മടക്കര തുറമുഖത്തെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കും
ഇടനിലക്കാര്‍ വില്‍പന തൊഴിലാളികളുടെ കുട്ടയില്‍ കൈയിട്ടുവാരുന്നതും ഹാര്‍ബറിനകത്ത് മുറിച്ചുവില്‍പന നടത്തുന്നതും ചില്ലറ വില്‍പന നടത്തുന്നതും നിയമവിധേയമല്ലെന്ന് ഫിഷറിസ് അധികാരികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി
ചെറുവത്തൂര്‍: മടക്കര തുറമുഖത്ത് വില്‍പനക്കാരുടെ കുട്ടയില്‍ കൈയിട്ടുവാരുന്ന ചൂഷണം അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം. ലേലം ചെയ്തെടുക്കുന്ന മത്സ്യത്തില്‍നിന്നു മീന്‍വാരിയെടുക്കുന്നതിനെതിരേ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ബോട്ട് ഉടമകളുടെയും യോഗത്തിലാണ് തുറമുഖത്തുനടക്കുന്ന നിയമലംഘന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഫിഷറിസ് ഡയറക്ടര്‍ കെ. അജിത നിര്‍ദേശം നല്‍കിയത്. മത്സ്യവുമായി ബോട്ട് തുറമുഖത്തെത്തിയാല്‍ ഇടനിലക്കാര്‍ ലേലം വിളിച്ചു മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കാറാണ് പതിവ്. എന്നാല്‍ ലേലം കൊണ്ടുകഴിഞ്ഞ മത്സ്യത്തില്‍നിന്ന് ഇടനിലക്കാരന്‍ ഒരുപിടി വാരി വെക്കുന്നു എന്നതാണു പരാതി.
ഇതിനെതിരേ മത്സ്യ വില്‍പനക്കാര്‍ രംഗത്തുവന്നു. തുറമുഖത്തിനകത്തെ ചില്ലറ വില്‍പനയും മീന്‍ മുറിച്ചുനല്‍കുന്നതും തങ്ങളുടെ തൊഴിലിനെ ബാധിക്കുന്നതായും വില്‍പന തൊഴിലാളികള്‍ പറയുന്നു. ഇടനിലക്കാര്‍ വില്‍പന തൊഴിലാളികളുടെ കുട്ടയില്‍ കൈയിട്ടുവാരുന്നതും ഹാര്‍ബറിനകത്ത് മുറിച്ചുവില്‍പന നടത്തുന്നതും ചില്ലറ വില്‍പന നടത്തുന്നതും നിയമവിധേയമല്ലെന്ന് ഫിഷറിസ് അധികാരികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന മുറിച്ചു വില്‍പനയും ചില്ലറ വില്‍പനയും അവസാനിപ്പിക്കണം. ചില്ലറ വില്‍പനക്കും വലിയ മീനുകള്‍ മുറിച്ചു കൊണ്ടുപോകാനുള്ള സൗകര്യത്തിനുമായി ഹാര്‍ബറിന് സമീപത്തായി ഫിഷ് ബൂത്ത് സ്ഥാപിച്ചു പ്രശ്നം പരിഹരിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."