ഇ-ഫാര്‍മസി; രാജ്യവ്യാപകമായി ഫാര്‍മസി സമരം നടത്തി
കോഴിക്കോട്: ഓണ്‍ലൈനായി മരുന്നു വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ(ഇ-ഫാര്‍മസി) നയത്തിനെതിരേ രാജ്യവ്യാപകമായി മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധം. കേരളത്തില്‍ സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളും സമരത്തില്‍ പങ്കെടുത്തു.
എന്നാല്‍ മാവേലി, നീതി മെഡിക്കല്‍ സ്റ്റോറുകളെയും ആശുപത്രിയിലെ ഫാര്‍മസികളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്റെ (എ.കെ.സി.ഡി.എ) നേതൃത്വത്തിലാണ് ഫാര്‍മസി സമരത്തില്‍ കടയുടമകള്‍ പങ്കെടുത്തത്. കേരളത്തില്‍ സമരം മൂലം മരുന്നുക്ഷാമം ഇല്ലാതിരിക്കാന്‍ നടപടിയെടുത്തിരുന്നതായി എ.കെ.സി.ഡി.എ പ്രസിഡന്റ് എ.എന്‍ മോഹനന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ വില്‍ക്കാനുള്ള നയം രോഗികള്‍ക്ക് ഭീഷണിയാണെന്ന് സമരരംഗത്തുള്ളവര്‍ പറഞ്ഞു. മരുന്ന് വീട്ടിലെത്തുമെങ്കിലും എങ്ങനെ കഴിക്കണം. മറ്റുമരുന്നുകളുടെ ഒപ്പം കഴിക്കാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളൊന്നും രോഗിയെ ഉപദേശിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. രോഗിയുടെ ആരോഗ്യത്തിന് പ്രതികൂലമാകുന്നതാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു.
രാജ്യത്ത് 8.5 ലക്ഷം മരുന്നുകടകള്‍ സമരത്തില്‍ പങ്കെടുത്തുവെന്ന് ആള്‍ ഇന്ത്യ കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ. ഷിന്‍ഡെ പറഞ്ഞു. 1.25 ട്രില്യന്‍ രൂപയുടെ മരുന്നു വ്യാപാരമാണ് രാജ്യത്ത് നടക്കുന്നത്. പ്രധാനഗരങ്ങളില്‍ ഓണ്‍ലൈന്‍ മരുന്നു വിതരണക്കാര്‍ സൗജന്യമായി മരുന്നു എത്തിച്ചു നല്‍കുകയും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനികള്‍ കോടികളുടെ മുതല്‍ മുടക്കാണ് ഇന്ത്യയില്‍ നടത്തുന്നത്.
ഇത് തങ്ങളുടെ നിലനില്‍പിനെ ബാധിക്കുമെന്ന ഭീഷണിയിലാണ് മരുന്നുകടക്കാര്‍. മരുന്നിന്റെ നിര്‍മാണ വിലയും ചില്ലറ വിലയും തമ്മില്‍ വലിയ അന്തരം ഉള്ളതാണ് ഈ മേഖലയിലേക്ക് ഓണ്‍ലൈന്‍ മരുന്നു കച്ചവടക്കാരുടെ വരവിന് ഹേതുവാകുന്നത്. എത്ര ഡിസ്‌കൗണ്ട് നല്‍കിയാലും ഓണ്‍ലൈന്‍ മരുന്നു കച്ചവടക്കാര്‍ക്ക് ലാഭമാണുണ്ടാകുക. നഗരങ്ങളിലെ വലിയ വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങി നിരവധി ചെലവുകള്‍ ഓണ്‍ലൈന്‍ മരുന്നു കമ്പനികള്‍ക്കില്ല.
മരുന്നു ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ പാര്‍സലായി അടുത്ത ദിവസം തന്നെ വീട്ടിലെത്തിക്കുകയാണ് ഇവരുടെ രീതി. മാസത്തേക്ക് ഒന്നിച്ച് മരുന്നു വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ മരുന്ന് വീട്ടിലെത്തും. ഇ-ഫാര്‍മസി സംബന്ധിച്ച് ഈ മാസം കേന്ദ്ര സര്‍ക്കാര്‍ കരട് പുറത്തിറക്കിയിരുന്നു. ഇ-ഫാര്‍മസി സ്ഥാപനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് നല്‍കാനുള്ള തയാറെടുപ്പിലാണ്. ഇപ്പോള്‍ മരുന്നു ഷോപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് അനുമതി നല്‍കുന്നത്. ഇ-ഫാര്‍മസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒറ്റത്തവണ ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് എവിടെയും പ്രവര്‍ത്തിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."