ഖത്തർ ഉപരോധം; ചർച്ചയിൽ നിർണ്ണായക പുരോഗതിയെന്ന് സഊദിയും, പ്രതിസന്ധി ഉടൻ അവസാനിക്കും
റിയാദ്: ഖത്തർ പ്രതിസന്ധി പരിഹരിക്കെപ്പടുന്നതിനുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി സഊദി അറേബ്യയും. പ്രശ്‌ന പരിഹാരത്തിനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഉടൻ പരിഹരിക്കപ്പെടുമെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്നതിനിടയാണ് അനുകൂല നിലപാടിലൂടെ സഊദി ഇതേ കുറിച്ച് പ്രതികരിച്ചത്. സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നീക്കത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നു വെളിപ്പെടുത്തിയത്. കുവൈത്, അമേരിക്ക എന്നീ രാജ്യങ്ങളാണ് പ്രതിസന്ധി പരിഹരിക്കുന്നതിനു ചുക്കാൻ പിടിക്കുന്നത്.
ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുവൈതും യുഎസും നടത്തുന്ന ശ്രമങ്ങളെ സഊദി വിദേശ കാര്യ മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. പ്രതിസന്ധിക്ക് കാരണമായ നിലപാടുകളിലെ ഭിന്നത പരിഹരിക്കുന്നതിന് കുവൈത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിന് നടത്തുന്ന മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായ ചര്‍ച്ചകള്‍ വിജയകരമാണെന്ന് കുവൈത്ത് വിദേശ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ശൈഖ് അഹ്മദ് നാസിര്‍ അല്‍മുഹമ്മദ് അല്‍സ്വബാഹ് അറിയിച്ചതിനു പിന്നാലെയാണ് സഊദിയുടെ പ്രതികരണം.
Watch: #SaudiArabia's foreign minister says he is hopeful a deal could soon be reached to resolve a long-running dispute among #Gulf nations after recent progress in talks led by #Kuwait and the United States.https://t.co/lKn0ddU0Qt pic.twitter.com/qY8e4g3dFs
— Al Arabiya English (@AlArabiya_Eng) December 4, 2020
പ്രതിസന്ധി പരിഹാരത്തിന് അമേരിക്കൻ ശ്രമങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഈ പ്രദേശത്തിന്റെ നേട്ടത്തിനും നന്മയ്ക്കും വേണ്ടി ശ്രമം വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു. നിലവിലെ സാഹചര്യം അന്തിമ കരാറിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷയുണ്ട്. കരാറിന്റെ അന്തിമരൂപം അടുത്തുവെന്ന് എനിക്ക് ഒരു പരിധിവരെ ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌ന പരിഹാരത്തിനിടെ അനുകൂല നിലപാട് സ്വീകരിച്ച് സഊദി അറേബ്യയും രംഗത്തെത്തിയതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഖത്തർ പ്രതിസന്ധി അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മൂന്നു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന സഊദി-ഖത്തര്‍ പ്രതിസന്ധി ഉടൻ അവസാനിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ സജീവമാണെന്നും പ്രശ്ന പരിഹാരത്തിനായുള്ള പ്രാഥമിക കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് പ്രശ്‌ന പരിഹാരം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി സഊദി രംഗത്തെത്തിയത്. തീവ്രവാദ സഹായമടക്കം വിവിധ കാര്യങ്ങൾക്ക് ഖത്തർ സഹായം ചെയ്യുന്നുവെന്നതടക്കമുള്ള ആരോണങ്ങൾ ഉന്നയിച്ചാണ് 2017 ജൂണിൽ സഊദിയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ, യുഎഇ, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."