പ്രളയം: വയനാട്ടിലെ പഞ്ചായത്ത് ദത്തെടുക്കുമെന്ന് ആം ആദ്മി എം.എല്‍.എ
കോഴിക്കോട്: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി സര്‍ക്കാരും പരമാവധി സഹായം നല്‍കുമെന്ന് ഡല്‍ഹി എം.എല്‍.എ പ്രവീണ്‍ കുമാര്‍ ദേശ്മുഖ്. തന്റെ എം.എല്‍.എ ഫണ്ടില്‍നിന്ന് കേരളത്തിന്റെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള അനുമതി സ്പീക്കര്‍ നല്‍കിയെന്നും പ്രളയം ബാധിച്ച വയനാട്ടിലെ ഒരു ഗ്രാമത്തെ ദത്തെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താലേഖകരുമായി നടത്തിയ മുഖാമുഖത്തില്‍ വ്യക്തമാക്കി. ഈ ആവശ്യം അറിയിക്കുന്നതിന് അദ്ദേഹം ഇന്നു വയനാട് ജില്ലാ കലക്ടറെ കാണും.
നേരത്തെ ആംആദ്മി പാര്‍ട്ടിയുടെ എം.പി സജ്ഞയ് സിങ് എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്ത് ദത്തെടുക്കാന്‍ തീരുമാനിച്ചിരുന്നു. നവ കേരളമല്ല, യുവ കേരളമാണ് ഇനിയുണ്ടാകേണ്ടതെന്ന് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. പ്രളയദുരിതാശ്വാസത്തില്‍ സുതാര്യത വേണമെന്നും പ്രളയബാധിതരുടെ പ്രതികരണം തേടി സംസ്ഥാന വ്യാപകമായി യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം അറിഞ്ഞയുടന്‍ താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം 10 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചെന്നും പ്രവീണ്‍ കുമാര്‍ ദേശ്മുഖ് പറഞ്ഞു. ആപിന്റെ ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി വനിതാ കമ്മിഷനിലെ ജീവനക്കാര്‍ ഒരുദിവസത്തെ വേതനം കേരളത്തിനു നല്‍കും. കേരളത്തിനു പണം മാത്രമല്ല, സാങ്കേതിക സഹായം നല്‍കാനും ഡല്‍ഹി ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തില്‍ സംസ്ഥാനസമിതി അംഗങ്ങളായ ഷൗക്കത്തലി എരോത്ത്, വിനോദ് മേക്കോത്ത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."