ഭര്‍ത്താവിനെയും കുഞ്ഞിനെയും കണ്ടെത്താനായില്ല
കുന്ദമംഗലം: കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പുറായില്‍ സൂപ്പിക്കുട്ടിയുടെ മകള്‍ ആലുംതോട്ടത്തില്‍ ഷാഹിദയെയാണ് (35) സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരോടപ്പുമുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെയും മകള്‍ ഖദീജത്തുല്‍ മിസ്‌രിയ്യയെയും (ഒന്നര) ഇതുവരേ കണ്ടെത്താനായിട്ടില്ല. സംഭവദിവസം കാണാതായ ഇവരെ കണ്ടെത്തുന്നതിനായി ചേവായൂര്‍ സി.ഐ കെ.കെ ബിജുവിന്റെ അന്വേഷണം നടക്കുന്നുണ്ട്.
ഇന്നലെ പകല്‍ പതിനൊന്നോടെ ഫോറന്‍സിക് വിഭാഗവും ഡോഗ്‌സ്‌ക്വാഡും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. എം.കെ രാഘവന്‍ എം.പി സ്ഥലം സന്ദര്‍ശിച്ചു. മനഃപൂര്‍വമുള്ള കൊലപാതകമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നാണ് പൊലിസ് നിഗമനം. യുവതിയുടെ ശരീരത്തില്‍ പരുക്കേറ്റ അടയാളമുണ്ടായിരുന്നു. ഇരുകാലുകളിലും ഇസ്തിരിപ്പെട്ടിയില്‍നിന്ന് പൊള്ളലേറ്റ പാടുമുണ്ട്. 21ന് രാത്രി ഒന്‍പതോടെയെങ്കിലും മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഈസമയത്ത് ഇവര്‍ താമസിച്ചരുന്ന വീട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതായി സമീപവാസികള്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തി തനിച്ചു താമസിക്കുന്നതിനിടെ തലശ്ശേരി സ്വദേശിയാണെന്ന് കരുതുന്ന മുഹമ്മദ് ബഷീറിനെ തനിക്ക് വിവാഹം ചെയ്തുതരാന്‍ യുവതി പിതാവിനോടും മഹല്ല് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് വ്യക്തമായ മേല്‍വിലാസമില്ലാത്തതിനാല്‍ മഹല്ല് കമ്മറ്റിയും പിതാവും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് യുവതി സ്വയം ബഷീറുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
ഇതിനുശേഷം നാലുമാസം മുന്‍പ് വരെ ചോലക്കല്‍താഴത്ത് വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈ ബന്ധത്തിലുള്ളതാണ് മകള്‍ ഖദീജത്തുല്‍ മിസ്‌രിയ്യ. അതേസമയം അരയ്ക്കുതാഴെ ശേഷിക്കുറവുള്ള പ്രതിയെ എത്രയും പെട്ടെന്ന് വലയിലാക്കുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."