21 വര്‍ഷം പഴക്കമുള്ള കേസിലേതുള്‍പ്പെടെ 11 വാറന്റ് പ്രതികള്‍ പിടിയില്‍
കാഞ്ഞങ്ങാട്: വിവിധ കേസുകളിലായി ഒളിവില്‍ കഴിയുന്ന 15 വാറന്റ് പ്രതികളെ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലിസ് അറസ്റ്റ് ചെയ്തു. ഡി.സി.ബി.ആര് ഡിവൈ.എസ്.പി ജെയ്സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പ്രതികള്‍ പിടിയിലായത്.
ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന് പരിധിയില്‍ പെട്ട അജാനൂര്‍ കടപ്പുറത്തെ പി. ജയന് (36 ), തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ഹാരിസ് (36 ), ഷംസുദ്ദീന് ( 32 ), കാഞ്ഞങ്ങാട് കടപ്പുറത്തെ സുമേഷ് (38 ), അടൂരിലെ മുഹമ്മദ് കുഞ്ഞി (33), മുതിയക്കാവിലെ സുനില്‍ കുമാര്‍ (40 ), മൂക്കുന്നത്തെ സക്കീര്‍ (33 ), ഉദുമ ബാരയിലെ ശശിധരന് (37 ), അരമങ്ങാനത്തെ പ്രസാദ് (38 ), പെരുമ്പളയിലെ മാധവന്, മടിക്കയിലെ അനില്‍കുമാര്‍ എന്നിവരെയാണ് പിടികൂടിയത്. ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്, കാഞ്ഞങ്ങാട് പ്രിന്‍സിപ്പല്‍ എസ്.ഐ സന്തോഷ് കുമാര്‍, ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍, നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്.ഐ എം.വി ശ്രീദാസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഇരുപതംഗ പൊലിസ് സംഘമാണ് പ്രതികളെ പിടി കൂടിയത്. ഇതില്‍ സുനില്‍ കുമാര്‍ 21 വര്‍ഷം മുമ്പത്തെ ഒരു കേസിലെ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുന്നത് നിമിത്തം കോടതിയില്‍ കേസ് കെട്ടിക്കിടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്ക്വാഡിനു രൂപം നല്കി തിരച്ചില്‍ ആരംഭിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."