ കാലഹരണപ്പെട്ട് രണ്ടു വർഷം പിന്നിടുമ്പോഴാണ് പ്രവാസി വോട്ടവകാശം വീണ്ടും സജീവമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രംഗത്ത് വന്നത്. ഇലകട്രോണിക്കലി ട്രാൻസ്മിറ്റ് പോസ്റ്റൽ ബാലറ്റ് സംവിധാനത്തിലൂടെ വിദേശ ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
നിലവിൽ സ്ഥിര മേൽവിലാസമുള്ളിടത്ത് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെങ്കിലും വോട്ടു ചെയ്യാൻ നേരിട്ട് സ്ഥലത്തെണമെന്ന നിർദേശം ഒരിക്കലും പ്രായോഗികമായിരുന്നില്ല. ഇതിനാണ് പോസ്റ്റൽ ബാലറ്റിലൂടെ അന്ത്യമാകാൻ പോകുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രവാസികൾക്ക് ഓൺലൈനായോ പ്രോക്സി വോട്ടിങ്ങിനൊ ഉള്ള സാധ്യത പരിശോധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."