കര്‍ഷകനുണരുമ്പോള്‍ ഇന്ത്യയുണരുന്നു
സംഘ്പരിവാര്‍ അധിനിവേശംകൊണ്ടും ഭരണകൂട ഭീകരതകൊണ്ടും ഹതാശരായി പേടിയുടെ പുതപ്പിനകത്ത് മരവിച്ചുപോയ ഒരു ജനതയുടെ സമരോത്സുകതയെച്ചൊല്ലി വീണ്ടും പ്രതീക്ഷയുണര്‍ത്തിയാണ് കര്‍ഷകസമരം ഡല്‍ഹിയിലെ ശൈത്യത്തിനുമേല്‍ അഗ്നി പടര്‍ത്തുന്നത്. ഷഹീന്‍ബാഗ് സമരത്തിനുശേഷം വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുള്ള ഈ സമരം മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കൊവിഡ് കാലത്ത് വന്‍ ബഹുജനാവലിയെ പങ്കെടുപ്പിച്ച് സമരങ്ങള്‍ നടക്കുകയില്ല എന്ന ധാരണ നേരത്തെ തന്നെ തിരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. അതിനു നമ്മള്‍ അഭിനന്ദിക്കേണ്ടത് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തന്നെയാണ്. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരെ പങ്കെടുപ്പിച്ചു റാലി നടത്തിയത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം ട്രാക്റ്റര്‍ ഓടിക്കുന്ന ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്ത്യയൊട്ടുക്ക് കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. പക്ഷേ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ കര്‍ഷക സമരത്തിന് തുടര്‍ച്ചയുണ്ടായില്ല. അത് രാഹുല്‍ ഗാന്ധിയുടെ പിഴവുകൊണ്ട് സംഭവിച്ചതുമല്ല. ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധിക്കാത്തവിധം ആഭ്യന്തര പ്രശ്‌നങ്ങള്‍കൊണ്ട് ശിഥിലമായ കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച മരവിപ്പാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നം. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കര്‍ഷകരെ പ്രക്ഷോഭ സമരങ്ങളിലേയ്ക്ക് ഉണര്‍ത്താന്‍ കഴിഞ്ഞില്ല. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയെതന്നെ അത് മാറ്റിമറിക്കുമായിരുന്നു. ഇപ്പോഴത്തെ കര്‍ഷകസമരം മറ്റൊരു പാഠം നല്‍കുന്നുണ്ട്. ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നേതാക്കളോ ആവശ്യമില്ല എന്ന പാഠം. സമരങ്ങളുടെ ചരിത്രവും അതുതന്നെയാണ്. ജനതയുടെ പ്രതിസന്ധികളില്‍നിന്ന് താനെ സമരങ്ങള്‍ രൂപപ്പെടും. ഒരുപക്ഷേ അതില്‍നിന്ന് ഒരു പുതുരാഷ്ട്രീയവും പിറക്കാം. ബ്രിട്ടിഷ് വിരുദ്ധ സമരത്തില്‍ നിന്നല്ലേ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉണ്ടായത്.
രാഹുല്‍ഗാന്ധി നയിച്ച കര്‍ഷക സമരത്തിന് തുടര്‍ച്ചകള്‍ ഇല്ലാതായപ്പോള്‍ മോദി ഭരണകൂടം ആശ്വാസം കൊണ്ടിരുന്നു. രാഹുല്‍ ഗാന്ധി നയിച്ച സമരത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താനും കഴിഞ്ഞില്ല. കൊവിഡ്കാലം മനുഷ്യരെ പൊതുവേ വിഷാദികളാക്കിയപ്പോള്‍ തെരുവുകള്‍ ഈ വിധം ഉണരുമെന്ന് ഭരണകൂടം കരുതിക്കാണില്ല. കെജ്‌രിവാളും സമരത്തെ അനുകൂലിച്ച് രംഗത്തുവന്നതോടെ മോദി ഭരണകൂടം കൂടുതല്‍ പ്രതിസന്ധിയിലായി. വിസ്മയകരമായിരുന്നു സമരക്കാരുടെ മുന്നേറ്റം. ഈ സമരത്തിന്റെ നേതൃത്വം ഏകരൂപമല്ല. എന്നിട്ടും അസാധാരണമായ സംഘടനാ പാടവം സമരമുഖത്ത് നമ്മള്‍ കണ്ടു. വിശക്കുന്നവന് അന്നം കൊടുക്കുന്ന കര്‍ഷകന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മണ്ണിന്റെ വീര്യമുണ്ടാവും. ഭൂമിയുടെ പ്രാര്‍ഥനയും കര്‍ഷകനൊപ്പമുണ്ടാവും. സമരത്തെ നേരിടാനുള്ള ഭരണകൂടത്തിന്റെ സര്‍വസന്നാഹങ്ങളെയും കര്‍ഷകര്‍ തകര്‍ത്തുകളഞ്ഞു. ഭരണകൂടത്തിന് കാണാന്‍ കഴിയാതെ പോയ ഒരു ഹോംവര്‍ക്ക് ഇതിന്റെ പിന്നിലുണ്ട്. മുമ്പ് ഇതുപോലൊരു സമരത്തിന് ഡല്‍ഹി സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത് 1988-ല്‍. മഹേന്ദ്രസിങ് ടികായത്തായിരുന്നു സമരനായകന്‍. ലക്ഷത്തോളം കര്‍ഷകരെ അദ്ദേഹം ബോട്ട്ക്ലബ് മൈതാനിയില്‍ അണിനിരത്തി. രാജീവ്ഗാന്ധി സര്‍ക്കാര്‍ ആ കര്‍ഷക പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി. ആ സമരവിജയത്തിനു മറ്റൊരു കാരണമുണ്ട്. താല്‍ക്കാലിക സമരമായിരുന്നില്ല അത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം എന്നതായിരുന്നു കര്‍ഷകര്‍ നല്‍കിയ മുന്നറിയിപ്പ്. എത്ര ദിവസം വേണമെങ്കിലും ബോട്ട് ക്ലബ് മൈതാനിയില്‍ പാര്‍ക്കാന്‍ സമരക്കാര്‍ തയാറായിരുന്നു. അതിനുവേണ്ട സന്നാഹങ്ങളുമായാണ് ഗ്രാമങ്ങളില്‍നിന്ന് കര്‍ഷകര്‍ ഡല്‍ഹി നഗരത്തിലെത്തിയത്. ഇപ്പോഴത്തെ സമരവുമായി ടികായത്ത് നേതൃത്വം നല്‍കിയ സമരത്തിനും ചില സാമ്യങ്ങള്‍ കാണാം. കരിമ്പിന് മെച്ചപ്പെട്ട വില കിട്ടണം, കറന്റ് ബില്ല് ഒഴിവാക്കണം എന്നതൊക്കെയാണ് അന്നത്തെ മുദ്രാവാക്യങ്ങള്‍.
മാസങ്ങളോളം ഡല്‍ഹിയില്‍ തമ്പടിക്കാനുള്ള സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ ഇപ്പോള്‍ ഡല്‍ഹിയിലെത്തിയത്. അതുതന്നെയാണ് ഭരണകൂടത്തെ പേടിപ്പിച്ചത്. ഇങ്ങനെയൊരു മുന്നേറ്റം ഒരിക്കലും മോദി പ്രതീക്ഷിച്ചിട്ടുമില്ല. ജനതയുണര്‍ന്നാല്‍ തകര്‍ന്നടിയുന്ന ഫാസിസമേ ഇന്ത്യയിലുള്ളൂ. ഭരണകൂടം എത്ര ദുര്‍ബലമാണ് എന്ന് തിരിച്ചറിയാനും കര്‍ഷകസമരം നമ്മെ പഠിപ്പിച്ചു. വീമ്പിളക്കുന്ന നെഞ്ചളവൊന്നുമില്ല മോദിയ്ക്ക്. ഇനി വേണ്ടതും ഇത്തരം സമരങ്ങള്‍ തന്നെയാണ്. ആവശ്യങ്ങള്‍ സര്‍ക്കാരിനെകൊണ്ട് അംഗീകരിപ്പിക്കുന്നതുവരെയുള്ള സമരം. യഥാര്‍ഥ സമരങ്ങള്‍ ജനതയുടെ വിമോചനത്തിന്റെ ഉത്സവമാണ്. മോദിയും അമിത്ഷായും കൊണ്ടുവന്ന എല്ലാ പേടികളും മായ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് തെരുവിലേക്കിറങ്ങാം. ജനകീയ സമരങ്ങള്‍ക്കു നേരെ പൊതുവേ ഭരണകൂടം ആരോപിക്കുന്നതൊക്കെ ഇപ്പോഴും സംഭവിച്ചു. സിക്കുകാര്‍ ഉള്ളതുകൊണ്ട് ഖലിസ്ഥാന്‍ തീവ്രവാദികള്‍. സിപി.ഐ.എം.എല്‍. ലിബറേഷന്‍ ഉള്ളതുകൊണ്ട് മാവോയിസ്റ്റുകള്‍. ഈ ആരോപണങ്ങള്‍ക്ക് മുനയില്ലാതായിരിക്കുന്നു. നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ പിന്തുണയും പുതിയ കര്‍ഷകസമരത്തിനുണ്ട്. യോഗേന്ദ്രയാദവും മേധാ പട്കറുമൊക്കെ സമരമുഖത്തെത്തി. ഇതൊക്കെ നല്ല സൂചനകളാണ്.
മോദി പറയുന്നത് ഒന്നും തന്നെ കര്‍ഷകര്‍ വിശ്വസിക്കുന്നില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നുണ പറയുന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹം. കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖല തീറെഴുതാനുള്ള നീക്കമാണ് പുതിയ കര്‍ഷക ബില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. പരമ്പരാഗത കര്‍ഷകര്‍ എന്ന വര്‍ഗ്ഗം തന്നെ ഇല്ലാതാവും. കോര്‍പറേറ്റുകള്‍ നമ്മുടെ കര്‍ഷകരെ വിഴുങ്ങിയാല്‍ ഭക്ഷ്യസുരക്ഷയെത്തന്നെ അത് ബാധിയ്ക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിലപേശി വില്‍ക്കാം. വന്‍ലാഭമുണ്ടാക്കാം എന്നൊക്കെ പറഞ്ഞ് അവരെ പറ്റിക്കുകയല്ലേ? നോട്ടുനിരോധനം വന്നപ്പോള്‍ മോദി പറഞ്ഞത് എന്താണെന്ന് നമുക്കറിയാം. വലിയ സൗഭാഗ്യം കൊണ്ടുവരും എന്നല്ലേ? പക്ഷേ സംഭവിച്ചത് മറിച്ചല്ലേ? ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ മണ്ടന്‍ തീരുമാനമായില്ലേ അത്? ഇന്നു നാം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുഴുവന്‍ നോട്ടു നിരോധനം സൃഷ്ടിച്ചതാണ്. പുതിയ കര്‍ഷക ബില്ല് കാര്‍ഷികമേഖലയെ തകര്‍ക്കും. താങ്ങുവിലതന്നെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മാത്രമല്ല പ്രസക്തമാവുന്നത്. കര്‍ഷക ആത്മഹത്യകളുടെ വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷമായി. മാറി മാറി വന്ന ഒരു സര്‍ക്കാരിനും കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ല. കര്‍ഷകരാണ് രാജ്യത്തിന്റെ യഥാര്‍ഥ നട്ടെല്ലെന്ന് തിരിച്ചറിഞ്ഞ് അവരെ സ്‌നേഹിക്കുകയും അവര്‍ക്കനുകൂലമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സര്‍ക്കാരും ഭാരതത്തില്‍ ഉണ്ടായില്ല. പുതിയ കാര്‍ഷിക ബില്ല് കര്‍ഷകരെ കടക്കെണിയില്‍പ്പെടുത്തുകയേ ഉള്ളൂ. ഏത് വിളയിറക്കണമെന്ന സ്വാതന്ത്ര്യം പോലും നഷ്ടമാവും. വില നിയന്ത്രിക്കുന്നത് പൂര്‍ണമായും കോര്‍പറേറ്റ് കമ്പനികളാവും. ബ്രിട്ടിഷ്ഭരണകാലത്ത് സംഭവിച്ച അതേ ദുരന്തം മോദി ഭരണകാലത്തും സംഭവിക്കുകയാണ്. അന്ന് ചമ്പാരനിലും മറ്റും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ വേറൊരു രീതിയില്‍ ആവര്‍ത്തിക്കുകയാണ്. ഈ സമരം ഒരേ സമയം മോദി സര്‍ക്കാരിനെതിരേയും കോര്‍പറേറ്റുകള്‍ക്ക് എതിരേയുമാണ്. കര്‍ഷകര്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന സ്വതന്ത്ര വിപണിയെന്ന മോഹവലയം ഒരു ചതിയാണ്. കര്‍ഷകര്‍ക്ക് അനുകൂലമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങാന്‍ ഇനി എളുപ്പമാവും സര്‍ക്കാരിന്.
ഷഹീന്‍ബാഗിനുശേഷം സ്ത്രീകളുടെ വന്‍ പങ്കാളിത്തം ഈ സമരത്തിനുണ്ടായി. ഇന്ത്യയൊട്ടുക്ക് ഈ സമരം പടരണം. പക്ഷേ കേരളത്തില്‍ ഒരു രാഷ്ട്രീയ സംഘടനയും കര്‍ഷക സമരത്തോട് അനുഭാവം പുലര്‍ത്തി തെരുവിലിറങ്ങിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് എന്ന ന്യായത്തില്‍ കര്‍ഷക സംഘടനകളും മൗനം പാലിച്ചു. തെരഞ്ഞെടുപ്പുകൊണ്ട് ബി.ജെ.പിയേയും സംഘ്പരിവാറിനേയും പ്രതിരോധിക്കാനാവില്ല. ബി.ജെ.പിക്കെതിരേ വോട്ടു ചെയ്താലും ബി.ജെ.പി തന്നെ വിജയിക്കുന്ന ചതിയുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കര്‍ഷകസമരം പല അടരുകളില്‍ പടരണം. തൊഴിലാളികളും ബഹുജനങ്ങളും തെരുവിലിറങ്ങണം. ജനതയുണര്‍ന്നാല്‍ സര്‍ക്കാര്‍ മുട്ടുകുത്തും. ഉറപ്പ്. നമുക്ക് വിജയിച്ചേ മതിയാവൂ. അതിജീവനത്തിന്റെ മാര്‍ഗം ഇനി സമരമാണ്, തെരഞ്ഞെടുപ്പല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."