പ്രതികളെ ചോദ്യം ചെയ്യണമെങ്കില്‍ സി.സി.ടി.വി വേണം: ശബ്ദം റെക്കോര്‍ഡ് ചെയ്യണമെന്നും സുപ്രിം കോടതി
ന്യൂഡല്‍ഹി: പൊലിസ് സ്റ്റേഷനുകളില്‍ പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രിം കോടതി.
ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസം വരെ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഉത്തരവ്.സി.ബി.ഐ, എന്‍.ഐ.എ, ഇഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. കസ്റ്റഡിയില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിക്കണം. ചോദ്യം ചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും കാമറകള്‍ വേണമെന്നും ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.
എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫിസുകളിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യല്‍ നടക്കുന്ന ഇടങ്ങളിലും കുറ്റാരോപിതരെ ഇരുത്തുന്ന ഇടങ്ങളിലും സിസിടിവി കാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണം. നര്‍ക്കോട്ടിക് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ക്കും ഇത് ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."