രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് ഇ.ഡിയുടെ കത്ത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി. രവീന്ദ്രന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത്.
സംസ്ഥാനത്തെ എല്ലാ രജിസ്‌ട്രേഷന്‍ ഓഫീസുകളിലും പരിശോധന നടത്തി സ്വത്തുക്കളുടെ വിശദാംശം അറിയിക്കണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യാന്‍ ഹാജരാവാനാവശ്യപ്പെട്ട് രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ആദ്യതവണ കൊവിഡ് പൊസിറ്റീവായി ക്വാറന്റൈനില്‍ പോയ രവീന്ദ്രന്‍ കൊവിഡ് മുക്തനായശേഷം രണ്ടാമത് നോട്ടീസ് കിട്ടിയപ്പോള്‍ പോസ്റ്റ് കൊവിഡ് അസുഖങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രിയില്‍ അഡ്മിറ്റായി. ഇതിനുപിന്നാലെയാണ് രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി ഇ.ഡി അന്വേഷണം ആരംഭിച്ചത്. വടകരയിലെ ചില വ്യാപാര സ്ഥാപനങ്ങളിലും ഊരാളുങ്കല്‍ ലേബര്‍ കോ- ഓപറേറ്റീവ് സൊസൈറ്റിയിലും രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി ഇ.ഡി പരിശോധന നടത്തിയിരുന്നു.
രവീന്ദ്രന്റെ ഭാര്യ
ഊരാളുങ്കലില്‍
മണ്ണുമാന്തിയന്ത്രം
വാടകയ്ക്ക് നല്‍കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ഭാര്യക്ക് ഊരാളുങ്കല്‍ ലേബര്‍ കോ- ഓപറേറ്റീവ് സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. 80 ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ഇവര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്.
സൊസൈറ്റിയില്‍ ഇ.ഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്. നിക്ഷേപകരുടെ പട്ടികയില്‍ രവീന്ദ്രന്റെ പേരില്ലായിരുന്നു. ബന്ധുക്കളുടെ പേരില്‍ ഇടപാടുണ്ടോ എന്നും അന്വേഷിച്ചു. 2018ല്‍ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു. 80 ലക്ഷത്തിലധികം രൂപയാണ് ഇതിന്റെ വില.
മണിക്കൂറിന് 2500 രൂപ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടരവര്‍ഷമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായ ബാങ്ക് രേഖകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."