റോഹിംഗ്യക്കെതിരായ നിലപാട്: മ്യാന്മാര്‍ നേതാവ് ഓങ് സാന്‍ സൂ കിയുടെ ബഹുമതി പൗരത്വം കാനഡ റദ്ദാക്കി
ഒട്ടാവ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ മ്യാന്മാര്‍ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള പ്രതികരണം ശക്തമാവുന്നു. ഓങ് സാന്‍ സൂ കിയുടെ സൈനിക അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ബഹുമതി സൂചകമായി നല്‍കിയിരുന്ന പൗരത്വം കാനഡ റദ്ദാക്കി.
സൂ കിയുടെ പൗരത്വം റദ്ദാക്കാന്‍ വേണ്ടി ഐകകണ്‌ഠേനയാണ് കനേഡിയന്‍ പാര്‍ലമെന്റ് വോട്ടുചെയ്തത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നത് കൂട്ടക്കൊലയാണെന്ന പ്രമേയം അംഗീകരിച്ച് ഒരാഴ്ചയ്ക്കു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
2007 ലാണ് സൂ കിക്ക് കാനഡ ഓണററി പൗരത്വം നല്‍കിയത്. ദീര്‍ഘകാലം മ്യാന്മറില്‍ വീട്ടുതടങ്കലില്‍ ആയതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, അധികാരത്തിലേറിയ ശേഷം ഓങ് സാന്‍ സൂകിയുടെ നിലപാട് മാറി. രാഖൈനില്‍ സൈനികര്‍ നടത്തിയ കടുത്ത ആക്രമണതേത്തുടര്‍ന്ന് ഏഴു ലക്ഷം പേര്‍ക്ക് നാടുവിട്ടോടേണ്ടി വന്നിട്ടും ഒരു പ്രതികരണവുമുണ്ടായില്ല.
സൈനികരുടെ നടപടിക്കൊപ്പം നില്‍ക്കുകയും സംഭവത്തെപ്പറ്റി യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളുകയും ചെയ്തു. 'വംശീയ കൂട്ടക്കൊലയുടെ പാഠപുസ്തകമാണ്' മ്യാന്മറില്‍ നടന്നതെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിനെ എതിര്‍ത്തു പറഞ്ഞു.
ഓങ് സാന്‍ സൂ കിക്കെതിരായ നടപടി റോഹിംഗ്യന്‍ കൂട്ടക്കൊലയിലെ മൗനം കാരണമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് ക്രിസ്റ്റിയ ഫ്രീലാന്റ് പറഞ്ഞു. റോഹിംഗ്യകള്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് തുടരുമെന്നും മ്യാമര്‍ സൈനിക ജനറലുമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. ഉത്തരവാദപ്പെട്ടവരെ അന്താരാഷ്ട്ര നിയമനടപടിക്കു മുന്നില്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."