ചിറകരിയാന്‍; ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെതിരേ
ലണ്ടന്‍: മൂന്നാം ലോകകപ്പ് ക്രിക്കറ്റ് കിരീടം തേടിയുള്ള ഇന്ത്യന്‍ കുതിപ്പിന് മുന്നില്‍ ഇനി വെറും രണ്ടു മത്സരങ്ങള്‍ മാത്രം. ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അവസാന മൂന്നിലേക്ക് കടക്കുമ്പോള്‍ ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലെത്തിയ ഇന്ത്യക്ക് ന്യൂസിലന്‍ഡ് മികച്ച എതിരാളികളാണെങ്കിലും ഇന്നത്തെ മത്സരം കൈപിടിയിലാക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് വിരാട് കോഹ്‌ലിയും സംഘവും. ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ ഏറ്റുമുട്ടുന്നത്.
എന്നാല്‍ ഇന്നത്തെ ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരത്തിന് മഴ കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ചെറിയൊരു ആശങ്കയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് കാലിടറിയത്. കിവീസ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റാണ് സെമിയില്‍ ഇന്ത്യയെ നേരിടാന്‍ എത്തുന്നത്. പക്ഷേ ഒരിക്കലും എഴുതിത്തള്ളാന്‍ പറ്റാത്ത ടീമാണ് അവര്‍. ഓപ്പണിങ് ക്ലിക്കായാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും ഭയക്കേണ്ട ടീമും കിവീസാണ്. ഇന്ത്യയെ സന്നാഹ മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ കരുത്തും അവര്‍ക്കുണ്ട്. മികച്ച ബൗളിങ് നിരയിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് അവര്‍ വെല്ലുവിളിയാകും. സെമിഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മികവു പുറത്തെടുത്ത ജഡേജയെ ആദ്യ ഇലവനിലുള്‍പ്പെടുത്താനാണ് സാധ്യത.
ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നാണ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറും പറഞ്ഞത്. ദിനേഷ് കാര്‍ത്തിക്കിന് പകരമായി ജഡേജ ഇറങ്ങുമെന്നാണ് പ്രതീക്ഷ. യുസ്‌വേന്ദ്ര ചഹലും കുല്‍ദീപും കളിക്കിറങ്ങുമ്പോള്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും പേസര്‍മാരാകും. അങ്ങനെ വന്നാല്‍ ജഡേജയില്‍നിന്ന് ലഭിക്കുന്ന ആറാം ബൗളറുടെ സേവനം വിലപ്പെട്ടതാകും.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഭുവനേശ്വറിനേക്കാള്‍ ഷമി കളിക്കാനാണ് സാധ്യത. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇതേ മൈതാനത്ത് മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയ പരിചയം ഷമിക്ക് ഉണ്ട്.
ബാറ്റിങ് കരുത്ത്
ഇന്ത്യക്ക് ടോപ് ഓര്‍ഡറില്‍ ശക്തമായ ബാറ്റിങ് നിരയാണ് ഉള്ളത്. രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇവര്‍ കിവീസിനെതിരേയുള്ള സന്നാഹ മത്സരത്തില്‍ പരാജയമായിരുന്നു. ഇവര്‍ ഫോം തുടര്‍ന്നാല്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടും. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മധ്യനിരയും ഇന്ന് തിളങ്ങുമെന്നാണ് പ്രതീക്ഷ.
മധ്യനിരയില്‍ മഹേന്ദ്ര സിങ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവര്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്തിയിട്ടില്ല. വലിയ സ്‌കോര്‍ അതുകൊണ്ട് ഇന്ത്യ നേടുക അസാധ്യമായിരിക്കും. അതേസമയം, ന്യൂസിലന്‍ഡിന്റെ മുന്‍നിര മോശം ഫോമിലാണ്. മാര്‍ട്ടിന്‍ ഗുപ്ടിലും കോളിന്‍ മണ്‍റോയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല.
ന്യൂസിലന്‍ഡ് നിരയില്‍ ജിമ്മി നീഷമും കെയ്ന്‍ വില്യംസണുമാണ് അപകടകാരികള്‍. മധ്യനിരയില്‍ റോസ് ടെയ്‌ലര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം മികവു പുലര്‍ത്തുന്നുണ്ട്. ഓള്‍ റൗണ്ടര്‍ ജിമ്മി നീഷമിന്റെ പ്രകടനം ഇന്ത്യക്ക് വെല്ലുവിളിയാകും. സാന്റ്‌നര്‍, ഗ്രാന്‍ഡ് ഹോം എന്നിവരും മികച്ച രീതിയില്‍ കളിക്കുന്നത് ന്യൂസിലന്‍ഡിന് പ്രതീക്ഷയേകും.
ബൗളിങ് കരുത്ത്
ഇന്ത്യയെ ബൗളിങ് കരുത്ത് കൊണ്ട് വീഴ്ത്താനായിരിക്കും കിവീസിന്റെ ശ്രമം. ട്രെന്‍ഡ് ബോള്‍ട്ട് നയിക്കുന്ന ബൗളിങ് നിര മികച്ച ഫോമിലാണ്. കട്ടിമീശക്കാരന്‍ ലോക്കി ഫെര്‍ഗൂസനാണ് ബൗളിങ്ങില്‍ ന്യൂസിലന്‍ഡിന്റെ തുരുപ്പ് ചീട്ട്. മാറ്റ് ഹെന്റിയെന്ന തകര്‍പ്പന്‍ ബൗളറും കൂട്ടിനുണ്ട്. മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ ഗ്രാന്‍ഡ് ഹോം എന്നിവരും മികച്ചവരാണ്. അതുപോലെ തന്നെ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങുന്ന ബൗളിങ് നിരയാണ് ഇന്ത്യയുടേയും ശക്തി.
നേര്‍ക്കുനേര്‍
ലോകകപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നാല് തവണ ഇന്ത്യയും മൂന്ന് തവണ ന്യൂസിലന്‍ഡും വിജയിച്ചിട്ടുണ്ട്. പക്ഷേ 2015ന് ശേഷം ന്യൂസിലന്‍ഡ് കരുത്തുറ്റ നിരയാണ്. അവരെ പരാജയപ്പെടുത്തുക എളുപ്പമല്ല. പക്ഷേ കിവീസിനെ ഇന്ത്യ വിലകുറച്ച് കണ്ടാല്‍ തോറ്റ് മടങ്ങേണ്ടി വരും. കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്‍ഡ് പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യ ഓര്‍ക്കുന്നത് നന്നായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."