വികസന മുരടിപ്പില്‍ നട്ടം തിരിഞ്ഞ് നേമം താലൂക്ക് ആശുപത്രി
നേമം: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അധികൃതരുടെ കനിവും കാത്ത് കിടക്കുകയാണ് ശാന്തിവിളയിലെ ഈ സര്‍ക്കാര്‍ ആശുപത്രി. പേര് താലൂക്ക് ആശുപത്രി എന്നാണെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പി.എച്ച്.സിക്കോ, സി.എച്ച്.സിക്കോ താഴെ നിലവാരം മാത്രമാണ് പുലര്‍ത്തുന്നതെന്നാണ് നാട്ടുകാരും രോഗികളും അവരുടെ ആശ്രിതരും പറയുന്നത്. ഒരു താലൂക്ക് ആശുപത്രിയ്ക്ക് വേണ്ട ഡോക്ടര്‍മാരോ, നഴ്‌സ്മാരോ, അത്യാധുനിക തരത്തിലുള്ള ലാബ് സജ്ജീകരണങ്ങളോ സൗകര്യങ്ങളോ ഇവിടെയില്ല. രോഗികള്‍ പൂര്‍ണമായും ആശ്രയിക്കന്നത് സ്വകാര്യ ലാബുകളെയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ട വിധം ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് വേണ്ട വിധം ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെ നില നില്‍ക്കുന്നത്.
തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെട്ടതും പള്ളിച്ചല്‍, കല്ലിയൂര്‍, ബാലരാമപുരം തുടങ്ങി നിരവധി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ആശ്രയവുമായിട്ടുള്ള ഈ സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിനു വേണ്ടി സ്ഥലം എം.എല്‍.എയും കൗണ്‍സിലര്‍മാരും ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും മുറവിള നടത്തിയിട്ടും ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആശുപത്രി സമുച്ചയത്തിലെ പ്രധാന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി. ദേശീയ ആരോഗ്യ മിഷന്‍ അനുവദിച്ച ഒന്നരക്കോടിയോളം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്നാംനില രോഗികള്‍ക്കായി തുറന്നു കൊടുക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തിലും രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലും നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അധികൃതര്‍ പലപ്പോഴും ആവശ്യം അവഗണിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ അധികൃതര്‍ പറയുന്നത് രോഗികള്‍ക്ക് മൂന്നാം നിലയില്‍ എത്തണമെങ്കില്‍ ലിഫ്റ്റ് സൗകര്യങ്ങളോ, റാംപോ സ്ഥാപിക്കാന്‍ കഴിയാത്തതിനാലാണ് മൂന്നാം നില പ്രവര്‍ത്തന സജ്ജമാക്കാത്തതെന്നാണ്. എന്നാല്‍ ലിഫ്റ്റിനു വേണ്ടിയുള്ള ഫണ്ട് ആരോഗ്യമിഷന്‍ നേരത്തെ തന്നെ അനുവദിച്ചതായും എന്നാല്‍ പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് ലിഫ്റ്റ് സ്ഥാപിച്ചാല്‍ ആംബുലന്‍സിനും രോഗികളുമായി എത്തുന്ന മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയില്ലന്ന കാരണത്താല്‍ കൗണ്‍സിലര്‍മാരും നാട്ടുകാരും തടസം നില്‍ക്കുന്നു എന്നുമാണ് സൂചന ലഭിക്കുന്നത്.
ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ അഭാവത്താല്‍ പ്രവേശന കവാടത്തില്‍ തന്നെ പലപ്പോഴും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. ഇക്കാരണത്താല്‍ പലപ്പോഴും ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നത് റോഡില്‍ തന്നെയാണ്. അപകടങ്ങള്‍ തുടര്‍കഥയാകുന്ന നേമം മേഖലയില്‍ പല ദിവസങ്ങളിലും 10 മുതല്‍ 15 വരെ അപകട കേസുകള്‍ എത്തുന്നുണ്ട്. പ്രവേശന കവാടത്തിലെ അനധികൃത പാര്‍ക്കിങ് കാരണം പലപ്പോഴും ആംബുലന്‍സ് റോഡില്‍ നിറുത്തി അബോധാവസ്ഥയിലായ രോഗികളെ ചുമന്നാണ് അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നത്.
പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്നുകള്‍ സൂക്ഷിക്കുന്ന കെട്ടിടം ചോര്‍ന്നൊലിച്ച് ജീര്‍ണാവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ പാനല്‍ പ്രവര്‍ത്തന സജ്ജമല്ല. നിലവിലുള്ളത് 10-ല്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ്. ആശുപത്രി പരിസരം കാടും പടര്‍പ്പും വളര്‍ന്ന് കിടക്കുന്നു. രാത്രിയായാല്‍ ഇവിടം ഇഴജന്തുക്കള്‍ക്കും മരപ്പട്ടികള്‍ക്കും കീരികള്‍ക്കും സ്വന്തം. അനക്‌സ് കെട്ടിടങ്ങള്‍ക്ക് പ്രധാന കെട്ടിടവുമായി യാതൊരു ബന്ധവുമില്ല. പുരുഷന്‍മാരുടെ വാര്‍ഡ് പ്രധാന കെട്ടിട സമുച്ചയത്തില്‍ നിന്നും 350 ഓളം മീറ്റര്‍ പുറകില്‍. ആശുപത്രിയുടെ ശോചനിയാവസ്ഥയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രതിഷേധത്തിനും സമരപരിപാടികള്‍ക്കും തയാറെടുക്കുകയാണ്. റസിഡന്‍സ് അസോസിയേഷന്‍ സംഘടനയായ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്‌ടോബര്‍ 2ന് ജനകീക ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."