ജനപങ്കാളിത്തമില്ല; പ്രഹസനമായി ഗ്രാമസഭകള്‍
ഈരാറ്റുപേട്ട: ജനപങ്കാളിത്തമില്ലാതെ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഗ്രാമസഭ വെറും പ്രഹസനമാകുന്നു.പലയിടങ്ങളിലും ക്വാറം തികയാന്‍ പോലും ആളുകള്‍ എത്താതെ ഗ്രാമസഭകള്‍ ചേരേണ്ടി വരുന്ന സ്ഥിതിയാണിപ്പോള്‍. ത്രിതല പഞ്ചായത്തിലെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പദ്ധതി രൂപവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.ഇതിനായി കരട് പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച് ചേര്‍ത്ത ഗ്രാമസ ഭകളാണ് ഭൂരിപക്ഷം പഞ്ചായത്തുകളിലും ജനപങ്കാളിത്തം വേണ്ടത്ര ഇല്ലാതെ ചേരേണ്ടി വന്നിരിക്കുന്നത്.
ക്വാറം ഇല്ലാതെ ഗ്രാമസഭകള്‍ ചേരരുത് എന്നാണ് നിയമം. എന്നാല്‍ പലപ്പോഴും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് നിയമം അട്ടിമറിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.പലപ്പോഴും ഗ്രാമസഭ മിനുട്ട്‌സ് ബുക്കില്‍ ആളുകളടെ പേര് എഴുതി ചേര്‍ത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ക്വാറം തികയ്ക്കുന്ന രീതിയാണ് കണ്ട് വരുന്നത്.
ഇതിനു ഗ്രാമസഭ കോഓഡിനേറ്ററുമാരായ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നുണെന്ന ആക്ഷേപവും ശക്തം. ഒരോ പദ്ധതികളും ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങളും മറ്റും ഉള്‍പ്പെടുത്തിവേണം വികസന സെമിനാറില്‍ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടാന്‍. എന്നാല്‍ പലപ്പോഴും ഗ്രാമസഭാ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്ക് എടുക്കാറില്ലെന്നതാണ് വസ്തുത.
തങ്ങള്‍ പറയുന്ന നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ മുഖവിലയ്‌ക്കെടുക്കാത്തതാണ് ഗ്രാമസഭകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഓരോ വാര്‍ഡുകളുടെയും സമഗ്ര വികസന കാഴ്ചപാടുകളെ കുറിച്ചും, വിശദമായ ചര്‍ച്ചകളും, ആസൂത്രണങ്ങളും, സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബദ്ധിച്ചും, വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചും നിര്‍ണായകതീരുമാനങ്ങള്‍ കൈ കൊള്ളേണ്ടത് ഗ്രാമസഭകളിലാണ്. എന്നാല്‍ ഗ്രാമസഭ നടക്കുന്നതിന്റ് അറിയിപ്പ് യഥാസമയം അറിയിക്കുന്നില്ലന്ന ആക്ഷേപവും ശക്തമാണ്്.
ഗ്രാമസഭ അറിയിപ്പ് നല്‍കുന്നതിനായി അങ്കണവാടി വര്‍ക്കര്‍മാരെയും, കുടുംബശ്രീ അംഗങ്ങളെയും പല പഞ്ചായത്തുകളിലും ഉപയോഗപെടുത്തുന്നുണ്ടെങ്കിലും ഒരു വാര്‍ഡിലെ പകുതിയിലേറെ ആളുകള്‍ക്ക് യഥാസമയം ഗ്രാമസഭാ നോട്ടിസ് ലഭിക്കുന്നില്ല.
മൂന്ന് ദിവസം മുന്‍പ് എങ്കിലും ഗ്രാമസഭ ചേരുന്നത് സംബന്ധിച്ചുള്ള നോട്ട്‌സ് നല്‍കണമെന്നുണ്ട്. ഇതും പല പഞ്ചായത്തുകളിലും, വാര്‍ഡുകളിലും വഴിപാടായി മാറുന്നുഎന്നതാണ് യാഥാര്‍ത്ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."