ടവര്‍ കോപര്‍ കേബിള്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍
ബാലുശ്ശേരി: ടവര്‍ കേന്ദ്രീകരിച്ച് കേബിള്‍ മോഷ്ടിച്ചു വില്‍പന നടത്തുന്ന രണ്ടുപേര്‍ പിടിയില്‍. ടവര്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന തൊഴിലാളികളായ കോഴിക്കോട് ഫറോക്ക് ആറ്റിയാടത്ത് വീട്ടില്‍ സിയാസ് (37), പാലക്കാട് എണ്ണപ്പാടം നൊച്ചിപ്പുള്ളി വി. സന്തോഷ് (26) എന്നിവരെയാണ് ബാലുശ്ശേരി എരമംഗലം ടവര്‍ പരിസരത്തു മോഷണത്തിനിടെ ബാലുശ്ശേരി എസ്.ഐ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
നടുവണ്ണൂര്‍ ടവര്‍ പരിസരത്തു നിന്ന് ഇവര്‍ കേബിള്‍ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. 42 മീറ്ററോളം കേബിളുകള്‍ ഇവരില്‍ നിന്നു കണ്ടെടുത്തു. ടവറിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഇവര്‍ കോപ്പര്‍ കേബിളുകളാണു മുറിച്ചുമാറ്റി ചുരുങ്ങിയ വിലയ്ക്കു വില്‍പന നടത്തിവരുന്നത്. ടവറില്‍ നിന്നുള്ള കേബിള്‍ പ്രവര്‍ത്തനം തകരാറിലാകുന്നതു പതിവായതോടെ കമ്പനി അധികൃതര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ടവര്‍ പരിസരത്തു കണ്ട ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലിസിനു വിവരം നല്‍കിയത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണു സംഭവം തെളിഞ്ഞത്.
കമ്പനി തൊഴിലാളികളായതിനാല്‍ ടവറിനടുത്തേക്കു വരുമ്പോള്‍ സംശയിക്കാനിടയില്ലാത്തത് ഇവര്‍ക്കു കവര്‍ച്ചയ്ക്കു സഹായകമായി. അറസ്റ്റിലായ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."