ബഹ്‌റൈനിലെ കേരളീയ സമാജം സെപ്റ്റംബര്‍ 28നകം തിരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്ന് അധികൃതര്‍
ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈനിലെ കേരളീയ സമാജം സെപ്റ്റംബര്‍ 28നകം തിരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്ന് ബഹറൈന്‍ സോഷ്യല്‍ അഫയേഴ്‌സ് വിജ്ഞാപനത്തിലൂടെ ആവശ്യപ്പെട്ടു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ പ്രതിപക്ഷ വിഭാഗമായ പ്രോഗ്രസീവ് പാനല്‍ വിഭാഗമാണ് തങ്ങളുടെ ഇടപെടല്‍ വിജയിച്ചു എന്ന് അവകാശപ്പെട്ട് ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഭരണ സമിതിക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായാണ് പ്രോഗ്രസീവ് പാനല്‍ ഇവിടെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്.
കേരളീയ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ ലംഘനമാണെന്നും സെപ്റ്റംബര്‍ 28നകം തിരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്ന് ബഹറൈന്‍ സോഷ്യല്‍ അഫയേഴ്‌സ് നിര്‍ദേശിച്ചുവെന്നും ഗസറ്റ് വിജ്ഞാപനങ്ങളുടെ പകര്‍പ്പുകള്‍ സഹിതം അവര്‍ ചൂണ്ടിക്കാട്ടി.
ബഹ്‌റൈന്‍ കേരളീയ സമാജം ഭരണ സമിതി, ക്ലബ്ബ് ആക്ട് പ്രകാരം സര്‍ക്കാര്‍ ഓര്‍ഡര്‍ Law no 21 of 1989 ന്റെ ആര്‍ട്ടിക്കിള്‍ 30,32, 33, & 39 ലംഘിക്കുകയും ബഹറൈന്‍ സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തെറ്റായി അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമാജം ഭരണ സമിതിക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് പ്രോഗ്രസീവ് പാനല്‍ വിശദീകരിച്ചു.
നിലവിലുള്ള കമ്മറ്റിക്ക് ഭരണ നിര്‍വഹണാധികാരം ഇല്ലെന്നും അവര്‍ അധികാരത്തില്‍ തുടരുന്നത് നിയമാനുസൃത മല്ലെന്നും അതുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷം സമാജം നടത്തിയ സാമ്പത്തിക ക്രയവിക്രയങ്ങള്‍ അടക്കുള്ള മുഴുവന്‍ ഇടപാട്കളുടെയും രേഖകള്‍ പരിശോധനാര്‍ത്ഥം സമര്‍പ്പിക്കണമെന്നും തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റിക്ക് അധികാരം കൈമാറണമെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് ഈ വര്‍ഷം തിരഞ്ഞെടുപ്പില്ലെന്ന സമാജം ഭരണസമിതിയുടെ വ്യാജ പ്രചരണത്തിനുള്ള മറുപടിയാണെന്നും കഴിഞ്ഞ 71 വര്‍ഷത്തെ സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടാവുന്നതെന്നും പ്രോഗ്രസീവ് പാനല്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
നേരത്തെ, പ്രോഗ്രസ്സീവ് പാനല്‍ സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന് നല്‍കിയ മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
സമാജം വാര്‍ഷിക ജനറല്‍ ബോഡിയോഗം സമാജം ഭരണഘടന പ്രകാരവും, രാജ്യത്തെ നിയമപ്രകാരവും, സമാജത്തിന്റെ സാമ്പത്തിക വര്‍ഷം അവസാനിച്ച് മൂന്ന് മാസത്തിനുള്ളില്‍ വിളിക്കണം. അതോടൊപ്പം പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തണം എന്നുമാണ് അനുശാസിക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കുവാന്‍ ഭരണസമിതി തയ്യാറായില്ല എന്ന് മാത്രവുമല്ല ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അംഗങ്ങള്‍ക്കിടയില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നതായും പാനല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
'ഞങ്ങള്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരല്ല, സമാജത്തില്‍ നടക്കുന്ന തെറ്റായ പ്രവണതകള്‍ തുറന്നുകാണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സമാജം ഭരണസമിതിയുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നവരെ സമാജത്തെ പൂട്ടിക്കുവാന്‍ നടക്കുന്നവരാണെന്നാണവര്‍ ആരോപിക്കുന്നത്.
വ്യക്തിഹത്യകള്‍ക്കു പുറമെ, ജോലി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലി കളയും എന്ന് പറഞ്ഞുള്ള ഭീഷണിയുമുണ്ട്.'
അവര്‍ ആരോപിച്ചു.
നിലവില്‍ 1600ഓളം അംഗങ്ങളുള്ള സമാജത്തില്‍ ജനാധിപത്യ വിരുദ്ധ നടപടികള്‍ ആണ് ഭരണ സമിതിനടത്തുന്നതെന്നും പാനല്‍ ആരോപിച്ചു.
സമാജം കാണാത്ത വരെ പോലും ചേര്‍ത്ത് കൃത്രിമമായി മെമ്പര്‍ഷിപ്പ് വര്‍ധിപ്പിക്കുക, തങ്ങള്‍ക്ക് അനുകൂലമായി ഭൂരിപക്ഷം സൃഷ്ടിക്കുക തുടങ്ങിയ ഭരണസമിതിയുടെ തെറ്റായ നടപടികള്‍ ജാധിപത്യ പരമായും നിയമപരമായും നേരിടുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ മന്ത്രാലയത്തെ സമീപിച്ചത്. ഇത്തരം ജാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ എല്ലാ ജനാധിപത്യവിശ്വസികളോടും അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും പ്രോഗ്രെസ്സീവ് പാനല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഭരണ സമിതി തയ്യാറായിട്ടില്ല.
വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രസീവ് പാനല്‍ ഭാരവാഹികളായ ജനാര്‍ദ്ധനന്‍, എസ്. മോഹന്‍കുമാര്‍, വി.കെ.പവിത്രന്‍, ശാഫി പാറക്കട്ട, സുധിന്‍ അബ്രഹാം, അജയകൃഷ്ണന്‍, വിപിന്‍കുമാര്‍, അജിത്ത് മാത്തൂര്‍, എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."